

റൂസോ സഹോദരന്മാര് സംവിധാനം ചെയ്യുന്ന 'അവഞ്ചേഴ്സ്: ഡൂംസ്ഡേ'യില്‍ കേറ്റ് ബിഷപ്പ് എന്ന കഥാപാത്രമായി ഹെയ്ലി സ്റ്റെയ്ന്ഫെല്ഡ് വീണ്ടും എത്തും. ഹോക്ക്ഐ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകാനുള്ള യുവ വില്ലാളിയുടെ യാത്രയിലെ മറ്റൊരു സുപ്രധാന ചുവടുവയ്പ്പായാണ് തിരിച്ചുവരവ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയില്‍ ഡിസംബര്‍ 17-ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കെയാണ് പ്രഖ്യാപനം പുറത്തുവന്നത്.
2021-ല്‍ പുറത്തിറങ്ങിയ ഡിസ്നി സീരീസായ 'ഹോക്ക്ഐ'യിലൂടെയാണ് കേറ്റ് ബിഷപ്പായി ഹെയ്ലി സ്റ്റെയ്ന്ഫെല്ഡ് മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സില് (എംസിയു) അരങ്ങേറ്റം കുറിച്ചത്. ജെറമി റെന്നര്‍ അവതരിപ്പിച്ച ക്ലിന്റ് ബാര്‍ട്ടനെ ആരാധിക്കുന്ന, അമ്പെയ്ത്തില്‍ മികച്ച വൈദഗ്ധ്യമുള്ള കഥാപാത്രമായാണ് കേറ്റിനെ സീരീസില്‍ അവതരിപ്പിച്ചത്. പിന്നീട് ഇരുവരും ഒന്നിക്കുകയും, ബാര്‍ട്ടന്റെ മാര്‍ഗനിര്‍ദേശത്തില്‍ കേറ്റ് സ്വന്തം നിലയില്‍ ഹീറോയായി വളരുകയും ചെയ്തു.
'ഹോക്ക്ഐ' സീരീസ് അവസാനിച്ചത്, 2011-ലെ 'തോര്‍' മുതല്‍ ഒറിജിനല്‍ അവഞ്ചേഴ്സില്‍ അംഗമായ ക്ലിന്റ് ബാര്‍ട്ടന്റെ പിന്‍ഗാമിയായി കേറ്റ് ബിഷപ്പിനെ ഉയര്‍ത്തിക്കാട്ടിക്കൊണ്ടായിരുന്നു. തുടര്‍ന്ന് 2023-ല്‍ പുറത്തിറങ്ങിയ 'ദ് മാര്‍വല്‍സ്' എന്ന ചിത്രത്തിന്റെ പോസ്റ്റ്-ക്രെഡിറ്റ് സീനിലാണ് സ്റ്റെയ്ന്ഫെല്ഡ് അവസാനമായി എംസിയുവില്‍ പ്രത്യക്ഷപ്പെട്ടത്. യുവ സൂപ്പര്‍ഹീറോകളുടെ പുതിയൊരു ടീം രൂപവത്കരിക്കുന്നത് സംബന്ധിച്ച് ഇമാന് വെല്ലാനി അവതരിപ്പിച്ച കമലാ ഖാന് കേറ്റിനെ സമീപിക്കുന്ന രംഗമായിരുന്നു അത്.
ഹെയ്ലി സ്റ്റെയ്ന്ഫെല്ഡിനെ ഉള്‍പ്പെടുത്തിയ വീഡിയോയിലൂടെ മാര്‍വല്‍ സ്റ്റുഡിയോസും ഡിസ്നി ആനിമേഷനും ചേര്‍ന്നാണ് തിരിച്ചുവരവ് സ്ഥിരീകരിച്ചത്. 'അവഞ്ചേഴ്സ്: ഡൂംസ്ഡേ'യില്‍ തിരിച്ചെത്തുന്നതിന് മുമ്പ് ഡിസ്നിയുടെ 'ഹെക്സഡ്' എന്ന ചിത്രത്തില്‍ ഹെയ്ലി സ്റ്റെയ്ന്ഫെല്ഡിനെ കാണാമെന്ന കുറിപ്പോടെയാണ് മാര്‍വല്‍ പോസ്റ്റ് പങ്കുവെച്ചത്. കേറ്റ് ബിഷപ്പ് ഔദ്യോഗികമായി ഹോക്ക്ഐ എന്ന പേര് സ്വീകരിക്കുമോ എന്ന് മാര്‍വല്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഭാവിയിലെ മാര്‍വല്‍ പ്രോജക്ടുകളില്‍ കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം ലഭിക്കാനുള്ള സാധ്യതയാണുള്ളത്.
അതേസമയം, ക്ലിന്റ് ബാര്ട്ടന് അഥവാ ഹോക്ക്ഐ ആയി താന്‍ 'അവഞ്ചേഴ്സ്: ഡൂംസ്ഡേ'യില്‍ ഉണ്ടാകില്ലെന്ന് ജെറമി റെന്നര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ലിവര്‍പൂള്‍ കോമിക് കോണില്‍ സംസാരിക്കവേ, മാര്‍വല്‍ തന്നെ സമീപിച്ചിട്ടില്ലെന്നും താനില്ലാതെ അവഞ്ചേഴ്സ് ഒരുപക്ഷേ തോറ്റുപോകുമെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞിരുന്നു. എന്നാല്‍, ചിത്രത്തില്‍ കേറ്റ് ബിഷപ്പിന്റെ കഥാപാത്രത്തിന്റെ മുന്നേറ്റത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ മാര്‍വല്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.