

ലോകസിനിമയെ മുള്‍മുനയില്‍ നിര്‍ത്തിയ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഹോളിവുഡിലെ അതികായന്മാരായ വാര്‍ണര്‍ ബ്രദേഴ്‌സിനെ സ്വന്തമാക്കി പാരാമൗണ്ട് സ്‌കൈഡാന്‍സ്. അവസാനനിമിഷം വരെ ഒപ്പത്തിനൊപ്പം പോരാടിയ ഒടിടി ഭീമന്‍ നെറ്റ്ഫ്ലിക്സ് പിന്മാറിയതോടെയാണ് വിനോദലോകത്തെ മഹാസംഗമത്തിനു വഴിയൊരുങ്ങിയത്.
വാര്‍ണര്‍ ബ്രദേഴ്‌സിനായി പാരാമൗണ്ട് മുന്നോട്ടുവെച്ച 31 ഡോളര്‍ (ഒരു ഷെയറിന്) എന്ന തുകയ്ക്ക് മുന്നില്‍ നെറ്റ്ഫ്ലിക്സ് പിന്മാറുകയായിരുന്നു. സാമ്പത്തികമായി ഇടപാട് ലാഭകരമല്ല എന്ന് വ്യക്തമാക്കി 27.75 ഡോളറിന്റെ തങ്ങളുടെ ഓഫര്‍ പിന്‍വലിച്ച് നെറ്റ്ഫ്ലിക്സ് ലേലത്തില്‍നിന്ന് പിന്മാറി. എന്നാല്‍ ഈ പിന്മാറ്റം നെറ്റ്ഫ്ലിക്സിന് വിപണിയില്‍ ഗുണകരമായെന്നാണ് റിപ്പോര്‍ട്ട്.
പാരാമൗണ്ട് സിഇഒ ഡേവിഡ് എലിസണും പിതാവും ശതകോടീശ്വരനുമായ ലാറി എലിസണും ചേര്‍ന്നാണ് നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഏകദേശം 45.7 ബില്യണ്‍ ഡോളറിന്റെ ഇക്വിറ്റിയും ബാങ്ക് വായ്പകളും ചേര്‍ത്താണ് വാര്‍ണര്‍ ബ്രദേഴ്‌സിനെ ഇവര്‍ കൈപ്പിടിയിലൊതുക്കുന്നത്.
സിനിമാ സ്റ്റുഡിയോകളായ പാരാമൗണ്ട് ആന്റ് വാര്‍ണര്‍ ബ്രദേഴ്‌സ്, സ്ട്രീമിങ് പ്ലാറ്റ്ഫോമുകളായ എച്ച്ബിഒ മാക്‌സ്, പാരാമൗണ്ട് പ്ലസ്, വാര്‍ത്താ ചാനലുകളായ സിഎന്‍എന്‍, സിബിഎസ് എന്നിവയാണു ലയിക്കുന്ന സ്ഥാപനങ്ങള്‍.
കരാര്‍ ഉറപ്പിച്ചെങ്കിലും കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ റോബ് ബോണ്ട ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. രണ്ട് വമ്പന്‍ സ്റ്റുഡിയോകള്‍ ഒന്നിക്കുന്നത് സിനിമ മേഖലയില്‍ കുത്തകയുണ്ടാക്കുമോ എന്ന പരിശോധന ഇനിയും നടക്കേണ്ടതുണ്ടെന്നാണ് എതിർക്കുന്നവരുടെ വാദം. എങ്കിലും ലയനം പൂര്‍ത്തിയായാല്‍ ലോക സിനിമയിലെ ഏറ്റവും കരുത്തുറ്റ സാമ്രാജ്യമായി ഇത് മാറും. 'ലോകത്തെ സ്വാധീനിക്കുന്ന കഥകള്‍ ഇനി ഒരുമിച്ച് പറയും' എന്നാണ് വാര്‍ണര്‍ സിഇഒ ഡേവിഡ് സാസ്ലാവ് ഈ ലയനത്തെക്കുറിച്ച് പ്രതികരിച്ചത്.