

പ്രശസ്ത ഹോളിവുഡ് പരമ്പരയായ 'ഗെയിം ഓഫ് ത്രോൺസി'ലൂടെ ശ്രദ്ധേയനായ നടനും എഴുത്തുകാരനുമായ മൈക്കൽ പാട്രിക് (35) അന്തരിച്ചു. മോട്ടോർ ന്യൂറോൺ ഡിസീസ് എന്ന ഗുരുതരമായ രോഗത്തോടുള്ള ദീർഘകാലത്തെ പോരാട്ടത്തിനൊടുവിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ഭാര്യ നവോമി ഷീഹാൻ ഇൻസ്റ്റഗ്രാമിലൂടെയാണ് മരണവാർത്ത സ്ഥിരീകരിച്ചത്.
രോഗാവസ്ഥ വഷളായതിനെത്തുടർന്ന് പത്ത് ദിവസം മുൻപാണ് അദ്ദേഹത്തെ നോർത്തേൺ അയർലൻഡ് ഹോസ്പിസിൽ പ്രവേശിപ്പിച്ചത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ സമാധാനപരമായിരുന്നു അന്ത്യമെന്ന് ഭാര്യ നവോമി കുറിച്ചു. 2023 ഫെബ്രുവരി ഒന്നിനാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. 'ഞങ്ങളുടെ ഹൃദയം തകർന്നിരിക്കുകയാണ്, വാക്കുകൾ കൊണ്ടു വിവരിക്കാനാവില്ല'-നവോമി പറഞ്ഞു.
രോഗബാധിതനായ ശേഷവും മറ്റുള്ളവർക്ക് പ്രചോദനമായിരുന്നു മൈക്കൽ എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും കുടുംബവും ഓർക്കുന്നു. രോഗാവസ്ഥ മൂർച്ഛിച്ചപ്പോൾ ശ്വസനസഹായത്തിനായി ട്രാക്കിയോസ്റ്റമി ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ നിർദേശിച്ചിരുന്നെങ്കിലും അദ്ദേഹം അത് നിരസിച്ചിരുന്നു. മൈക്കലിന്റെ ചികിത്സയ്ക്കും പരിചരണത്തിനുമായി വലിയ രീതിയിലുള്ള ജനകീയ പിന്തുണ ലഭിച്ചിരുന്നു. 2025 നവംബറിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ 1.2 കോടി രൂപ സമാഹരിച്ചിരുന്നു.
ആരോഗ്യപ്രശ്നങ്ങൾക്കിടയിലും ജീവിതത്തെ ക്രിയാത്മകമായി സമീപിച്ച വ്യക്തിയായിരുന്നു മൈക്കൽ. അയർലൻഡ് സ്വദേശിയായ അദ്ദേഹം 'ഗെയിം ഓഫ് ത്രോൺസി'ന് പുറമെ നിരവധി നാടകങ്ങളിലും ടെലിവിഷൻ പരിപാടികളിലും സജീവമായിരുന്നു.