ബാബു ആന്റണി
ബാബു ആന്റണിഫോട്ടോ-അറേഞ്ച്ഡ്

'ആ പ്രവണത മലയാളസിനിമയെ 40വർഷം പിന്നിലേക്കുകൊണ്ടുപോയി'

Published on

ഒരു തലമുറയെ മുഴുവൻ തന്റെ ചലനങ്ങൾ കൊണ്ട് ത്രസിപ്പിച്ച താരമാണ് ബാബു ആന്റണി. ആകാരം കൊണ്ടും ശരീരഭാഷകൊണ്ടും സമാനതകളില്ലാത്ത നടൻ. അദ്ദേഹത്തിന്റെ കരാട്ടെ കിക്കുകളായിരുന്നു തൊണ്ണൂറുകളിലെ യൗവനത്തിനും കൗമാരത്തിനും 'കിക്ക്' നല്കിയിരുന്നത്. ബാബു ആന്റണിയെപ്പോലെ എതിരാളികളെ ഇടിച്ചിടാൻ, ബട്ടണുകൾ തുറന്നിട്ട ഷർട്ടിന്റെ അകത്തൊരു ബനിയനുമായി ബൈക്കിൽ പായാൻ,മുടി നീട്ടിവളർത്താൻ,എതിരാളികളെ നേരിടുംമുമ്പ് ആ മുടിയിഴകൾ പിറകിൽ നിന്ന് വലംകൈകൊണ്ടൊന്ന് തെറിപ്പിക്കാനൊക്കെ അവർ കൊതിച്ചു.

ബാബു ആന്റണിയുടെ പഴയ ഫോട്ടോ
ബാബു ആന്റണി ഒരു പഴയ ചിത്രംഅറേഞ്ച്‍ഡ്

ബാബു ആന്റണിയുടെ ഓരോ പഞ്ചിനും തിയേറ്ററുകളിൽ കൈയടികൾ. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ ആക്ഷൻഹീറോയെന്ന് വിളിക്കാമായിരുന്നു അദ്ദേഹത്തെ. അതേ നായകൻ തന്നെയാണ് വൈശാലിയിലെ ലോമപാദമഹാരാജാവും അപരാഹ്നത്തിലെ നന്ദകുമാറുമായത് എന്നറിയുമ്പോഴാണ് വെറുമൊരു അടിപ്പടങ്ങളിലൊതുങ്ങാതിരുന്ന ആ അഭിനയവൈവിധ്യത്തിന്റെ വിശാലത വ്യക്തമാകുക.

പക്ഷേ പെട്ടെന്ന് ആ താരപ്രഭയിൽ നിന്ന് എങ്ങോട്ടോ മാഞ്ഞുപോയ ബാബു ആന്റണി അടുത്തിടെ അതിശക്തമായ കഥാപാത്രങ്ങളുമായി തിരിച്ചുവരുന്ന കാഴ്ച മലയാളസിനിമ കണ്ടു. ​ഗ്രാൻഡ്മാസ്റ്ററും കായംകുളം കൊച്ചുണ്ണിയും ഇടുക്കി​ഗോൾഡും ആർ.ഡി.എക്സും മദനോത്സവവും ഏറ്റവുമൊടുവിൽ സാഹസവുമായി സിനിമാജീവിതത്തിന്റെ രണ്ടാംപകുതിയിലും പ്രേക്ഷകരെ അദ്ഭുതപ്പെടുത്തുന്ന ബാബു ആന്റണി സംസാരിക്കുന്നു.

Q

സിനിമയിലെ ന്യൂ ജനറേഷനെക്കുറിച്ച്?

A

ഒരുപാടു പേർ കഥ പറയാൻ വിളിക്കാറുണ്ട്. ഒന്നും രണ്ടും ഷോട്ട് ഫിലിമൊക്കെ ചെയ്തിട്ട് 'സാർ ഞാനൊരു സിനിമ ചെയ്യുന്നു' എന്നൊക്കെ പറഞ്ഞ്. അവർക്ക് എന്താണ് സിനിമയെക്കുറിച്ച് അറിയാവുന്നത്? ആരെയും അസിസ്റ്റ് ചെയ്തിട്ടു കൂടിയില്ല. സിനിമ എന്തെന്നറിയില്ല. ഡിജിറ്റൽ ക്യാമറ കൂടി വന്നതോടെ ആർക്കും സിനിമ എടുക്കാമെന്ന അവസ്ഥയായി. ഒരു പ്രൊഡ്യൂസറെ കൂടി കിട്ടിയാൽ കാര്യം ഓകെ. ഒടിടി- സാറ്റലൈറ്റ് റൈറ്റ് കിട്ടിയാൽ പ്രൊഡ്യൂസർക്ക് പൈസയും മുടക്കേണ്ട. അങ്ങനെ ഒരുപാട് സിനിമകൾ വന്നു. അതെല്ലാം സിനിമാ ഇൻഡസ്ട്രിയെ ഒരു വഴിക്കാക്കുകയും ചെയ്തു. എന്നാൽ, ഈ പ്രവണത മലയാള സിനിമയെ നാല്പതു വർഷം പിന്നിലേക്കു കൊണ്ടുപോയി. ന്യൂ ജനറേഷനെന്നൊക്കെ അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും വികലമായ സിനിമകളും ഉണ്ടാകുന്നു.

ബാബു ആന്റണി
ബാബു ആന്റണിഫോട്ടോ-അറേഞ്ച്ഡ്
Must Read
'ലാൽജോസ് മാജിക് എന്നൊന്നില്ല'
ബാബു ആന്റണി
Q

പുതിയ തലമുറയിൽ എല്ലാവരും അങ്ങനെയല്ലല്ലോ?

A

തീർച്ചയായും അല്ല. ആഷിഖ് അബുവിനെപ്പോലെ ന്യൂജനറേഷന്റെ സംഭാവനയായ ഒരുപാട് പേരുണ്ട്. അവരിൽ കുറേപ്പേർക്കൊപ്പം വർക്ക് ചെയ്യാനും എനിക്ക് സാധിച്ചു. ആഷിഖിനെപ്പോലെതന്നെ, മരണമാസിന്റെ സംവിധായകൻ ശിവപ്രസാദ്, സാഹസത്തിന്റെ സംവിധായകൻ ബിബിൻ കൃഷ്ണ,മദനോത്സവം സംവിധായകൻ സുധീഷ് ​ഗോപിനാഥ് തുടങ്ങിയവർ ഉദാഹരണം. അവർക്കൊപ്പമുള്ള സിനിമകൾ ഞാൻ ആസ്വദിച്ച് ചെയ്തവയാണ്. അതുപോലെ ​ഗൗതം മേനോനും റോഷൻ ആൻഡ്രൂസും എം.മോഹനും പോലെയുള്ള മുതിർന്ന സംവിധായകർക്കൊപ്പവും നല്ല വേഷങ്ങൾ ചെയ്തു. ഇപ്പറഞ്ഞവരൊക്കെ പ്രതിഭ കൊണ്ട് നിലനില്കും. പക്ഷേ സിനിമയെന്ന പേരിൽ എന്തും ചെയ്യാമെന്നു കരുതുന്ന ചിലരുണ്ട്. അവരെക്കുറിച്ചാണ് ഞാൻ നേരത്തെ പറഞ്ഞത്. അവർ തോന്നുന്നതെല്ലാം ചെയ്യുന്നു. അതിനെ സപ്പോർട്ട് ചെയ്യുന്ന കുറേയാളുകളുണ്ട്. തങ്ങൾ പറയുന്നതുപോലെ കേൾക്കുമെന്നതിനാൽ അവർക്കും പുതിയ സംവിധായകരെയാകും ഇഷ്ടം. അതൊക്കെ ഒഴിവാക്കേണ്ടതാണ്. അതൊന്നും സിനിമയ്ക്കു നല്ലതല്ല. മലയാള സിനിമാ ഇൻഡസ്ട്രിക്കു ഗുണം ചെയ്യുന്ന സിനിമകൾ കുറവാണ്. പത്ത് സിനിമ ഇറങ്ങിയാൽ ഒമ്പതും ഫ്ളോപ്പാകുന്ന അവസ്ഥയാണുള്ളത്.

 സാഹസത്തിന്റെ സെറ്റിൽ ബാബു ആന്റണി
ബാബു ആന്റണി 'സാഹസ'ത്തിന്റെ സെറ്റിൽഫോട്ടോ-അറേഞ്ച്ഡ്
Q

പഴയ സംവിധായകരെക്കുറിച്ച്?

A

എനിക്ക് തോന്നുന്നത് പഴയ സംവിധായകരും ഇപ്പോഴത്തെ സിനിമയെ അനുകരിക്കാൻ ശ്രമിക്കുന്നു. അവരുടെ പ്രതിഭയ്ക്കനുസരിച്ചുള്ള സിനിമ ചെയ്യുകയാണെങ്കിൽ ഒരിക്കലും അതു പരാജയപ്പെടില്ല. ഞാൻ തന്നെ അദ്ഭുതപ്പെട്ടിട്ടുണ്ട്, പലരും ഈ തരംഗത്തിലേക്കു കടക്കാൻ ശ്രമിച്ചിട്ട് ഒന്നുമില്ലാതെ അപ്രത്യക്ഷമാകുന്ന അവസ്ഥ. ആരുടെയും പേരു ഞാൻ പറയുന്നില്ല. ഒടിടിയുടെയും സാറ്റലൈറ്റ് റൈറ്റിന്റെ കാര്യത്തിൽ ചാനലുകൾ സ്ട്രിക്ടായതോടെ ആ പ്രവണത കുറഞ്ഞിട്ടുണ്ട്. സിനിമയ്ക്കൊരു ഗ്രാമറുണ്ട്. അതു തെറ്റിക്കാം. പക്ഷേ, അതിനൊരു പരിധിയുണ്ട്. ഒടിടി ചിലർ ദുരുപയോ​ഗപ്പെടുത്തിയതുകൊണ്ടാണ് ആ സാധ്യത ഇല്ലാതായത്. മുമ്പ് ഒരുമാസം ഇരുപതും മുപ്പതും സിനിമകൾ ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്യുമായിരുന്നു. ഇപ്പോഴത് ഏഴും എട്ടും ഒക്കെയായി കുറഞ്ഞു. നല്ല സിനിമകളെടുക്കുക,പ്രേക്ഷകരുടെ അഭിപ്രായം നേടുകയെന്നത് ഇന്നത്തെക്കാലത്ത് വളരെ പ്രധാനമാണ്. ഒടിടി-സാറ്റലൈറ്റ് റൈറ്റ്സിനുവേണ്ടിപടമെടുത്ത് ലാഭമുണ്ടാക്കാൻ ശ്രമിക്കുന്ന പ്രവണത കുറഞ്ഞേ തീരൂ.

സിനിമ ഒരു കലാരൂപമാണ്. പ്രേക്ഷകർ വാഹനമോടിച്ച് വന്ന് ടിക്കറ്റെടുത്താണ് സിനിമ കാണുന്നത്. ഒരു സിനിമയ്ക്കായി അവർ സാമാന്യം നല്ലഒരു തുക ചെലവാക്കുന്നുണ്ട്. അപ്പോൾ അവരെ ആനന്ദിപ്പിക്കുന്ന,അവരെ തിയേറ്ററിൽ എൻ​ഗേജ് സിനിമകളാണ് ഉണ്ടാകേണ്ടത്. അതല്ലാതെ ഒടിടിക്ക് വേണ്ടിയുള്ള സിനിമകളല്ല. ഇപ്പോൾ ആദ്യത്തെ രണ്ടാഴ്ച നിർമാതാക്കൾ തന്നെ പൈസമുടക്കി തിയേറ്ററിൽ ആളെക്കയറ്റുന്നു എന്ന് കേൾക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം അതൊരു നല്ല ടെക്നിക്ക് ആയിരിക്കാം. പക്ഷേ അതൊന്നും അധികകാലം നിലനില്കില്ല.

എനിക്ക് തോന്നുന്നത് പഴയ സംവിധായകരും ഇപ്പോഴത്തെ സിനിമയെ അനുകരിക്കാൻ ശ്രമിക്കുന്നു. അവരുടെ പ്രതിഭയ്ക്കനുസരിച്ചുള്ള സിനിമ ചെയ്യുകയാണെങ്കിൽ ഒരിക്കലും അതു പരാജയപ്പെടില്ല. സിനിമയ്ക്കൊരു ഗ്രാമറുണ്ട്. അതു തെറ്റിക്കാം. പക്ഷേ, അതിനൊരു പരിധിയുണ്ട്.
Q

സിനിമ തിരഞ്ഞെടുക്കുന്ന രീതി?

A

കഥാപാത്രങ്ങൾ ഇഷ്ടപ്പെട്ടാൽ മാത്രമാണ് അഭിനയിക്കുക. ഇപ്പോൾ എന്നെ സമീപിക്കുന്നവരും അത്തരത്തിൽ ശ്രദ്ധിച്ചേ വരൂ. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പു മൂലം ഇടവേളകൾ വരാറുണ്ട്. ഞാനിപ്പോൾ യുഎസിൽ നിന്നു സിനിമയ്ക്കു മാത്രമായാണ് ഇങ്ങോട്ടു വരുന്നത്. പക്ഷേ, ദൂരം വിഷയമല്ല. സ്ക്രിപ്റ്റൊക്കെ മെയിൽ ചെയ്യും, വാട്ട്സാപ്പിൽ സംസാരിക്കും. ഇന്നെല്ലാം എളുപ്പമാണ്.

ബാബു ആന്റണിയും സഞ്ജയ്മിത്രയും 'വൈശാലി'യിൽ
'വൈശാലി'യിൽ ബാബു ആന്റണിയും സഞ്ജയ്മിത്രയുംഫോട്ടോ-അറേഞ്ച്ഡ്
Q

അമേരിക്കൻ ജീവിതം?

A

എന്റെ ഭാര്യ മറ്റൊരു നാട്ടുകാരിയാണ്. പന്ത്രണ്ട് കൊല്ലം ഇന്ത്യയിൽ ഉണ്ടായിരുന്നു. ഇന്ത്യയിലൊരു സ്ഥിരതാമസം അവരെ സംബന്ധിച്ച് ’ഫിഷ് ഔട്ട് ഓഫ് വാട്ടർ’ എന്ന അവസ്ഥയിലേക്കു പോകും. അതുകൊണ്ട് അവിടെ സെറ്റിൽ ചെയ്തു. ഇനി കുറച്ചുനാൾ അവരുടെ കൾച്ചറിലും ജീവിക്കട്ടെ. വേണമെങ്കിൽ തിരിച്ചുവരാം. അമേരിക്കയിൽ മാർഷ്യൽ ആർട്സ് സ്കൂൾ ഉണ്ട്. മിക്സ്ഡ് മാർഷ്യൽ ആർട്ട് ആണ് പഠിപ്പിക്കുന്നത്. കുറേ കുട്ടികളുണ്ട്. അറിഞ്ഞും കേട്ടും വരുന്ന ആളുകൾ മാത്രമേയുള്ളു. പിന്നെ, ധാരാളം സിനിമ കാണാറുണ്ട്. സിനിമയെക്കുറിച്ചുള്ള ഓരോ ചിന്തകൾ എപ്പോഴും മനസിൽ ഓടിക്കൊണ്ടിരിക്കും.

ബാബു ആന്റണിയും കുടുംബവും
ബാബു ആന്റണിയും കുടുംബവുംഫോട്ടോ-അറേഞ്ച്ഡ്
Q

സംവിധാനം ആഗ്രഹിച്ചിട്ടുണ്ടോ?

A

സംവിധാനം എന്റെ ഡ്രീം പ്രൊജക്ടാണ്. എൻറെ മനസിലുള്ള കഥ പല സംവിധായകരോടും പറഞ്ഞിരുന്നു. അവരെല്ലാം പറഞ്ഞത് ഇതു നിങ്ങളുടെ മനസിൽ ആഴത്തിൽ കിടക്കുന്ന കഥയാണ്. ഞങ്ങൾ ചെയ്യുമ്പോൾ അതു വേറൊരു തലത്തിലേക്കു പോകും. ചെയ്തുതരാൻ ഞങ്ങൾക്കു കുഴപ്പമൊന്നുമില്ല, എന്നാലും ബാബു തന്നെ ഇതു സംവിധാനം ചെയ്യുന്നതാണു നല്ലതെന്ന് അവർ തന്നെ പറഞ്ഞു. അങ്ങനെ തീരുമാനിച്ചപ്പോൾ ഒന്നുരണ്ടു നിർമാതാക്കൾ വന്നു. അവർ ഈ ക്യാരക്ടറിന് ഇന്നയാളെ സെലക്ട് ചെയ്യണം, സാറ്റലൈറ്റ് റേറ്റുണ്ട് എന്നൊക്കെ പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു, സാറ്റലൈറ്റ് റേറ്റിനു വേണ്ടിയല്ല ഓഡിയൻസിന് വേണ്ടിയാണ് സിനിമയെടുക്കുന്നതെന്ന്. അങ്ങനെ അത് പല നിർമാതാക്കളും ഇട്ടിട്ടു പോയി. പറ്റിയ പ്രൊഡ്യൂസറെ കിട്ടിയാൽ തീർച്ചയായും ആ സിനിമ ചെയ്യും. പക്ഷേ, അതിനായി ഞാൻ വളരെ കാര്യമായൊന്നും ശ്രമിക്കാറില്ല.

ബാബു ആന്റണി നായകനായി 1994-ൽ പുറത്തിറങ്ങിയ ഭരണകൂടം എന്ന സിനിമയുടെ പോസ്റ്റർ
ബാബു ആന്റണി നായകനായി 1994-ൽ പുറത്തിറങ്ങിയ 'ഭരണകൂടം' എന്ന സിനിമയുടെ പോസ്റ്റർഅറേഞ്ച്ഡ്
Q

ബാബു ആൻറണി എന്ന നടനെ മലയാള സിനിമ ഉപയോഗിച്ചിട്ടില്ല എന്ന് തോന്നിയിട്ടുണ്ടോ?

A

പലപ്പോഴും അങ്ങനെ തോന്നിയിട്ടുണ്ട്. ചിലപ്പോൾ രചയിതാക്കളുടെയോ സംവിധായകരുടെയോ മനസിൽ എനിക്കു പറ്റിയ കഥാപാത്രങ്ങളൊന്നും വന്നില്ലായിരിക്കാം. ആരെയും കുറ്റപ്പെടുത്തുന്നില്ല. പിന്നെ, എനിക്കു കൂടി ഇഷ്ടപ്പെട്ടാലേ സിനിമ ചെയ്യാനൊക്കൂ. ഒരു കണക്കിൽ ഇടവേള നന്നായി. ഒരു നടനെന്ന നിലയിൽ കൂടുതൽ പഠിക്കാനും പക്വത നേടാനും സാധിച്ചു. പക്ഷേ പുതുതലമുറയിലെ സംവിധായകരിൽ നിന്ന് ഞങ്ങൾ ബാബു ആന്റണിയുടെ ബി​ഗ് ഫാൻ ആണ് എന്ന് കേൾക്കുന്നത് വലിയ സന്തോഷം തരുന്നു. ജൂ‍ഡ് ആന്റണി ജോസഫ്,തരുൺമൂർത്തി,ഡൊമിനിക് അരുൺ തുടങ്ങിയവരെയൊക്കെ അവരുടെ സിനിമകൾ വിജയിച്ചപ്പോൾ ഞാൻ വിളിച്ച് അഭിനന്ദിച്ചിരുന്നു. എനിക്ക് നല്ലതെന്ന് തോന്നുന്ന സിനിമകളുടെ സംവിധായകരെയൊക്ക ഇങ്ങനെ വിളിച്ച് എന്റെ സന്തോഷം പങ്കുവയ്ക്കാറുണ്ട്. അങ്ങനെ ഞാൻ വിളിക്കുന്ന പുതുതലമുറയിൽപെട്ടവരെല്ലാം പറയുന്ന കാര്യമാണ് നേരത്തെ പറഞ്ഞത്. എന്നെങ്കിലും ഒരുമിച്ച് സിനിമ ചെയ്യണം എന്നും അവർ പറയാറുണ്ട്. ആ സിനിമകൾ എന്നെങ്കിലുമൊക്കെ സംഭവിക്കുമായിരിക്കും.

ബാബു ആന്റണി
ബാബു ആന്റണിഫോട്ടോ-അറേഞ്ച്ഡ്
Q

ശരീരപ്രകൃതി എത്രത്തോളം തുണച്ചു?

A

'അപരാഹ്ന'ത്തിലാണ് ആദ്യമായി ഹീറോ ആകുന്നത്. സംവിധായകൻ എം.പി. സുകുമാരൻ നായർ കർക്കശമായിട്ട് പറഞ്ഞു ബാബു ആൻറണി തന്നെ നന്ദകുമാർ എന്ന കഥാപാത്രം ചെയ്യണമെന്ന്. അടൂർ ഗോപാലകൃഷ്ണൻ സാർ വരെ ചോദിച്ചു അയാളുടെ ശരീരം വച്ചിട്ട് എങ്ങനെ ഈ കഥാപാത്രം ചെയ്യുമെന്ന്. എന്നാൽ സുകുമാരൻ നായർക്ക് വിശ്വാസമുണ്ടായിരുന്നു. അപാരഹ്നത്തിനുവേണ്ടി ഞാൻ ശരീരഭാരം പന്ത്രണ്ടുകിലോ കുറച്ചു,മുടിയും താടിയുമെല്ലാം വെട്ടി. മുടിവളർത്തിയ താടിയുള്ള രൂപം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി മാറിയ സമയമായിരുന്നു അത്. എന്നിട്ടും റിസ്കെടുത്ത് താടിയും മുടിയുമെല്ലാം 'അപരാഹ്ന'ത്തിലെ കഥാപാത്രത്തിനുവേണ്ടി ഉപേക്ഷിച്ചു. അടൂർ സാർ അന്ന് ഒരു സംശയം പ്രകടിപ്പിച്ചതേയുള്ളൂ. പിന്നീട്, അദ്ദേഹം തന്നെ പറഞ്ഞു മലയാളത്തിൽ ഉണ്ടായ മികച്ച പത്തു സിനിമകളിൽ ഒന്നാണ് 'അപരാഹ്ന'മെന്ന്.

'അപരാഹ്ന'ത്തിൽ ബാബു ആന്റണിയും കവിയൂർ പൊന്നമ്മയും
ബാബു ആന്റണിയും കവിയൂർ പൊന്നമ്മയും 'അപരാഹ്ന'ത്തിൽഫോട്ടോ-അറേഞ്ച്ഡ്

നാലുപതിറ്റാണ്ടോളമായി മലയാളസിനിമയിലുള്ള ബാബു ആന്റണി സംസാരിച്ചുനിർത്തുമ്പോൾ തോന്നുക ഈ നടനെ മലയാളസിനിമ വേണ്ടവിധം ഇനിയും ഉപയോ​ഗിച്ചിട്ടില്ല എന്നാണ്. ബാബു ആന്റണിയെ ഇഷ്ടപ്പെടുന്ന ഒരു തലമുറ ഇപ്പോഴും ഇവിടെയുണ്ട്. തൊണ്ണൂറുകളിൽ യൗവനവും കൗമാരവും പിന്നിട്ടവർ. അതുപോലെ ജൻസി പ്രേക്ഷകരെ ആകർഷിക്കുന്ന വെടിമരുന്നുള്ള നടനുമാണ് അദ്ദേഹം. ബാബു ആന്റണിക്ക് കിട്ടുന്ന കൈയടികൾ ഫാൻസ് അസോസിയേഷന്റേതല്ല. എന്നിട്ടും ബാബു ആന്റണിയെ എന്തുകൊണ്ടോ ആരും കാണാതെ പോകുന്നു..വിജയങ്ങളുണ്ടാകുമ്പോൾ അതിന്റെ തുടർച്ചകളുണ്ടാക്കുന്ന രീതി ഇനിയും മലയാളസിനിമ പരീക്ഷിക്കുന്നില്ല. തമിഴിലും തെലുങ്കിലുമൊക്കെ അതുണ്ട്. അങ്ങനെയുണ്ടായിരുന്നെങ്കിൽ ആർ.ഡി.എക്സിനുശേഷം ചിലപ്പോൾ അതിന്റെയൊരു ബാബു ആന്റണി തുടർച്ച ഇവിടെ സംഭവിച്ചേനേ...

Pappappa
pappappa.com