
നീല അന്യഗ്രഹജീവികളിൽനിന്നും ബില്യൺ ഡോളർ ബോക്സ് ഓഫീസ് കണക്കുകളിൽനിന്നും മാറിച്ചിന്തിച്ച് ലോകോത്തര സംവിധായകൻ ജെയിംസ് കാമറൂൺ. ''ടൈറ്റാനിക്ക്', 'അവതാർ' എന്നീ ചിത്രങ്ങൾ ഒരുക്കിയ കാമറൂൺ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ദീർഘകാല സഹപ്രവർത്തകനായ ചാൾസ് പെല്ലെഗ്രിനോയുടെ 'ഗോസ്റ്റ്സ് ഓഫ് ഹിരോഷിമ' എന്ന നോവലാണ് കാമറൂണിന്റെ അടുത്ത ചലച്ചിത്രവിസ്മയം.
15 വർഷത്തിനു ശേഷം കാമറൂണിന്റെ ആദ്യത്തെ 'അവതാർ' ഇതര സിനിമയാണിത്. ഫാന്റസിക്കപ്പുറം ഗൗരവമേറിയ വിഷയമാണ് കാമറൂൺ സ്വീകരിക്കുന്നത്. അദ്ദേഹം ആ ഉത്തരവാദിത്തത്തെ നിസാരമായി കാണുന്നില്ല. ലോകത്തിലെ ആദ്യത്തെ ആണവ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ആണവയുദ്ധത്തിന്റെ വേട്ടയാടുന്ന ഓർമപ്പെടുത്തലായിരിക്കും കാമറൂണിന്റെ സിനിമ. ബോംബാക്രമണത്തിന്റെ 80-ാം വാർഷികമായ ഇത്തവണത്തെ ഹിരോഷിമാദിനത്തിലായിരുന്നു പുസ്തകം പുറത്തിറങ്ങിയത്. അതിനൊപ്പമായിരുന്നു കാമറൂണിന്റെ പ്രഖ്യാപനം.
'ടൈറ്റാനിക്കി'നു ശേഷം താൻ കണ്ട ഏറ്റവും ശക്തമായ കഥകളിൽ ഒന്നാണ് 'ഗോസ്റ്റ്സ് ഓഫ് ഹിരോഷിമ' എന്ന് കാമറൂൺ പറഞ്ഞു. ചാൾസ് പെല്ലെഗ്രിനോയുടെ അസാധാരണമായ പുസ്തകം ചലച്ചിത്രാവിഷ്കാരം നടത്തുന്നതിൽ ആവേശത്തിലാണ്. മികച്ച കഥകളാണ് തന്നെ ആകർഷിക്കുന്നതെന്നും കാമറൂൺ പറഞ്ഞു. 'ടൈറ്റാനിക്കി'ൽ ഒരുമിച്ച് പ്രവർത്തിച്ചതു മുതൽ കാമറൂണിന് പെല്ലെഗ്രിനോയുമായി അടുത്ത ബന്ധമുണ്ട്. അവർ പിന്തുടരുന്ന പൊതുവായ ചിന്തകളെക്കുറിച്ച് പലപ്പോഴും സംസാരിക്കാറുമുണ്ട്.
അതേസമയം, പണ്ടോറയുടെ ആരാധകർ വിഷമിക്കേണ്ടതില്ല. 2024 ൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന 'അവതാർ: ഫയർ, ആഷ്' ഈവർഷം ഡിസംബർ 19ന് പുറത്തിറങ്ങും. അടുത്ത അധ്യായങ്ങൾ - അവതാർ 4 ഉം അവതാർ 5 ഉം- യഥാക്രമം 2029 ലും 2031 ലും റിലീസ് ചെയ്യാനാണ് തീരുമാനം. പറക്കുന്ന ബാൻഷീകളിലേക്കും തിളങ്ങുന്ന കാടുകളിലേക്കും മടങ്ങുന്നതിന് മുമ്പ്, കാമറൂൺ ഹിരോഷിമയിൽ ജീവിക്കുന്ന പ്രേതങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയാണ്; 'ഗോസ്റ്റ്സ് ഓഫ് ഹിരോഷിമ' യിലൂടെ..!