

തിയേറ്ററുകളില്‍ റീ-റിലീസിനൊരുങ്ങുന്ന 'അവഞ്ചേഴ്‌സ് എന്‍ഡ്ഗെയിം: എന്‍കോര്‍' എന്ന ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങളും, 2019-ലെ ആദ്യ റിലീസ് കാലത്തെ വൈകാരിക നിമിഷങ്ങളും പങ്കുവെച്ച് സംവിധായകരായ റൂസോ സഹോദരങ്ങള്‍. വരാനിരിക്കുന്ന 'അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ' സിനിമയ്ക്ക് മുന്നോടിയായി ചില പുതിയ രംഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ചിത്രം വീണ്ടും സ്‌ക്രീനുകളില്‍ എത്തുന്നത്.
റീ-റിലീസിന് മുന്നോടിയായി ജോ റൂസോയും,ആന്റണി റൂസോയും പങ്കുവെച്ച കുറിപ്പില്‍, തങ്ങളുടെ കരിയറിലെ ഏറ്റവും വൈകാരികമായ നിമിഷം 2019-ല്‍ 'അവഞ്ചേഴ്‌സ്: എന്‍ഡ്‌ഗെയിം' ആദ്യമായി തിയേറ്ററുകളില്‍ എത്തിയ രാത്രിയായിരുന്നുവെന്ന് ഓർക്കുന്നു. ഹാളിലെ പ്രേക്ഷകരുടെ പ്രതികരണങ്ങളും കൈയടിയും കരച്ചിലും പിന്‍നിരയില്‍ നിന്ന് നേരിട്ട് കണ്ടപ്പോള്‍ ഉണ്ടായ അനുഭവം വാക്കുകള്‍ക്ക് അപ്പുറമായിരുന്നുവെന്നും തങ്ങളുടെ കണ്ണുകളും അന്ന് നിറഞ്ഞിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
ഈ ചിത്രങ്ങള്‍ കേവലം ഒടിടിയിലോ ലിവിങ് റൂമുകളിലോ മാത്രം കണ്ടു ശീലിച്ച പുതിയൊരു തലമുറയ്ക്ക് മുന്നിലേക്ക്, ബിഗ് സ്‌ക്രീന്‍ അനുഭവം വീണ്ടും നല്‍കാനാണ് ഇത്തവണയും തങ്ങള്‍ തിയേറ്ററുകളിലേക്ക് എത്തുന്നതെന്ന് സംവിധായകര്‍ പറഞ്ഞു. കൂടാതെ, സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന രംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മറ്റുള്ളവര്‍ക്കായി മുന്‍കൂട്ടി വെളിപ്പെടുത്തി സര്‍പ്രൈസ് നഷ്ടപ്പെടുത്തരുതെന്നും പ്രേക്ഷകരോട് അവര്‍ അഭ്യര്‍ഥിച്ചു.