കാലം കാത്തിരിക്കുന്നു,ഭീമന്റെ വരവിന്.. 'രണ്ടാമൂഴം'വരും...വരാതിരിക്കില്ല...

രണ്ടാമൂഴം ഫാൻമേഡ് പോസ്റ്റർ
രണ്ടാമൂഴം ഫാൻമേഡ് പോസ്റ്റർകടപ്പാട് ദ് കംപ്ലീറ്റ് ആക്ടർ ഡോട് കോം
Published on

'കൊടുങ്കാറ്റുകളെ ചങ്ങലയ്ക്കിട്ടുനടക്കുന്ന ദേവാ,ഇവിടെ ഞാനുണ്ട്. അവിടുത്തെ മകനായ അഞ്ചുവയസ്സുള്ള ഒരുണ്ണി...'

ഹസ്തിനപുരത്തെ കൊട്ടാരത്തിലെത്തിയതിനുശേഷമുള്ള ഒരു രാത്രി. ഉറക്കത്തിൽ നിന്ന് ദു:സ്വപ്നം കണ്ട് ഞെട്ടിയുണർന്ന ബാലനായ ഭീമസേനൻ അർധനിദ്രയിൽ മനസ്സിൽ പ്രാർഥിച്ചു.

എം.ടി.വാസുദേവൻനായരുടെ 'രണ്ടാമൂഴ'ത്തിലെ ആഴമുള്ള ആർദ്രത പകരുന്ന ഒരു മുഹൂർത്തമാണിത്. നിസ്സഹായനായ ഒരു പിഞ്ചു ബാലൻ പിതാവിന്റെ സംരക്ഷണം ആഗ്രഹിക്കുന്ന നിമിഷങ്ങൾ. വായു ഭഗവാന്റെ പുത്രനായ ഭീമന്റെ, പിതാവിനോടുള്ള ആ പ്രാർത്ഥനാ വാചകം മറ്റൊരുതലത്തിൽ നോക്കിക്കാണുകയാണ് ഇവിടെ.

'രണ്ടാമൂഴം' എന്ന് തന്റെ അതിപ്രശസ്തമായ നോവലിന്റെ തിരക്കഥാ രൂപം ഏകദേശം രണ്ടര വർഷം എടുത്താണ് എം.ടി പൂർത്തിയാക്കിയത്. രണ്ടുഭാഗങ്ങളുള്ള ആ തിരക്കഥയുടെ ആത്മാവ് തന്റെ സൃഷ്ടാവിനോട് പറയുന്നതായി നമുക്ക് സങ്കല്പിക്കാം: 'ഇവിടെ ഞാനുണ്ട്.' സ്വർഗ്ഗസ്ഥനായ പിതാവ് അത് കേൾക്കുന്നുണ്ടാവും.

രണ്ടാമൂഴം ഫാൻമേഡ് പോസ്റ്റർ
1978-ൽ വാസുവേട്ടൻ പറഞ്ഞു: 'ഈ കാണുന്ന ഫിലിം എല്ലാം നിൽക്കും, അതില്ലാത്ത സിനിമാലോകമാണ് വരാൻ പോകുന്നത്'

മനുഷ്യമനസ്സുകളിലെ കൊടുങ്കാറ്റുകളെ അക്ഷരച്ചങ്ങല കൊണ്ട് ചിത്രീകരിക്കുകയും നിയന്ത്രിക്കുകയും നിർവീര്യമാക്കുകയും ചെയ്ത അതുല്യനായ എം.ടി അവശേഷിപ്പിച്ചു പോയ അമൂല്യനിധിയാണ് 'രണ്ടാമൂഴം' തിരക്കഥ. ചലച്ചിത്രമാധ്യമത്തിന്റെ മർമ്മം അറിഞ്ഞ എം.ടി തന്റെ നോവലിന്റെ ദൃശ്യസാധ്യത മറ്റാരെക്കാളും ഭംഗിയായി മനസ്സിലാക്കിയിരുന്നു. തിരക്കഥാരചനയിലുടനീളം എം.ടിയുടെ സഹായിയായി നിന്ന, അന്തരിച്ച പ്രസിദ്ധ കവി കിളിമാനൂർ മധു ആ നിമിഷങ്ങൾ പങ്കുവെച്ചിരുന്നു. 'കാണാവുന്ന സാഹിത്യം' എന്ന് എം.ടി. തന്നെ വിശേഷിപ്പിച്ചിട്ടുള്ള തിരക്കഥയുടെ രചനാ വേളയിൽ സർ​ഗാത്മകമായ സംഘർഷം എം.ടി അനുഭവിച്ചിരുന്നു.

സന്ധ്യയ്ക്ക് എഴുത്തുപുരയിൽ നിന്ന് മടങ്ങിയ എം.ടി അടുത്തദിവസം രാവിലെ എത്തി, കഴിഞ്ഞ ദിവസം എഴുതിയ സംഭാഷണങ്ങൾ മാറ്റിയെഴുതുമായിരുന്നു എന്ന് കിളിമാനൂർ മധു പറഞ്ഞത് ഓർക്കുന്നു. അങ്ങനെ ആഴ്ചകളും മാസങ്ങളും മനസ്സർപ്പിച്ച് എഴുതിത്തീർത്ത തിരക്കഥ ചലച്ചിത്ര രൂപം പ്രാപിക്കുന്നത് എം.ടി സ്വപ്നം കണ്ടിരുന്നു. കഠിനമായ പ്രയത്നത്തിലൂടെയാണ് അദ്ദേഹം തിരക്കഥ രണ്ടു ഭാഗങ്ങളിൽ ഒതുക്കിയതെന്ന് മധു അന്ന് പറഞ്ഞിരുന്നു. രചന പൂർത്തിയായപ്പോൾ പതിവിനു വിപരീതമായി എം.ടി ചെറുതായി സന്തോഷവും സംതൃപ്തിയും പ്രകടിപ്പിച്ചതും മധു സൂചിപ്പിച്ചു.

'രണ്ടാമൂഴം' സിനിമ തിയേറ്ററിൽ എത്തുന്നതും കാത്ത് മലയാളികൾ ദിവസങ്ങൾ നീക്കി. വ്യാസന്റെ മൗനങ്ങൾക്ക് വ്യാഖ്യാനം നല്കി, ഭീമന്റെ മനസ്സ് ഖനനം ചെയ്തെടുത്ത എം.ടിയുടെ 'രണ്ടാമൂഴം' പക്ഷേ ഇനിയും സിനിമയായില്ല. എന്തുകൊണ്ട്?

രണ്ടാമൂഴം നോവലിന്റെ കവർ
രണ്ടാമൂഴം നോവലിന്റെ കവർപപ്പപ്പ

ഇനി ചില കാര്യങ്ങൾ പറയുന്നതിന് മുമ്പ് ഒരു മുൻകൂർ ജാമ്യം എടുക്കുകയാണ്. സിനിമയുടെ പിന്നാമ്പുറക്കഥകളിൽ സത്യവും അസത്യവും അർഥസത്യവും കൂടിക്കുഴഞ്ഞു കിടക്കും. അറിഞ്ഞതും കേട്ടതും കേട്ടുകേൾവിയും എല്ലാം സിനിമയുടെ മാത്രം ലോകത്ത് പ്രചരിക്കാൻ സ്വാതന്ത്ര്യമുള്ള വാർത്തകളാണ്. സത്യം ഇവയ്ക്കിടയിൽ എവിടെയോ മറഞ്ഞു കിടക്കും. അല്ലെങ്കിൽ ബന്ധപ്പെട്ടവർ വസ്തുതകളുമായി മുന്നോട്ടു വരട്ടെ.

'രണ്ടാമൂഴം' തിരക്കഥ പൂർത്തിയായിക്കഴിഞ്ഞ് ആദ്യം സിനിമാവൃത്തങ്ങളിൽ കേട്ടത് പ്രശസ്ത സംവിധായകൻ ഹരിഹരൻ അത് ചെയ്യുന്നു എന്നാണ്. മോഹൻലാൽ ഭീമൻ ആവുന്നു. നിർമ്മാണം ഗോകുലം മൂവീസ്. പ്രേക്ഷകർക്ക് ആഹ്ലാദവും ആവേശവും പകർന്ന വാർത്തയായിരുന്നു അത്. സിനിമ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്നു. പക്ഷേ ക്രമേണ ആ വാർത്ത മാഞ്ഞു. പിന്നീട് ഒന്നും കേൾക്കാതെയായി. പ്രേക്ഷകർ നിരാശരായി. പദ്ധതി ഉപേക്ഷിച്ചുവെന്നായി പുതിയ വാർത്ത. എന്താണ് സംഭവിച്ചത് എന്ന് ആർക്കും അറിയില്ല. പറഞ്ഞു കേട്ടത് ഇങ്ങനെയാണ്- ഇപ്പോഴത്തെപ്പോലെ, ആ കാലഘട്ടത്തിൽ രണ്ടു ഭാഗങ്ങളായി ഒരു സിനിമ വരുന്ന പതിവ് ഇല്ലായിരുന്നു. രണ്ടു ഭാഗങ്ങളായി ചെയ്യുമ്പോൾ വരുന്ന വൻ ബജറ്റ് പ്രതീക്ഷിച്ചതിലും വളരെ കൂടുതലായി. രണ്ടു ഭാഗങ്ങളായി ഒരു സിനിമയെ പ്രേക്ഷകർ സ്വീകരിക്കുമോ എന്ന സംശയവും നിർമ്മാതാക്കളിലുണ്ടായി. അങ്ങനെ സിനിമ നിർത്തിവച്ചു. പരസ്യമായി ഇതേക്കുറിച്ച് ബന്ധപ്പെട്ടരാരും പ്രതികരിച്ചില്ല.

എം.ടി.വാസുദേവൻനായർ
എം.ടി.വാസുദേവൻനായർഫോട്ടോ അറേഞ്ച്ഡ്

നീണ്ട മൗനത്തിലായി 'രണ്ടാമൂഴം' സിനിമ. ആ മൗനം തകർന്നത് ഒരു വൻ വമ്പൻ പ്രഖ്യാപനത്തോടെയായിരുന്നു. ശ്രീകുമാർ മേനോൻ എന്ന പുതുമുഖ സംവിധായകൻ 'രണ്ടാമൂഴം' സംവിധാനം ചെയ്യുന്നു. യു.എ.ഇ എക്സേഞ്ച്,എൻ.എം.സി ഹെൽത്ത് തുടങ്ങിയവയുടെ ഉടമ, പ്രവാസിയായ ശതകോടീശ്വരൻ ബി.ആർ.ഷെട്ടി നിർമ്മാണം ഏറ്റെടുക്കുന്നു. ഒരു കൂറ്റൻ പ്രോജക്ട്. മോഹൻലാൽ തന്നെ ഭീമൻ. പത്രസമ്മേളനവും പ്രഖ്യാപനവും അരങ്ങുതകർത്തു. പ്രേക്ഷകന്റെ പ്രതീക്ഷകൾക്ക് വീണ്ടും ചിറകുമുളച്ചു. അവർ ഭാവനയുടെ ലോകത്ത് പറന്നു നടന്നു. ഭീമന്റെ ​ഗദായുദ്ധങ്ങൾ അവർ സ്വപ്നം കണ്ടു. കുരുക്ഷേത്ര ഭൂമിയിൽ നിറഞ്ഞു കവിയുന്ന ഭീമനെ അവർ മനസ്സിൽ സൃഷ്ടിച്ചു. ഭീമന്റെ വ്യഥകൾ മോഹൻലാലിന്റെ മുഖത്ത് മിന്നിമറയുന്നത് നിറകണ്ണുകളോടെ ആരാധകർ സങ്കല്പിച്ചു. പക്ഷേ... കാലം കനിഞ്ഞില്ല.. ചീട്ടുകൊട്ടാരം പോലെ പ്രേക്ഷകന്റെ മാനത്തെ കൊട്ടാരം തകർന്നു.

സ്വന്തം തിരക്കഥയ്ക്ക് വേണ്ടി എം.ടി സുപ്രീംകോടതിയിൽ നില്കുന്ന അസാധാരണമായ കാഴ്ചയാണ് പിന്നെ മലയാളി കണ്ടത്. എം.ടി ഒരിക്കലും വിഭാവന ചെയ്യാത്ത ഒരു രംഗം ജീവിതത്തിൽ അദ്ദേഹം നേരിട്ടു. 'രണ്ടാമൂഴം' തിരക്കഥ വീണ്ടും മൗനത്തിന്റെ വാത്മീകത്തിലേക്ക് മടങ്ങി. ഷെട്ടിയുടെ പിൻവാങ്ങലും മറ്റെന്തോ സ്വരച്ചേർച്ച ഇല്ലായ്മയും ഒക്കെയാണ് ആ പദ്ധതി നടക്കാത്തതിന് പിന്നിലെന്ന് പിന്നീട് കഥകൾ പരന്നു. പ്രേക്ഷകന് ശ്രീകുമാർ മേനോൻ-മോഹൻലാൽ ടീമിന്റെ 'ഒടിയൻ' കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു.

 ഹരിഹരൻ,എം.ടിയുടെ മകൾ അശ്വതി
ഹരിഹരൻ,എം.ടിയുടെ മകൾ അശ്വതിഫോട്ടോ-അറേഞ്ച്ഡ്

സിനിമാസംബന്ധിയായ ഈ വക കാര്യങ്ങളെക്കുറിച്ച് ഒരിക്കലും എം.ടി പറയാറില്ല, പറഞ്ഞിട്ടില്ല; ഒരു സിനിമയെക്കുറിച്ചും. ചോദിക്കാൻ ആർക്കും ധൈര്യവും ഇല്ലെന്ന് പറയാം.

നിരാശയോടെയാണെങ്കിലും പ്രേക്ഷകരും 'രണ്ടാമൂഴം' മറന്നു. വിളിച്ചുണർത്തി ഊണില്ല എന്നു പറഞ്ഞ പോലെയായി അവ രുടെ കാര്യം. ഉറക്കവും പോയി, വിശപ്പും ബാക്കി; അതും രണ്ടു പ്രാവശ്യം.

കാലം കടന്നുപോയി. വമ്പൻ പ്രോജക്ടുകളും പാൻ ഇന്ത്യൻ സിനിമകളും രണ്ടു ഭാഗങ്ങളുള്ള ദൃശ്യ വിസ്മയങ്ങളും സിനിമാലോകത്ത് നിറഞ്ഞാടി. വിജയങ്ങൾ ഘോഷയാത്ര നടത്തി. പക്ഷേ 'രണ്ടാമൂഴം' മാത്രം വന്നില്ല.

ഇടയ്ക്ക് ചില കാതുകളിൽ രഹസ്യം പോലെ ഒരു സന്ദേശം എത്തി. സംവിധായകൻ പ്രിയദർശൻ 'രണ്ടാമൂഴം' ചെയ്യുന്നു. എം.ടിയുമായി ചർച്ച നടത്തി. ആ രഹസ്യത്തിന് അല്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. ഏതോ കുബുദ്ധിയുടെ തലയിലുദിച്ച ആഗ്രഹം മാത്രമായിരുന്നു അതെന്ന് പിന്നീട് കേട്ടു.

സിനിമാലോകത്തിന്റെ അനിശ്ചിതത്വത്തെപ്പറ്റി എം.ടിയെ ആരും പഠിപ്പിക്കേണ്ടതില്ല. എങ്കിലും 'രണ്ടാമൂഴം' സിനിമയായിക്കാണാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. തന്റെ ഒരു പ്രയത്നം ഫലപ്രാപ്തിയിൽ എത്തിയില്ല എന്ന് ആതുല്യ സർ​ഗപ്രതിഭയുടെ ഉള്ളിൽ തോന്നിയിട്ടുണ്ടാവും. കാരണം മറ്റൊരു തിരക്കഥാ രചനയ്ക്കും എം.ടി ഇത്രയും കാലം ചെലവഴിച്ചിട്ടില്ല.

എം.ടി. നമ്മെ വിട്ടുപോയി. ആ യാഥാർഥ്യം മലയാളി ഉൾക്കൊണ്ടു കഴിഞ്ഞു. 'രണ്ടാമൂഴം' സിനിമയാകുമെന്ന് ഏതാനും നാളുകൾക്കു മുമ്പ് അദ്ദേഹത്തിന്റെ മകൾ അശ്വതി പറഞ്ഞിരുന്നു. എം.ടിയുടെ ആഗ്രഹമാണ് അതെന്നും അവർ സൂചിപ്പിച്ചിരുന്നു. നമുക്ക് കാത്തിരിക്കാം..

ബാലനായ ഭീമന്റെ പ്രാർഥന ഒരിക്കൽക്കൂടി ഓർക്കാം..

'ദേവാ...ഇവിടെ ഞാനുണ്ട്

...അവിടുത്തെ മകനായ ഉണ്ണി...'

'രണ്ടാമൂഴം' വരും... വരാതിരിക്കില്ല...

Related Stories

No stories found.
Pappappa
pappappa.com