

ജയിംസ് കാമറൂണിന്റെ സയൻസ് ഫിക്ഷൻ ഇതിഹാസം 'അവതാർ: ഫയർ ആൻഡ് ആഷ്' ഡിസംബർ 19ന് റിലീസ് ചെയ്യും. മലയാളത്തിലും ചിത്രം കാണാം. എന്നാൽ, പ്രതീക്ഷിച്ചതുപോലെ മുൻകൂർ ബുക്കിങ് അവതാർ മൂന്നാം ഭാഗത്തിനു ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. രണ്ടാംഭാഗമായ അവതാർ: വേ ഓഫ് വാട്ടറിന്റെ ഓപ്പണിങ് റെക്കോഡിനേക്കാൾ കുറവാണ് രേഖപ്പെടുത്തുന്നത്. രണ്ടാം ഭാഗം 2022ൽ ഏകദേശം 50 കോടി നേടിയിരുന്നു. ഇത് ഇന്ത്യയിൽ ഒരു ഹോളിവുഡ് ചിത്രത്തിനു ലഭിക്കുന്ന രണ്ടാമത്തെ വലിയ തുടക്കമായിരുന്നു.
മലയാളത്തിനു പുറമെ, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ പതിപ്പും റിലീസ് ചെയ്യും. തിങ്കളാഴ്ച ഉച്ചവരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ ചിത്രത്തിന്റെ പ്രീ-സെയിൽസ് 'ദി വേ ഓഫ് വാട്ടറി'ന്റെ ആദ്യ ദിവസത്തിന്റെ 60 ശതമാനം പിന്നിലാണ്. എന്നിരുന്നാലും, ഈ വർഷം ഹോളിവുഡ് ചിത്രത്തിന് ഇന്ത്യയിൽനിന്നു ലഭിക്കുന്ന ഉയർന്ന കളക്ഷനാണിത്. റിലീസ് ദിവസം വരെ നിലവിലെ സ്ഥിതി തുടർന്നാൽ, 'ഫയർ ആൻഡ് ആഷ്' ഇന്ത്യയിൽനിന്ന് 30-35 കോടി ഗ്രോസ് കളക്ഷൻ നേടാൻ സാധ്യതയുണ്ട്. ബോക്സ് ഓഫീസിൽ മുന്നേറുന്ന രൺവീർ സിങ്ങിന്റെ ധുരന്ധർ എന്ന ചിത്രം, അവതാർ മൂന്നാംഭാഗത്തെ ബാധിക്കും, പ്രത്യേകിച്ച് വടക്കേ ഇന്ത്യയിൽ.
റിലീസിന് മുന്നോടിയായി, രാജ്യവ്യാപകമായി ഐമാക്സ് തിയറ്ററുകൾ അവതാർ പ്രപഞ്ചത്തെ അടിസ്ഥാനമാക്കി രൂപകല്പന ചെയ്ത തീം ടിക്കറ്റ് കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് അവതാറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെനിന്നു ലഭിക്കും. സാം വർത്തിംഗ്ടൺ, സോയ് സാൽഡാന എന്നിവർ- ജെയ്ക്ക് സള്ളി, നെയ്തിരി കഥാപാത്രങ്ങളായി വീണ്ടും ഒന്നിക്കുന്നു. അവതാർ ആദ്യഭാഗം (2009) ആഗോള ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത സിനിമയാണ്. അതേസമയം തുടർച്ചയായ അവതാർ: ദി വേ ഓഫ് വാട്ടർ (2022) 2.3 ബില്യൺ ഡോളറിലധികം വരുമാനം നേടി. ആ വർഷത്തെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രമായി മാറുകയും ചെയ്തു. അവതാർ നാല്, അഞ്ച് ഭാഗങ്ങൾ 2029 ലും 2031 ലും പുറത്തിറങ്ങുമെന്നാണ് അണിയറക്കാർ പുറത്തുവിടുന്ന വിവരം.