

ഓസ്കർ അവാർഡുകളിൽ 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' ആധിപത്യം. മികച്ച ചിത്രം, മികച്ച സംവിധായകൻ ഉൾപ്പെടെ ആറ് പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. ഏറ്റവും കൂടുതൽ നോമിനേഷനുകൾ (16 എണ്ണം) നേടിയ റയാൻ കൂഗ്ളറുടെ 'സിന്നേഴ്സ്' നാല് അവാർഡുകൾ നേടി. മൈക്കൽ ബി. ജോർദാൻ സിന്നേഴ്സിലെ പ്രകടനത്തിലൂടെ മികച്ച നടനായപ്പോൾ, ജെസി ബക്ലി (ഹാംനറ്റ്) മികച്ച നടിക്കുള്ള പുരസ്കാരവും സ്വന്തമാക്കി. ലോസ് ആഞ്ചലസിലെ ഡോൾബി തിയറ്ററിലായിരുന്നു 98-ാമത് അക്കാദമി പുരസ്കാരപ്രഖ്യാപനം.
പ്രധാന പുരസ്കാരങ്ങൾ
മികച്ച ചിത്രം: വൺ ബാറ്റിൽ ആഫ്റ്റർ അനദർ
സംവിധായകൻ: പോൾ തോമസ് ആൻഡേഴ്സൺ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)
നടൻ: മൈക്കൽ ബി. ജോർദാൻ (സിന്നേഴ്സ്)
നടി: ജെസി ബക്ലി (ഹാംനറ്റ്)
സഹനടൻ: ഷോൺ പെൻ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)
സഹനടി: ആമി മാഡിഗൻ (വെപ്പൺസ്)
അന്താരാഷ്ട്ര ചിത്രം: സെന്റിമെന്റൽ വാല്യൂ (നോർവേ)
അനിമേറ്റഡ് ചിത്രം: കെ-പോപ്പ്: ഡെമൺ ഹണ്ടേഴ്സ്
ഗില്ലെർമോ ഡെൽ ടോറോയുടെ 'ഫ്രാങ്കൻസ്റ്റൈൻ' സാങ്കേതിക വിഭാഗങ്ങളിൽ തിളങ്ങി. മികച്ച പ്രൊഡക്ഷൻ ഡിസൈൻ, കോസ്റ്റ്യൂം ഡിസൈൻ, മേക്കപ്പ് എന്നിങ്ങനെ മൂന്ന് അവാർഡുകളാണ് ഈ ചിത്രം നേടിയത്. ഒൻപത് നോമിനേഷനുകൾ ഉണ്ടായിരുന്നിട്ടും തിമോത്തി ഷാലമേയുടെ 'മാർട്ടി സുപ്രീമിന്' ഒരു പുരസ്കാരം പോലും കരസ്ഥമാക്കാൻ കഴിഞ്ഞില്ല. മികച്ച വിഷ്വൽ ഇഫക്ടിസിനുള്ള അവാർഡ് 'അവതാർ: ഫയർ ആൻഡ് ആഷ്' സ്വന്തമാക്കി.