ഹേമമാലിനി
ഹേമമാലിനിഫോട്ടോ കടപ്പാട്-വിക്കിപ്പീഡിയ

'ഷോലെ'യില്‍ അഭിനയിക്കാന്‍ ആദ്യം ഞാന്‍ ആഗ്രഹിച്ചില്ല..'

ചിത്രം 50 വര്‍ഷം പിന്നിടുമ്പോള്‍ ഓര്‍മകള്‍ പങ്കുവച്ച് ഹേമമാലിനി
Published on

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസചിത്രം 'ഷോലെ' അമ്പതുവര്‍ഷം പിന്നിടുമ്പോള്‍, ചിത്രത്തിലെ നായിക ഹേമമാലിനി തന്റെ കഥാപാത്രത്തെയും സഹതാരങ്ങളെയും ചിത്രീകരണസമയത്തെ വിശേഷങ്ങളെയും ഓര്‍ത്തെടുക്കുന്നു. ഷോലെയിലേതുപോലൊരു പെണ്‍കുട്ടിയായി അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ചിത്രത്തിന്റെ സംവിധായകന്‍ രമേഷ് സിപ്പി 'ബസന്തി' എന്ന കഥാപാത്രത്തെ തനിക്കു വിവരിച്ചുതന്നെന്നും അതു തന്റെ അഭിനയജീവിതത്തിലെ വലിയ വഴിത്തിരിവായെന്നും ബോളിവുഡ് സ്വപ്‌നസുന്ദരിയന്നു വിളിച്ച് ആരാധിച്ച താരം ഗൃഹാതുരത്വത്തോടെ ഓര്‍ത്തെടുത്തു. ധര്‍മേന്ദ്രയ്ക്കും അമിതാഭ് ബച്ചനുമൊപ്പം പ്രവര്‍ത്തിച്ചതിന്റെ ഓര്‍മകള്‍, ബസന്തി എന്ന കഥാപാത്രം എങ്ങനെ ജീവന്‍ പ്രാപിച്ചു, ഷോലെ ഇന്നും തന്റെ ആത്മാവിന്റെ ശക്തമായ ഭാഗമായി തുടരുന്നതിന്റെ കാരണങ്ങൾ എല്ലാം ഹേമമാലിനി ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞു. സംഭാഷണത്തില്‍നിന്നുള്ള ചില ഭാഗങ്ങള്‍:

Q

'ഷോലെ'യുടെ 50 വര്‍ഷം

A

'ഷോലെ' ഒരു ഐക്കോണിക് സിനിമയാണ്. എന്റെ കഥാപാത്രവും ഐക്കണിക് ആയിരുന്നു. ബസന്തി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ വലിയരീതിയില്‍ സ്വീകരിച്ചു. ഇപ്പോഴും ചിത്രം കാണുന്നവരെ എന്റെ കഥാപാത്രം സ്വാധീനിക്കുന്നു. 'ബസന്തി'യെ ലോകമെമ്പാടുമുള്ള നിരവധി ആളുകള്‍ വളരെയധികം സ്‌നേഹിച്ചു. അതു ഞാന്‍ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു. ഇന്നും ആളുകള്‍ ബസന്തിയെക്കുറിച്ച് സംസാരിക്കുന്നു. ഇതുപോലൊരു സിനിമ ഇനി ഒരിക്കലും ചെയ്യാന്‍ കഴിയില്ലെന്ന് ഞാന്‍ കരുതുന്നു. റീമേക്ക് വേണോ എന്ന് പലരും ചോദിച്ചിട്ടുണ്ട്, ആരെങ്കിലും ശ്രമിച്ചാലും അത് സാധ്യമല്ലെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. സംവിധായകന്‍ രമേഷ് സിപ്പി തന്നെ അത് റീമേക്ക് ചെയ്യാന്‍ ശ്രമിച്ചാലും അത് അങ്ങനെയാകില്ല.

ഹേമമാലിനി 'ഷോലെ'യിൽ
ഹേമമാലിനി 'ഷോലെ'യിൽസ്ക്രീൻ​ഗ്രാബ്
Q

'ഷോലെ'യ്ക്ക് ലഭിച്ച പ്രതികരണങ്ങള്‍

A

തുടക്കത്തില്‍, ആ സിനിമ ഞങ്ങളുടെ ഹൃദയത്തോട് ചേര്‍ന്നുനിന്നില്ല, എല്ലാവരും ഞങ്ങളുടെ വേഷങ്ങള്‍ ചെയ്തുകൊണ്ടിരുന്നു. അക്കാലത്ത് ഞാന്‍ ചെയ്തിരുന്നതില്‍നിന്ന് വ്യത്യസ്തമായ സിനിമയാണെന്ന് അറിയാമായിരുന്നു. പക്ഷേ, 'ഷോലെ' ഇതിഹാസമായി മാറുമെന്ന് ആരും കരുതിയിരുന്നില്ല. 25 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍, ഞങ്ങള്‍ അദ്ഭുതപ്പെട്ടിരുന്നു. ഇപ്പോള്‍ 50 വര്‍ഷം തികയുന്നു. ഈ നാഴികക്കല്ലിന് സാക്ഷ്യം വഹിക്കാന്‍ ഞങ്ങളില്‍ ചിലര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ദുഃഖകരമെന്നു പറയട്ടെ, ഈ ആഘോഷം കാണാന്‍ പലരും നമ്മോടൊപ്പമില്ല.

Q

പ്രിയപ്പെട്ട രംഗം

A

'ഷോലെ' ഒരു സമ്പൂര്‍ണ പാക്കേജായിരുന്നു, അതില്‍ ആക്ഷന്‍, ഡ്രാമ, കോമഡി എന്നിവയെല്ലാം ഉണ്ടായിരുന്നു. ആക്ഷന്‍ സീക്വന്‍സുകള്‍ പോലും വളരെ വ്യത്യസ്തമായിരുന്നു. ശ്രദ്ധയോടെയും സ്‌റ്റൈലോടെയും തയാറാക്കിയതാണ് ഓരോ രംഗവും. ധര്‍മേന്ദ്ര (വീരു), അമിതാഭ് ബച്ചന്‍ (ജയ്) എന്നിവര്‍ ഉള്‍പ്പെടുന്ന ക്ഷേത്രരംഗത്തോടെയാണ് ഞങ്ങള്‍ ചിത്രീകരണം ആരംഭിച്ചത് (ക്ഷേത്രത്തിലെ ശിവവിഗ്രഹത്തിന് പിന്നില്‍ വീരു നില്‍ക്കുന്നു, ബസന്തി ഒരു നല്ല ഭര്‍ത്താവിനായി പ്രാര്‍ഥിക്കുമ്പോള്‍ ദേവതയായി എത്തുന്നു). വളരെ അസാധാരണമായ തുടക്കമായിരുന്നു.

അച്ചടക്കമുള്ളതായിരുന്നു ലൊക്കേഷന്‍. ഒരു രംഗം സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍, അടുത്ത ദിവസം അതേസ്ഥലത്തുതന്നെ എടുക്കുമായിരുന്നു. വ്യത്യസ്ത യൂണിറ്റുകള്‍ പല സ്ഥലങ്ങളിലായി ഷൂട്ട് ചെയ്തിരുന്നു. ഒരിടത്ത് ഒരു പാട്ട് ചിത്രീകരിക്കുന്നു, മറ്റൊരിടത്ത് ഒരു രംഗം ചിത്രീകരിക്കുന്നു. ഇതെല്ലാം ഒരേസമയം സംഭവിച്ചുകൊണ്ടിരുന്നു.

ഹേമമാലിനി
'അടിയന്തരാവസ്ഥകാരണം ഷോലെയുടെ ക്ലൈമാക്സ് മാറ്റി'; വെളിപ്പെടുത്തലുമായി ഫർഹാൻ അക്തർ
Q

ബസന്തിയെക്കുറിച്ച് കേട്ടപ്പോള്‍ ആദ്യ പ്രതികരണം

A

ആ കഥാപാത്രത്തെക്കുറിച്ചു കേട്ടപ്പോള്‍, ആദ്യം എനിക്കു വലിയ ആവേശമൊന്നും തോന്നിയില്ല. 'പലരും ഈ സിനിമയിൽ അഭിനയിക്കുന്നു,അവർക്കൊപ്പം നിങ്ങളും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു' എന്ന് സംവിധായകന്‍ രമേഷ് സിപ്പി പറഞ്ഞപ്പോള്‍, അത് ഒരു ചെറിയ വേഷമാണെന്ന് എനിക്കു തോന്നി. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, 'ഈ കഥാപാത്രം എനിക്ക് പ്രചോദനം നല്‍കുന്നില്ല.' കാരണം അദ്ദേഹത്തിന്റെ അന്ദാസിലും സീത ഔർ ​ഗീതയിലും എനിക്ക് ഡബിൾറോളായിരുന്നു. പക്ഷേ അദ്ദേഹം എന്നെ നോക്കി പറഞ്ഞു- 'അഭിനയിക്കാന്‍ തയാറാകൂ... അല്ലെങ്കില്‍, നിങ്ങള്‍ക്കു പശ്ചാത്തപിക്കേണ്ടിവരും'. ആ വാക്കുകള്‍ എന്നെ സ്വാധീനിച്ചു. പിന്നെ ബസന്തിയായി മാറാന്‍ ഞാന്‍ തയാറെടുത്തു.

Q

ബസന്തി വെല്ലുവിളിയുയര്‍ത്തിയോ

A

ബസന്തിയായി മാറുന്നതില്‍, പ്രത്യേകിച്ച് അവരുടെ വിചിത്രമായ സംഭാഷണങ്ങള്‍ വെല്ലുവിളികള്‍ ഉയര്‍ത്തിയിരുന്നു. സംഭാഷണങ്ങള്‍ എങ്ങനെ പറയണമെന്ന് എനിക്കല്‍പ്പം ആശയക്കുഴപ്പമുണ്ടായിരുന്നു. പിന്നെ ജാവേദ് അക്തര്‍ എനിക്കു സീന്‍ വിവരിച്ചുതന്നു. അദ്ദേഹത്തില്‍നിന്ന് ആ കഥാപാത്രത്തിന്റെ മാനറിസങ്ങള്‍ മനസിലാക്കി. പിന്നെ, എന്റേതായ കൂട്ടിച്ചേര്‍ക്കലുകള്‍. അങ്ങനെ ബസന്തി പിറവികൊണ്ടു.

50 വര്‍ഷങ്ങള്‍ക്ക് മുമ്പ് പോലും ബസന്തി തന്റെ കാലത്തിന് മുന്നിലായിരുന്നു. സ്വയം നിര്‍മിച്ച ഒരു സ്ത്രീയായിരുന്നു. സ്വന്തം ഇഷ്ടപ്രകാരം അവര്‍ ജീവിതം നയിച്ചു. അവള്‍ പൂര്‍ണമായും ഒറ്റയ്ക്കായിരുന്നു. അതാണ് ആ കഥാപാത്രത്തെ സവിശേഷമാക്കിയത്. ഇപ്പോഴും ഞാന്‍ അവളെക്കുറിച്ച് ചിന്തിക്കുമ്പോള്‍, 'ആത്മാഭിമാനം' എന്ന് വിളിക്കുന്നതിനെയാണ് അവള്‍ യഥാര്‍ഥത്തില്‍ പ്രതിനിധീകരിക്കുന്നതെന്ന് എനിക്ക് തോന്നുന്നു. അവള്‍ തന്റെ കാലത്തിന് മുന്നിലായിരുന്നു.
Q

'ഷോലെ'യും പിന്നീടുള്ള അഭിനയജീവിതവും

A

ഷോലെ തീര്‍ച്ചയായും എന്നെ കൂടുതല്‍ ജനപ്രിയയാക്കി. ആളുകള്‍ എന്നെ ബസന്തി എന്നു വിളിച്ചിരുന്നു. ഇപ്പോഴും അങ്ങനെ വിളിക്കുന്നവരുണ്ട്. ഇന്നും, പൊതുപരിപാടികളില്‍ പങ്കെടുക്കമ്പോള്‍, ബസന്തിയുടെ ശൈലിയിലുള്ള ഐക്കോണിക് ഡയലോഗുകള്‍ പറയണമെന്ന് ആളുകള്‍ ആവശ്യപ്പെടുന്നു. ഞാന്‍ രാജസ്ഥാനിലോ, മധ്യപ്രദേശിലോ, ഛത്തീസ്ഗഡിലോ ആകട്ടെ - എല്ലാവര്‍ക്കും ആ സംഭാഷണം വേണം. ചിലപ്പോള്‍ ലക്ഷക്കണക്കിന് ആളുകള്‍ അവിടെ ഉണ്ടാകും, അത് കേള്‍ക്കാതെ അവര്‍ എന്നെ പോകാന്‍ അനുവദിക്കില്ല.

Q

'ഷോലെ'യും ഹേമമാലിനിയും ധര്‍മേന്ദ്രയും

A

ചിത്രീകരണം ഞങ്ങള്‍ ശരിക്കും ആസ്വദിച്ചു. കിഷോര്‍ കുമാറും ആര്‍ഡി ബര്‍മനും ചേര്‍ന്നൊരുക്കിയ 'കോയി ഹസീന ജബ് റൂത്ത് ജാതേ തോ...'എന്ന ഗാനത്തിന്റെ ചിത്രീകരണത്തിനിടെ, ക്യാമറയ്ക്ക് പുറത്ത്, ധരംജി വളരെ ശാന്തനും സാധാരണക്കാരനുമായിരുന്നു, പക്ഷേ ക്യാമറ റോള്‍ ചെയ്യാന്‍ തുടങ്ങിയ നിമിഷം, വീരുവിനെതന്നെയാണ് നിങ്ങള്‍ക്ക് കാണാന്‍ കഴിയുക. മൈസൂരു, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലെ ഔട്ട്‌ഡോര്‍ ഷൂട്ടിങ് ഞങ്ങള്‍ക്ക് വളരെ മികച്ച സമയം ആയിരുന്നു. ഹോട്ടലില്‍ നിന്ന് ലൊക്കേഷനിലേക്ക് ഒരു മണിക്കൂര്‍ യാത്ര ചെയ്യുമായിരുന്നു. ഇന്ന്, ഞങ്ങള്‍ ഷൂട്ട് ചെയ്ത രാംനഗര്‍ ഒരു വിനോദസഞ്ചാര കേന്ദ്രമായിമാറിയിരിക്കുന്നു. അവര്‍ അത് അതേപടി നിലനിര്‍ത്തിയിരിക്കുന്നു. അത് ഒരുപാട് ഓര്‍മകള്‍ തിരികെ കൊണ്ടുവരുന്നു.

ഇന്ത്യൻസിനിമയ്ക്ക് നല്കിയ അതുല്യസംഭാവനകൾക്കുള്ള ഐഐഎഫ്എ പുരസ്കാരം 2024-ൽ അബുദാബിയിൽ നടന്ന ചടങ്ങിൽ ഹേമമാലിനി ഏറ്റുവാങ്ങിയപ്പോൾ
ഇന്ത്യൻസിനിമയ്ക്ക് നല്കിയ അതുല്യസംഭാവനകൾക്കുള്ള ഐഐഎഫ്എ പുരസ്കാരം 2024-ൽ അബുദാബിയിൽ നടന്ന ചടങ്ങിൽ ഹേമമാലിനി ഏറ്റുവാങ്ങിയപ്പോൾഫോട്ടോ-ഇൻസ്റ്റ​ഗ്രാം
Q

അമിതാഭ് ബച്ചനൊപ്പമുള്ള ഓര്‍മകള്‍

A

'ഷോലെ'യില്‍ ഞങ്ങള്‍ ഒരുമിച്ച് അധികം സീനുകള്‍ ഉണ്ടായിരുന്നില്ല. അദ്ദേഹത്തോടൊപ്പമുള്ള മറ്റു സിനിമകളിലെ ഓര്‍മകള്‍ മികച്ച അനുഭവമായിരുന്നു. ജയ്-വീരു ബന്ധം 'ഷോലെ'യുടെ ആത്മാവായിരുന്നു. അവരുടെ സൗഹൃദം തിരക്കഥയില്‍ എഴുതപ്പെട്ടതല്ല... അത് യഥാര്‍ഥവും ജീവനുള്ളതുമായി തോന്നി. തീര്‍ച്ചയായും, ധര്‍മേന്ദ്ര വീരുവിനെ അവതരിപ്പിച്ചതോടെ ആ രസതന്ത്രം കൂടുതല്‍ അവിസ്മരണീയമായി. ഇന്നത്തെ സിനിമയില്‍ അത്തരമൊരു ബന്ധം അപൂര്‍വമാണ്.

Q

ഏറ്റവും ഇഷ്ടപ്പെട്ട സിനിമ

A

'ഷോലെ'യും 'സീതാ ഔർ ഗീത'യും എന്റെ പ്രിയപ്പെട്ടവയാണ്. എന്റെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം തന്നത് രമേശ് സിപ്പിയാണ്, അതിന് ഞാന്‍ അദ്ദേഹത്തോട് നന്ദിയുള്ളവളാണ്. എന്റെ കൊച്ചുമക്കള്‍ക്ക് 'സീത ഔര്‍ ഗീത' കാണാന്‍ വളരെ ഇഷ്ടമാണ്. എന്റെ സിനിമകളില്‍ അവര്‍ വീണ്ടും വീണ്ടും കാണുന്നത് അതാണ്. വളരെക്കാലം മുമ്പ് ഞാന്‍ ചെയ്ത ഒരു കാര്യവുമായി അടുത്ത തലമുറ ബന്ധപ്പെടുന്നത് എനിക്കു സന്തോഷം നല്‍കുന്നതാണ്.

Q

അഭിനയത്തിലേക്കു തിരിച്ചുവരുമോ

A

ഞാന്‍ ഏകദേശം 200 സിനിമകള്‍ ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്കു പോലും കാണാന്‍ കഴിയുന്ന മനോഹരവും അര്‍ഥവത്തായതുമായ സിനിമകള്‍. എനിക്ക് സുഖകരമല്ലാത്ത ഒന്നും ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ തിരിച്ചുവന്നാല്‍, അത് എനിക്കിണങ്ങുന്ന സിനിമയിലൂടെയായിരിക്കും. കാരണം, എന്റെ കരിയറില്‍ ഞാന്‍ അഭിമാനിക്കുന്നു.

Pappappa
pappappa.com