

മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിന്റെ അടുത്ത വമ്പന്‍ റിലീസായ 'അവഞ്ചേഴ്സ്: ഡൂംസ്ഡേ' കാണുന്നതിന് മുന്‍പ് അഞ്ചുവര്‍ഷം മുമ്പിറങ്ങിയ 'അവഞ്ചേഴ്സ്: എന്‍ഡ്ഗെയിം' നിര്‍ബന്ധമായും വീണ്ടും കണ്ടിരിക്കണമെന്ന് സംവിധായകരിലൊരാളായ ജോ റൂസോ. എന്‍ഡ്ഗെയിമിന്റെ പ്രത്യേക തിയേറ്റര്‍ റീ-റിലീസായ 'അവഞ്ചേഴ്സ്: എന്‍ഡ്ഗെയിം എന്‍കോര്‍' ഡൂംസ്ഡേയുടെ കഥയിലേക്ക് കൃത്യമായ ഒരു പാലമായിരിക്കുമെന്നും പ്രേക്ഷകര്‍ക്ക് ഇത് ഒഴിവാക്കാനാവാത്ത അനുഭവമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സെപ്റ്റംബര്‍ 25-നാണ് എന്‍ഡ്ഗെയിം വീണ്ടും തിയേറ്ററുകളില്‍ എത്തുന്നത്. യഥാര്‍ഥ പതിപ്പിനേക്കാള്‍ നാല് മിനിറ്റ് ദൈര്‍ഘ്യം കൂടുതലുള്ള ഈ പതിപ്പില്‍ ഡൂംസ്ഡേയുടെ പ്രത്യേക പ്രിവ്യൂവും അധിക രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
'എന്‍ഡ്ഗെയിമി'ല്‍ നിന്ന് 'ഡൂംസ്ഡേ'യിലേക്കുള്ള കഥയുടെ സ്വാഭാവികമായ തുടര്‍ച്ച ഇതിലൂടെ മനസിലാക്കാന്‍ സാധിക്കുമെന്ന് സംവിധായക ജോഡികളായ റൂസോ സഹോദരന്മാര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം റീ-റിലീസ് ചെയ്യും.
ഡിസംബര്‍ 18-നാണ് അവഞ്ചേഴ്സ്: ഡൂംസ്ഡേ തിയേറ്ററുകളില്‍ എത്തുന്നത്. റോബര്‍ട്ട് ഡൗണി ജൂനിയര്‍ ഡോക്ടര്‍ ഡൂം എന്ന വില്ലന്‍ കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ക്രിസ് ഹെംസ്വര്‍ത്ത്, ക്രിസ് ഇവാന്‍സ്, ആന്റണി മാക്കി, പോള്‍ റൂഡ്, സെബാസ്റ്റ്യന്‍ സ്റ്റാന്‍, ഫ്‌ളോറന്‍സ് പ്യൂ തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്നുണ്ട്.