ഗബ്ബർ സിങ്ങും ജോർജ് സാറും-മാനംമുട്ടുന്ന കഥാപാത്രം നല്കുന്ന മുൾക്കിരീടം...അതുമായി പ്രകാശ് വർമ എങ്ങനെ തുടരും?
ഇന്ത്യൻ ക്ലാസിക് ചിത്രമായ 'ഷോലെ' പുറത്തിറങ്ങിയിട്ട് അമ്പതുവർഷം പിന്നിടുന്നു. സിനിമാപ്രേക്ഷകരുടെ എക്കാലത്തെയും ഹരമാകാൻ കഴിഞ്ഞ അപൂർവ ചിത്രമാണത്.
അന്തരിച്ച പ്രശസ്ത സംവിധായകൻ കെ.ജി ജോർജ് ഒരിക്കൽ പറഞ്ഞു- 'ക്ലാസിക് ആയി മാറിയ ലക്ഷണമൊത്ത ഒരു കമേഴ്സ്യൽ സിനിമയാണ് ഷോലെ. അതിൽ എന്നെ ആകർഷിച്ച ഒരു ഘടകം പറയാം. ആ സിനിമയുടെ ഓരോ ഫ്രെയിമിനു പിന്നിലും ഒരു സംവിധായകനെ കാണാം. ആ സിനിമയുടെ വിജയത്തിന് ഇതിനപ്പുറം ഒരു കാരണവും ഞാൻ കാണുന്നില്ല.'
കെ.ജി ജോർജിന്റെ ഈ അഭിപ്രായത്തോട് യോജിപ്പും വിയോജിപ്പും ഉണ്ടാവാം. അത് മറ്റൊരു വിഷയം. എന്നാൽ ഇവിടെ ചിന്തിക്കുന്നത് 'ഷോലെ'യിലൂടെ ഉയർന്നുവന്ന ഒരു നടനെക്കുറിച്ചാണ്. സഞ്ജീവ് കുമാറും ധർമേന്ദ്രയും അമിതാഭ് ബച്ചനും തകർത്ത് ആടിയപ്പോൾ അതിനു മുകളിലേക്ക് പ്രകടനം കൊണ്ട് കയറിപ്പോയ അംജദ് ഖാനാണ് ഷോലെയുടെ ഏറ്റവും വലിയ കണ്ടെത്തൽ.
രമേഷ് സിപ്പി എന്ന സംവിധായകപ്രതിഭ അംജദ് ഖാനെ അവതരിപ്പിക്കാൻ കാണിച്ച ആ സാഹസികത ഒന്നുമാത്രം മതി, കെ.ജി ജോർജിന്റെ അഭിപ്രായം ശരിയാണെന്ന് വിലയിരുത്താൻ. പുതുമുഖ വില്ലൻ, ഇന്ത്യൻ സിനിമാലോകം മുഴുവൻ ഒറ്റച്ചിത്രത്തിലൂടെ തട്ടിയെടുത്തു. ഗബ്ബർസിങ് എന്ന വില്ലൻ കഥാപാത്രം സൃഷ്ടിച്ച പ്രകമ്പനം 50 വർഷങ്ങൾക്കിപ്പുറവും നിലനിൽക്കുന്നുണ്ട്, പ്രേക്ഷക മനസ്സുകളിൽ. ആദ്യത്തെ പാൻ ഇന്ത്യൻ വില്ലൻ അംജദ് ഖാൻ ആണെന്ന് പറയാം. ഗബ്ബർ സിങ്ങിന്റെ സംഭാഷണങ്ങൾ ഉരുവിട്ടുപഠിച്ചത് ഉത്തരേന്ത്യക്കാർ മാത്രമല്ല.
വില്ലനായി തുടങ്ങിയ അംജദ് ഖാൻ പിന്നീട് ക്രമേണ വില്ലൻ വേഷങ്ങൾ വിട്ട് കോമഡിയിലും ക്യാരക്ടർ റോളുകളിലും പ്രത്യക്ഷപ്പെട്ടു. പക്ഷേ പ്രേക്ഷകന്റെ മനസ്സിൽ ഗബ്ബർസിങ് സൃഷ്ടിച്ച ആഴത്തിലുള്ള ആഘാതം മറികടക്കാൻ ആ വേഷങ്ങൾക്കായില്ല. ഒരു ഗർജനത്തിന്റെ മുഴക്കം പോലെ ഗബ്ബർസിങ് പ്രേക്ഷകനെ പിന്തുടർന്നു; ഇന്നും പിന്തുടരുന്നു. അംജദ് ഖാന്റെ മറ്റൊരു വേഷപ്പകർച്ചയും കാലത്തെ അതിജീവിച്ചില്ല. മാത്രമല്ല ആ നടന്റെ പ്രതിഭ ആവശ്യപ്പെടുന്ന കഥാപാത്രങ്ങളൊന്നും അദ്ദേഹത്തെ തേടി വന്നതുമില്ല. കഥാപാത്രം വളർന്ന് മാനം മുട്ടി പോയാൽ ഒരു നടൻ നേരിടേണ്ടി വരുന്ന സ്വാഭാവിക ദുരന്തമാണത്.
ഈ ചിന്തകൾ ഇപ്പോൾ ഉയരാൻ കാരണം 'തുടരും' എന്ന മെഗാഹിറ്റ് സിനിമയിൽ പ്രകാശ് വർമ എന്ന പുതുമുഖം അവതരിപ്പിച്ച പോലീസ് കഥാപാത്രം ജോർജ്സാറിനെ( കഥാപാത്രം സ്വയം വിശേഷിപ്പിക്കുന്നതും അങ്ങനെതന്നെ) പ്രേക്ഷകർ സ്വീകരിച്ച രീതിയാണ്. പ്രേക്ഷകന്റെ മനസ്സിൽ ജോർജ് സാർ വളർന്ന് ആകാശംമുട്ടി നില്കുകയാണ്. സോഷ്യൽ മീഡിയ പ്രകാശ് വർമയെ ആഘോഷിച്ചു തകർത്തു. മോഹൻലാലിന്റെ ബെൻസിനു മുകളിൽ ജോർജ് സാറിനെ അവർ പ്രതിഷ്ഠിച്ചു. അയത്നലളിതമായ അഭിനയ ശൈലി- അഥവാ ക്യാമറയ്ക്ക് മുന്നിലെ സ്വാഭാവികമായ പെരുമാറ്റം- പുതിയ ഒരു ശബ്ദവിന്യാസം(എൻ.എഫ് വർഗീസിനെ ഓർമിപ്പിച്ചു എന്ന നിരീക്ഷണത്തോട് യോജിപ്പില്ല) പിന്നെ പതുക്കെ പതുക്കെ പുറത്തുവരുന്ന വില്ലനിയുടെ അതിക്രൂരമായ ഭാവപ്പകർച്ചകൾ... എല്ലാം നൂറു ശതമാനം മാർക്കും ഫുൾ എ പ്ലസും നേടുന്ന പ്രതിഭയെയാണ് പുറത്തെടുത്തത്. അതും മോഹൻലാലിനെ പോലൊരു മഹാനടന്റെ മുന്നിൽ ഒട്ടും പതറാതെ.(അതൊരു ചെറിയ കാര്യമല്ല)
വിജയം കൊയ്ത ഒരു പരസ്യചിത്ര സംവിധായകനാണ് പ്രകാശ് വർമ. അദ്ദേഹം ഒരു നല്ല ഫീച്ചർചിത്ര സംവിധായകനാകാൻ കഴിയുന്നയാളാണെന്ന് ആ പരസ്യങ്ങൾ ശ്രദ്ധിച്ചു കണ്ടാൽ മനസ്സിലാവും. അങ്ങനെയുള്ള പ്രകാശ് വർമയുടെ മുന്നിൽ ഒരു കഥാപാത്രം വന്നു വെല്ലുവിളിക്കുമ്പോൾ അതിനെ എങ്ങനെ നേരിടണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. അതിന്റെ റിസൾട്ട് ആണ് സ്ക്രീനിൽ കണ്ടത്. (ആദ്യകാലത്ത് നടനാകാൻ അദ്ദേഹം ശ്രമിച്ചിരുന്നു എന്നത് അധിക യോഗ്യതയായും സുഖകരമായ ഒരു പകവീട്ടലായും വേണമെങ്കിൽ കരുതാം)
ടേക്ക് ഓഫ് അസ്സലായി. ഇനിയാണ് പ്രശ്നം. പ്രകാശ് വർമ എന്ന നടൻ ഇനി എങ്ങോട്ട് സഞ്ചരിക്കും? ജോർജ് സാർ അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നിറങ്ങി പോയിട്ടുണ്ടാവും എന്ന് വിശ്വസിക്കാം. കാരണം അദ്ദേഹം ഒരു സംവിധായകൻ കൂടിയാണ്. പക്ഷേ പ്രേക്ഷകന്റെ മനസ്സിൽ നിന്ന് ജോർജ് സാർ അത്രവേഗം ഇറങ്ങിപ്പോകില്ല. കാരണം സോഷ്യൽ മീഡിയ അത്രമാത്രം ജോർജ് സാറിനെ ജങ്ക് ഫുഡ് കൊടുത്ത് വളർത്തിക്കളഞ്ഞു.
ഇനി ഒരു വില്ലൻ വേഷം വന്നാൽ 'അതുക്കും മേലെ' പോകേണ്ടിവരും. ക്യാരക്ടർ വേഷം വന്നാൽ സ്വീകരിക്കാൻ പ്രേക്ഷകർ മടിക്കും. കോമഡി വേഷം വന്നാൽ ഒരുപാട് വിയർക്കേണ്ടി വരും. ചുരുക്കിപ്പറഞ്ഞാൽ പ്രകാശ് വർമ എന്ന നടന്റെ മുന്നോട്ടുള്ള സഞ്ചാരം അത്ര സുഗമമായിരിക്കില്ല.
കഥാപാത്രത്തിന്റെ അതിപ്രശസ്തി നടനു വരുത്തുന്ന ബുദ്ധിമുട്ടാണ് ഗബ്ബർസിങ്, അംജദ് ഖാന് ഉണ്ടാക്കിയത്. സമാനമായ അവസ്ഥയാണ് ജോർജ് സാർ, പ്രകാശ് വർമ്മയ്ക്ക് നിർമിച്ചു നല്കിയിരിക്കുന്നത്. അതിൽ നിന്ന് രക്ഷ നേടാനായില്ലെങ്കിൽ 'ഒൺ ഫിലിം വണ്ടർ'(One film wonder) എന്ന പഴയ പ്രയോഗത്തിൽ പ്രകാശ് വർമ്മ കുടുങ്ങിക്കിടക്കും. പക്ഷേ വർമയുടെ ട്രാക്ക് റെക്കോർഡും ബുദ്ധിപരതയും പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ്.
തമിഴിൽ ശങ്കർ സംവിധാനം ചെയ്ത 'അന്യൻ' എന്ന ചിത്രം വിക്രം എന്ന നടനോടും ചെയ്തത് ഇതാണ്. വിക്രമിന്റെ അഭിനയസത്ത മുഴുവൻ പിഴിഞ്ഞെടുത്തു, 'അന്യൻ.' പിന്നീട് അതിനു മുകളിൽ പോകാൻ ഈ നിമിഷംവരെ വിക്രമിനു കഴിഞ്ഞില്ല. കാരണം അത്രമേൽ 'അന്യൻ' വളർന്നു പോയി. വിക്രമിന്റെ കരിയർഗ്രാഫ് താഴേക്കുംപോയി.
മലയാളത്തിലുമുണ്ട് ഉദാഹരണം. കീരിക്കാടൻ ജോസ് എന്ന കിരീടം തലയിൽ അണിഞ്ഞ മോഹൻരാജ് എന്ന നടന് സ്വന്തം പേരുപോലും നഷ്ടമായി. കീരിക്കാടന്റെ നിഴൽവീണ് ഇരുൾമൂടിപ്പോയി ആ നടന്റെ അഭിനയ ജീവിതം. ആ ഭീകരവില്ലൻ നൽകിയ പ്രതിച്ഛായയിൽ നിന്ന് പുറത്തു കടക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതേയില്ല. അങ്ങനെ കിരീടം ആ നടന് മുൾക്കിരീടമായി.