

പ്രശസ്ത സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്റെ ഏറ്റവും പുതിയ ചിത്രമായ 'ദ് ഒഡീസി' റിലീസ് ചെയ്ത് ഒരാഴ്ച തികയും മുന്‍പേ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ചോര്‍ന്നു.. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ ഉയര്‍ന്ന ക്വാളിറ്റിയുള്ള ചിത്രത്തിന്റെ എച്ച്ഡി പതിപ്പാണ് വ്യാജമായി പ്രചരിച്ചത്.
എക്‌സ് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട ചിത്രം നീക്കം ചെയ്യുന്നതിന് മുമ്പ്, വെറും രണ്ടര മണിക്കൂറിനുള്ളില്‍ 21 ലക്ഷത്തിലേറെ ആളുകള്‍ കണ്ടതായാണു വിവരം. പകര്‍പ്പവകാശ ലംഘനം ചൂണ്ടിക്കാട്ടി ഉടന്‍ തന്നെ പ്രസ്തുത പോസ്റ്റും അക്കൗണ്ടും നീക്കം ചെയ്തതായി നിര്‍മാതാക്കളായ യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് അറിയിച്ചു. അനധികൃതമായി ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
ഗ്രീക്ക് ഇതിഹാസ കഥാപാത്രമായ ഒഡീസിയസിന്റെ കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ മാറ്റ് ഡാമണ്‍ ആണ് നായകനായി എത്തുന്നത്. ആനി ഹാത്ത്വേ, ടോം ഹോളണ്ട്, സെന്‍ഡയ, റോബര്‍ട്ട് പാറ്റിന്‍സണ്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
വ്യാജപതിപ്പ് പ്രചരിച്ചെങ്കിലും ബോക്‌സ് ഓഫീസില്‍ സിനിമയുടെ കുതിപ്പിന് ഒട്ടും മങ്ങലേറ്റിട്ടില്ല. റിലീസ് ചെയ്ത് രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ ആഗോളതലത്തില്‍ 600 മില്യണ്‍ ഡോളറിലധികം (ഏകദേശം 5000 കോടിയിലധികം രൂപ) കളക്ഷന്‍ നേടി ചിത്രം മികച്ച മുന്നേറ്റം തുടരുകയാണ്.