

ബോളിവുഡിലും ഹോളിവുഡിലും ഒരേപോലെ തിളങ്ങിനില്‍ക്കുന്ന താരദമ്പതികളാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും. താരങ്ങളുടെ കുടുംബവിശേഷങ്ങള്‍ ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ട വാര്‍ത്തയാണ്. തങ്ങളുടെ പ്രണയത്തിന്റെ തുടക്കകാലത്തെ മനോഹരമായ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് നിക്ക്.
'തെറാപ്പസ് വിത്ത് ജേക്ക് ഷെയ്ന്‍' എന്ന പോഡ്കാസ്റ്റിലാണ് നിക്ക് തന്റെ ആദ്യ ഡേറ്റിനെക്കുറിച്ച് മനസുതുറന്നത്. ഹോളിവുഡ് ബൗളില്‍ നടന്ന 'ബ്യൂട്ടി ആന്‍ഡ് ദ ബീസ്റ്റ്' ലൈവ് കോണ്‍സെര്‍ട്ടിലേക്കായിരുന്നു നിക്ക് പ്രിയങ്കയെ ആദ്യമായി ക്ഷണിച്ചത്. എന്നാല്‍ കാര്യങ്ങള്‍ വിചാരിച്ചതുപോലെയാകുമോ എന്ന ചെറിയ ആശങ്ക നിക്കിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അതൊരു 'ഗ്രൂപ്പ് ഡേറ്റ്' ആയി മാറ്റാന്‍ അദ്ദേഹം തീരുമാനിച്ചു. പ്രിയങ്ക തന്റെ സുഹൃത്തിനെയും, നിക്ക് തന്റെ സഹോദരന്‍ കെവിന്‍ ജോനാസിനെയും മറ്റൊരു ദമ്പതികളെയും കൂടെക്കൂട്ടി.
ആ ദിവസം അവിസ്മരണീയമായിരുന്നുവെന്ന് നിക്ക് ഓര്‍ക്കുന്നു. ഷോയ്ക്ക് ശേഷം അവര്‍ ഒരുമിച്ച് ഭക്ഷണപാനീയങ്ങള്‍ പങ്കിട്ടു. നിക്ക് ഈ ഡേറ്റിനായി എത്രത്തോളം ആവേശത്തിലായിരുന്നുവെന്ന് മനസിലാക്കിയ സഹോദരന്‍ ജോ, ലോകത്തിന്റെ ഏതോ കോണിലിരുന്ന് അവര്‍ക്ക് മില്‍ക്ക് ഷോട്ടുകള്‍ അയച്ചുനല്‍കി. അതു തങ്ങളെ കൂടുതല്‍ സന്തോഷത്തിലാക്കിയെന്നും നിക്ക് കൂട്ടിച്ചേര്‍ത്തു. അന്നു രാത്രി മധുരമൂറുന്ന ഒരു ഫ്രഞ്ച് ചുംബനത്തോടെയാണ് ആ ഡേറ്റ് അവസാനിച്ചതെന്നും നിക്ക് വെളിപ്പെടുത്തുന്നു.
പൊതുവേദിയിലെ തിളക്കത്തിനപ്പുറം പ്രിയങ്ക എന്ന വ്യക്തിയുടെ ആഴത്തെക്കുറിച്ചാണ് നിക്ക് എപ്പോഴും വാചാലനാകുന്നത്. അടുത്തിടെ 'ദ ബ്ലഫ്' എന്ന തന്റെ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ജയ് ഷെട്ടിയുടെ പോഡ്കാസ്റ്റില്‍ പങ്കെടുത്തപ്പോള്‍, പ്രിയങ്കയ്ക്ക് ലഭിച്ച ഒരു കത്ത് ഏറെ ശ്രദ്ധേയമായിരുന്നു.
'മൈ ജാന്‍' (എന്റെ പ്രിയപ്പെട്ടവളെ) എന്ന് അഭിസംബോധന ചെയ്തുകൊണ്ട് നിക്ക് എഴുതിയ ആ കത്ത് വായിച്ച പ്രിയങ്ക വൈകാരികമായാണ് പ്രതികരിച്ചത്. 'ലോകം നിന്നെ കാണുന്നത് വലിയൊരു ഐക്കണ്‍ ആയാണ്. എന്നാല്‍ എനിക്ക് നീ ഒരു അമ്മയും മകളും സഹോദരിയും ഭാര്യയുമാണ്. നിന്റെ നിശബ്ദമായ നിമിഷങ്ങളിലെ പെരുമാറ്റമാണ് എന്നെ ഏറ്റവും അത്ഭുതപ്പെടുത്തുന്നത്'-നിക്ക് കത്തില്‍ കുറിച്ചു.
2018ല്‍ വിവാഹിതരായ പ്രിയങ്കയ്ക്കും നിക്കിനും 2022-ല്‍ മകള്‍ പിറന്നു. മാള്‍ട്ടി മേരി ചോപ്ര ജോനാസ് എന്നാണ് മകളുടെ പേര്. തിരക്കുകള്‍ക്കിടയിലും തങ്ങളുടെ പ്രണയത്തിന്റെ ആ പഴയ 'മാജിക്' നിലനിര്‍ത്താന്‍ താരദമ്പതികള്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട് എന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.