
ലാൽ ജോസ് ജനപ്രിയ സംവിധായകനാണ്. വ്യത്യസ്തമായ ശൈലിയിലൂടെ, വിഷയവൈവിധ്യത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ ചലച്ചിത്രകാരൻ. മഹാവിജയങ്ങളും പരാജയങ്ങളുമൊക്കെ ചേർന്നതാണ് ലാൽ ജോസ് എന്ന സംവിധായകന്റെ ജീവിതം. മീശമാധവൻ, ചാന്തുപൊട്ട്, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, 41 തുടങ്ങി വ്യത്യസ്തങ്ങളായ എത്രയോ ചിത്രങ്ങൾ..ലാൽ ജോസ് ചലച്ചിത്രവഴികളെക്കുറിച്ച് സംസാരിക്കുന്നു.
സിനിമാപ്രവേശം
1998ൽ ആണ് 'ഒരു മറവത്തൂർ കനവ്’ എന്ന എന്റെ ആദ്യ സിനിമ സംഭവിക്കുന്നത്. സ്വതന്ത്ര സംവിധായകനാകുന്നതിനു മുമ്പ് ഒമ്പതു വർഷത്തോളം അസിസ്റ്റന്റ് ഡയറക്ടർ, അസോസിയേറ്റ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. സിനിമയിലെ മുപ്പതിലേറെ വർഷം.അതൊരു വലിയ യാത്രയാണ്. വേറിട്ട ഒരു യാത്ര എന്നും പറയാം. ഒറ്റപ്പാലത്തെ ഗ്രാമപ്രദേശത്ത് ജനിച്ചു വളർന്ന ഞാൻ ഒരിക്കലും സിനിമയിൽ വരുമെന്നു കരുതിയിരുന്നില്ല. പഠനകാലത്ത് സിനിമ കാണുന്നത് ഇഷ്ടമാണ് എന്നതിലുപരി സിനിമ മനസിൽ കൊണ്ടു നടന്നിട്ടില്ല. സിനിമയുമായി ബന്ധമൊന്നുമില്ലാത്ത കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അച്ഛനും അമ്മയും അധ്യാപകരായിരുന്നു. പ്രത്യേകിച്ച് ലക്ഷ്യബോധമൊന്നുമില്ലാത്ത ഒരു കാലഘട്ടം ആയിരുന്നു അത്. സിനിമയിൽ വരണമെന്നോ, സംവിധായകനാകണമെന്നോ അങ്ങനെ ആഗ്രഹങ്ങളൊന്നും മനസിൽ പോലും ഉണ്ടായിട്ടില്ല.
ഡിഗ്രി പഠനം കഴിഞ്ഞപ്പോൾ ദുബായിൽ ഒരു ജോലി ശരിയായി. ജോലിയുമായി ബന്ധപ്പെട്ടാണ് മാനുവൽ കളർ പ്രോസസിങ് പഠിക്കാൻ ചെന്നൈയിലേക്ക് വണ്ടികയറുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് പ്രിന്റിങ് അറിയാമായിരുന്നു. പഠിക്കുന്ന കാലത്ത് കേരള കൗമുദി ദിനപ്പത്രത്തിന്റെ റിപ്പോർട്ടറും ഫോട്ടോഗ്രഫറും ഒറ്റപ്പാലം ഏജന്റുമായിരുന്നു ഞാൻ. പത്രത്തിലെ ജോലിയുടെ ആവശ്യത്തിന് അവിടെയുള്ള ഒരു സ്റ്റുഡിയോയിൽ നിന്ന് ബ്ലാക്ക് ആൻഡ് വൈറ്റ് പ്രോസസിങ് പഠിച്ചിരുന്നു. അക്കാലത്ത് മുംബൈയിലും ചെന്നൈയിലുമായിരുന്നു ഈ കോഴ്സ് ഉണ്ടായിരുന്നത്. മുംബൈയ്ക്കാണ് ഞാൻ വണ്ടി കയറിയിരുന്നതെങ്കിൽ എന്റെ ജീവിതം മാറിപ്പോകുമായിരുന്നു. ചെന്നൈയിലേക്ക് വണ്ടി കയറാൻ മറ്റൊരു കാരണം കൂടിയുണ്ട്. എന്റെ സുഹൃത്തും സഹപാഠിയും ഗായകനുമായ ദിനേശ് ചെന്നൈയിലുണ്ട്. അക്കാരണത്താൽ എനിക്കു വീട്ടിൽനിന്ന് ചെന്നൈയിലേക്കുള്ള യാത്രയ്ക്ക് അനുമതി ലഭിച്ചു.
ചെന്നൈ ജീവിതം
ചെന്നൈയിൽ, സിനിമയിൽ ജോലി ചെയ്യുന്നവർ താമസിക്കുന്ന സ്ഥലത്താണ് എനിക്ക് താമസം ശരിയായത്. അസിസ്റ്റന്റ് ഡയറക്ടർ, മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങിയവർ താമസിക്കുന്ന സ്ഥലമായിരുന്നു അത്. അവിചാരിതമായാണ് എനിക്ക് ഡയറക്ടർ കമൽ സാറിനെ പരിചയപ്പെടാൻ അവസരം ലഭിച്ചത്. അതായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്. സിനിമ എന്താണ്, എങ്ങനെയാണ് ഒരു സിനിമ ഉണ്ടാകുന്നത് എന്നറിയാനും പഠിക്കാനും ആഗ്രഹമുണ്ടായി. അങ്ങനെയാണ് കമൽ സാറിന്റെ കൂടെ പ്രാദേശികവാർത്തകൾ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്തത്. കോഴിക്കോടായിരുന്നു സിനിമയുടെ ചിത്രീകരണം. സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറാകുന്ന കാര്യം വീട്ടിൽ പറഞ്ഞിരുന്നില്ല. ഷൂട്ടിങ് കഴിഞ്ഞതിനു ശേഷമാണ് ഇക്കാര്യം ഞാൻ വീട്ടിൽ പറയുന്നത്. പിന്നീട്, കമൽ സാറിന്റെ കൂടെ ഒമ്പതു വർഷത്തോളം പ്രവർത്തിച്ചു. അസിസ്റ്റന്റ് ഡയറക്ടറുടെ ജോലി വലിയ പ്രതിഫലമൊന്നും കിട്ടുന്നതായിരുന്നില്ല. വർഷത്തിൽ രണ്ട് സിനിമയാണ് കമൽ സാർ ചെയ്തിരുന്നത്. ഇതിനിടയിൽ വിവാഹം കഴിഞ്ഞു. കോടമ്പാക്കമെന്നാൽ എടുത്തുപറയേണ്ട കാര്യമില്ല, സിനിമാക്കാരുടെ താവളമാണ്. ഒരുപാടു പേരുടെ ഉയർച്ചയും താഴ്ചയും ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്.
സിനിമയിലെ മാറ്റങ്ങൾക്കൊപ്പം
ശരിയാണ്. സിനിമയിലെ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കാൻ കഴിഞ്ഞ വ്യക്തിയാണ് ഞാൻ. പണ്ട് ഒരു സിനിമ പൂർത്തിയാകാൻ എല്ലാ ജോലികളും ഉൾപ്പെടെ നാലു മുതൽ അഞ്ചു മാസം വരെ എടുക്കുമായിരുന്നു. സിനിമ അനലോഗിൽ നിന്ന് ഡിജിറ്റലിലേക്ക് മാറി. ഡിജിറ്റലിൽ തന്നെ നിരവധി സാങ്കേതികതകളുണ്ടായി. ഓഡിയോ സൈഡിലും വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച കാലഘട്ടമാണ് നമ്മളുടേത്. എനിക്കു കിട്ടിയ ഭാഗ്യം സിനിമയുടെ ആദ്യകാല സാങ്കേതികവിദ്യയോടൊപ്പം ആരംഭിച്ച യാത്ര ഇപ്പോഴും തുടരുന്നു എന്നതാണ്. ഓഡിയോ സൈഡിലാണെങ്കിൽ ലൂബ് സിസ്റ്റത്തിൽ വർക്ക് ചെയ്തിട്ടുണ്ട്. പിന്നീട് ടേപ്പ് വന്നു, അതിൽ വർക്ക് ചെയ്തു. 2സി ക്യാമറ ഉപയോഗിക്കുന്ന കാലം മുതൽ ഡിജിറ്റൽ ക്യാമറ ഉപയോഗിക്കുന്ന ഇക്കാലം വരെ എത്തിനിൽക്കുന്ന ചലച്ചിത്രയാത്രകൾ. സിനിമയുടെ ടോട്ടൽ സ്വഭാവത്തിനു തന്നെ മാറ്റം വന്നു. പ്രമേയം, ടെക്നോളജി, ടെക്നീഷൻസ് എല്ലാം മാറി. വലിയ ക്യാൻവാസിലായിരുന്നു നമ്മുടെ സിനിമകൾ ചെയ്തിരുന്നത്. എന്നാൽ, ഇപ്പോൾ ചെറിയ സിനിമകളും അതിന്റേതായ വിജയം കണ്ടെത്തുന്നുണ്ട്.
എന്താണ് ആ 'ലാൽ ജോസ് മാജിക്’
അങ്ങനെയൊരു 'മാജിക്’ ഇല്ല. ഉണ്ടായിരുന്നെങ്കിൽ എന്റെ എല്ലാ സിനിമകളും വിജയിക്കണമല്ലോ. പരാജയപ്പെട്ട സിനിമകളും എന്റെ കരിയറിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ, സിനിമകളുടെ ചിത്രീകരണം ആരംഭിക്കുന്ന വാർത്തകൾ പുറത്തുവരുന്ന സമയം മുതൽ പ്രേക്ഷകർ എന്റെ സിനിമയെ ശ്രദ്ധിക്കാറുണ്ട്. വർഷങ്ങൾനീണ്ട സംവിധാന ജീവിതത്തിനിടയിൽ അക്കാര്യം ഞാൻ മനസിലാക്കിയിട്ടുണ്ട്. ചിലപ്പോൾ, എന്റെ പരാജയചിത്രത്തിനു ശേഷം വരുന്ന സിനിമയാകാം. എന്നാലും എന്താണ് ലാൽ ജോസിന്റെ പുതിയ സിനിമ എന്ന് പ്രേക്ഷകർ നോക്കുന്നുണ്ട്. തുടക്കം മുതൽ വ്യത്യസ്തയ്ക്കു വേണ്ടി ഞാൻ ശ്രമിക്കാറുണ്ട്. വ്യത്യസ്തമായ, പൂർവഭാരമില്ലാത്ത കഥകൾ, കാസ്റ്റിങ്, ടെക്നീഷ്യൻസ് തുടങ്ങി പുതുമയുള്ളതാകാൻ ശ്രമം നടത്താറുണ്ട്. പഴയ കാലമല്ല. പ്രേക്ഷകരുടെ അഭിരുചിയിലൊക്കെ മാറ്റം വന്നുകൊണ്ടിരിക്കുന്നു. മാറ്റം എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. പുതിയ മാറ്റങ്ങൾക്കും വിഷയവൈവിധ്യങ്ങൾക്കും വേണ്ടി ശ്രമങ്ങൾ തുടരുന്നു.
ജനപ്രിയ സിനിമകളും രസക്കൂട്ടും
പലരും പറയാറുണ്ട്, പ്രേക്ഷകരുടെ പൾസ് നോക്കി ചെയ്ത സിനിമയാണെന്ന്. അങ്ങനെ, പ്രേക്ഷകരുടെ പൾസ് മുൻകൂട്ടി നിശ്ചയിക്കാൻ പറ്റുമെന്ന് വിശ്വസിക്കുന്നില്ല. അങ്ങനെയാണെങ്കിൽ എല്ലാ സിനിമകളും ഹിറ്റ് ആകണമല്ലോ. ഞാൻ എന്റെ ഇഷ്ടങ്ങൾ നോക്കിയാണ് വിഷയങ്ങൾ സ്വീകരിക്കുന്നത്. ചിലപ്പോൾ അതു പ്രേക്ഷകർ സ്വീകരിക്കും. ചിലപ്പോൾ മറിച്ചു സംഭവിക്കും. എന്റെ ഇഷ്ടവും പ്രേക്ഷകരുടെ ഇഷ്ടവും ഒരേ രേഖയിൽ വരുമ്പോഴാണ് വിജയങ്ങൾ ഉണ്ടാകുന്നത്. പരാജയപ്പെട്ട സിനിമകൾ മോശമാണെന്ന് കരുതുന്നില്ല. സിനിമയുടെ വിഷയം അക്കാലത്തെ പ്രേക്ഷകരുടെ ഇഷ്ടവുമായി ചേർന്നുപോയില്ല എന്നു വേണം കരുതാൻ. എല്ലാ സിനിമകളെയും ഗൗരവത്തോടുകൂടിയാണു കണ്ടിട്ടുള്ളത്.
ഗുരുവായ കമലിനൊപ്പമുള്ള ചലച്ചിത്ര യാത്രകൾ
എന്റെ സിനിമയിൽ വർക്ക് ചെയ്ത ആർട്ടിസ്റ്റുകൾ പിന്നീട്, കമൽ സാറിന്റെ സിനിമകളിൽ വർക്ക് ചെയ്ത ശേഷം എന്നെ കാണുമ്പോൾ പറയാറുണ്ട്, എനിക്ക് കമൽ സാറിന്റെ വർക്ക് പാറ്റേണുമായി സാമ്യമുണ്ടെന്ന്. പ്രത്യക്ഷത്തിൽ എന്റെ സിനിമകളും കമൽ സാറിന്റെ സിനിമകളും തമ്മിൽ യാതൊരുവിധ സാമ്യവുമില്ല. വ്യത്യസ്ത സിനിമകളും അപ്രോച്ചുമാണ് ഞങ്ങൾക്കുള്ളത്. എന്നാൽ, അദ്ദേഹത്തിൽ നിന്നു കിട്ടിയിട്ടുള്ള ബേസ്മെന്റിൽ തന്നെയാണ് എന്റെ ചലച്ചിത്ര കാഴ്ചപ്പാടുകൾ ഉണ്ടായിട്ടുള്ളത്. കമൽ സാറിന്റെ കൂടെ മാത്രമല്ല, മറ്റു പലരുടെയും അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ, സിനിമയെ സംബന്ധിച്ചുള്ള പ്രാഥമിക പാഠങ്ങൾ കമൽ സാർ എന്ന ഗുരുമുഖത്തു നിന്നാണ് പഠിച്ചിട്ടുള്ളത്.
ശ്രീനിയേട്ടൻ വലിയ പാഠപുസ്തകം
ലോഹിയേട്ടൻ (ലോഹിതദാസ്) തിരക്കഥയെഴുതി ഹരികുമാർ സാർ സംവിധാനം ചെയ്ത സിനിമയാണ് 'ഉദ്യാനപാലകൻ' (1996). മമ്മൂക്കയാണ് ചിത്രത്തിലെ നായകൻ. എന്നെ സിനിമയിൽ അസോസിയേറ്റ് ആയി റെക്കമെൻഡ് ചെയ്തത് മമ്മൂക്കയാണ്. സിനിമയുടെ ചർച്ചകൾ നടക്കുമ്പോൾ മമ്മൂക്കയാണ് എന്നെ സജസ്റ്റ് ചെയ്യുന്നത്. കമൽ സാറിന്റെ കൂടെ ഒരു പയ്യനുണ്ട്, അവനെ അസോസിയേറ്റ് ആയി വച്ചാൽ മതി നന്നായിരിക്കും എന്നാണ് മമ്മൂക്ക പറഞ്ഞത്. 'ഈ പുഴയും കടന്ന്' എന്ന സിനിമയുടെ വർക്ക് നടക്കുന്ന സമയം കൂടിയാണ്. കമൽ സാറാണ് എന്നെ 'ഉദ്യാനപാലകനി'ൽ ജോയിൻ ചെയ്യാൻ നിർബന്ധിച്ചത്. ലോഹിതദാസിന്റെ സിനിമയിൽ വർക്ക് ചെയ്യണം, അതൊരു പാഠമായിരിക്കുമെന്നും ഞങ്ങൾ തമ്മിൽ ചില സൗന്ദര്യപ്പിണക്കങ്ങൾ ഉണ്ട് അതെല്ലാം മാറട്ടെയെന്നും കമൽ സാർ പറഞ്ഞു. അത്തരത്തിൽ കാഴ്ചപ്പാടുകൾ ഉള്ള വ്യക്തിയാണ് കമൽ സാർ.
കമൽ ചിത്രങ്ങളായ ചമ്പക്കുളം തച്ചൻ, മഴയെത്തും മുമ്പേ എന്നീ സിനിമകളുടെ സ്ക്രിപ്റ്റിങ് പാറ്റേണിന്റെ ഇൻഫ്ളുവൻസ് എന്റെ സിനിമയിൽ ഉണ്ടായിട്ടുണ്ട്. കമൽ സാറും ശ്രീനിയേട്ടനും (ശ്രീനിവാസൻ) തമ്മിലുള്ള തിരക്കഥാചർച്ചകളിൽ സജീവമായി ഇരുന്നിട്ടുണ്ട്. ശ്രീനിയേട്ടനിൽ നിന്നു വിലപ്പെട്ട പാഠങ്ങൾ സ്വായത്തമാക്കിയിട്ടുണ്ട്. ശ്രീനിയേട്ടനെയും ഗുരുനാഥന്റെ സ്ഥാനത്താണു കാണുന്നത്.
തമ്പികണ്ണന്താനം, ലോഹിതദാസ്, ഹരികുമാർ, വിനയൻ, കെ.കെ. ഹരിദാസ് എന്നിവരോടൊപ്പം
നിസാറിന്റെ 'സുദിനം' എന്ന സിനിമയാണ് ആദ്യമായി ചെയ്തത്. കെ.കെ. ഹരിദാസ് ആയിരുന്നു അതിന്റെ അസോസിയേറ്റ്. ശബരിമല യാത്രയ്ക്ക് ഹരിദാസ് പോയതുകൊണ്ട് ഞാൻ അസോസിയേറ്റ് ആകുകയായിരുന്നു. തമ്പി കണ്ണന്താനത്തിനൊപ്പം 'മാന്ത്രികം' ചെയ്തു. ആദ്യമായിട്ടായിരുന്നു ആക്ഷൻ സിനിമയിൽ വർക്ക് ചെയ്യുന്നത്. അതുവരെ വർക്ക് ചെയ്ത സിനിമകളിൽ നിന്നു അപ്പാടെ വ്യത്യസ്തമായിരുന്നു 'മാന്ത്രികം'. സെറ്റുകളിലായിരുന്നു ചിത്രീകരണം. മേൽപ്പറഞ്ഞ എല്ലാ സംവിധായകരും കമൽ സാറിന്റെ സ്കൂളിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. കമൽ സാറിന്റെ സെറ്റ് വലിയ സ്ട്രിക്റ്റ് ആണ്. എന്നാൽ ഇവരുടെ സെറ്റുകൾ റിലാക്സ്ഡ് ആയിരുന്നു. കമൽ സാർ വളരെ സൂഷ്മത പുലർത്തിയിരുന്നു. എന്നാൽ ഇവർ റിലാക്സ്ഡ് ആയി വേഗത്തിൽ സിനിമകൾ ചെയ്യുന്നവരാണ്. അവരുടെയൊപ്പം ഓടിയെത്തുക എന്നുള്ളത് വെല്ലുവിളിയായിരുന്നു.
'വധു ഡോക്ടറാണ്' എന്ന സിനിമയിലാണ് ഹരിദാസിനൊപ്പം പ്രവർത്തിക്കുന്നത്. സുഹൃത്തുക്കളെപ്പോലെയാണ് ഹരിദാസിന്റെ ഒപ്പം വർക്ക് ചെയ്തത്. ഹരിദാസ് എന്നെക്കാൾ സീനിയറായിരുന്നു. ഹരിദാസിന്റെ ആദ്യ സിനിമ വൻ വിജയമായിരുന്നു. ജനങ്ങളെ രസിപ്പിച്ച സംവിധായകരായിരുന്നു അവർ.
മീശമാധവൻ ദിനങ്ങൾ
'മീശമാധവൻ' സിനിമയുടെ ചർച്ചകൾ നടക്കുമ്പോൾ ഞാനും സ്ക്രിപ്റ്റ് റൈറ്റർ രഞ്ജൻ പ്രമോദും തകർന്ന അവസ്ഥയിലായിരുന്നു. രണ്ടു വർഷത്തോളം ഹോംവർക്ക് ചെയ്ത സിനിമയായിരുന്നു 'രണ്ടാം ഭാവം'. വലിയ പ്രതീക്ഷയോടെ ചെയ്ത സിനിമ. എന്നാൽ, ചിത്രം പരാജയമായിരുന്നു. അങ്ങനെയൊരു സാഹചര്യത്തിലാണ് 'മീശമാധവനെ'പ്പറ്റി ആലോചന തുടങ്ങുന്നത്. ദിലീപിന്റെ ഡേറ്റ് കൈയിലുണ്ട്. കഥയൊന്നും ആലോചനയിൽ വന്നിട്ടേയില്ല. അങ്ങനെ കഥയ്ക്കു വേണ്ടി അന്വേഷണങ്ങൾ നടന്നു. യാത്രകൾ ചെയ്തു. ചർച്ചകളുണ്ടായി. അങ്ങനെയൊരു സന്ദർഭത്തിൽ ഒരാശയം കിട്ടി. മലപ്പുറത്തുള്ള ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ നാട്ടിലുള്ള ഒരു കള്ളന്റെ കഥ പറഞ്ഞു. കഥ പറഞ്ഞുതീർന്നപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. നാട്ടുകാർ ആ കള്ളനെ അത്രയ്ക്ക് സ്നേഹിച്ചിരുന്നു. കള്ളന്റെ ഒപ്പം നിൽക്കുന്ന നാട്ടുകാർ. ആ കഥയിൽ നിന്ന് ഒരു ചെറിയ എലമെന്റ് ആണ് എടുത്തത്. രഞ്ജൻ അതിന്റെ ചിന്തകളും എഴുത്തും തുടങ്ങി.
ആ സമയത്താണ് സംവിധായകരായ റാഫി-മെക്കാർട്ടിനിലെ റാഫിയെ കാണുന്നത്. 'രണ്ടാം ഭാവം' എന്ന സിനിമയ്ക്കു സംഭവിച്ച പ്രശ്നങ്ങൾ റാഫി തന്റെ ആങ്കിളിൽ നിന്നു പറഞ്ഞു. റാഫി ആ കഥ ഇങ്ങനെ പറയാമായിരുന്നു എന്നൊരു പാറ്റേണും പറഞ്ഞു. അങ്ങനെയായിരുന്നെങ്കിൽ സിനിമ ചിലപ്പോൾ ഹിറ്റ് ആകുമായിരുന്നുവെന്ന് എനിക്കും തോന്നി. അതിനുശേഷമാണ് റാഫി-മെക്കാർട്ടിൻ ടീമിന്റെ 'തെങ്കാശിപ്പട്ടണം' എന്ന സിനിമ വരുന്നത്. അവിശ്വസനീയമായ കഥയാണ് 'തെങ്കാശിപ്പട്ടണ'ത്തിന്റേത്. ആ കഥ എങ്ങനെ വിശ്വസനീയമായ രീതിയിൽ എടുത്തു എന്നുള്ളത് വലിയ പാഠമായി എനിക്ക്. കുട്ടിക്കാലത്തു തുടങ്ങി പെട്ടെന്നു തന്നെ കഥയിലേക്കു കടക്കുന്ന സിനിമ.
'തെങ്കാശിപ്പട്ടണം' കണ്ടതിനുശേഷം എഴുത്തുനടക്കുന്ന സ്ഥലത്തെത്തി. 'മീശമാധവ'ന്റെ 26-ാളം സീനികൾ രഞ്ജൻ എഴുതിയിരുന്നു. കുന്നിന്റെ മുകളിൽ കുറുക്കൻ കൂവുന്നു.. പുരപ്പുറത്തിരുന്ന് മാധവൻ പല്ലു തേയ്ക്കുന്നു.. തുടങ്ങിയ സീനുകളിൽ നിന്നാണ് 'മീശമാധവ'ന്റെ തുടക്കം. വായിച്ച ശേഷം എഴുതിവച്ച സീനുകളിൽ പത്തെണ്ണം ഞാൻ കീറിക്കളഞ്ഞു. എന്റെ പ്രവൃത്തി കണ്ട് രഞ്ജൻ ഷോക്ക് അടിച്ച പോലെയായി. പിന്നെ, ഞങ്ങൾ ചർച്ചകൾ നടത്തി കഥയിൽ വലിയ മാറ്റങ്ങൾ വരുത്തി. തുടർന്നാണ് സിനിമ നായകനായ മാധവന്റെ കുട്ടിക്കാലം മുതൽ ആരംഭിക്കുന്നത്. അതാണ് ആ സിനിമയുടെ വിധി മാറ്റിയത്. അതുകൊണ്ടാണ് 'മീശമാധവൻ' വലിയ സക്സസ് ആയത്. കള്ളന്റെ സൈഡിൽ പ്രേക്ഷകർ നിന്നത് കുട്ടിക്കാലം വർക്ക് ചെയ്തതു കൊണ്ടാണ്.
തകർന്ന അവസ്ഥയിൽ നിന്ന് ഒരു സക്സസ് ഉണ്ടാക്കുക എന്ന പോരാട്ടമാണ് 'മീശമാധവൻ' സിനിമ. എല്ലാ ചേരുവകളും കൃത്യമായി ചേർന്ന സിനിമയാണ് 'മീശമാധവൻ'. അതേസമയം, അതേ ടീം തന്നെ ചെയ്ത സിനിമയാണ് 'പട്ടാളം'. എന്നാൽ അത് വലിയ സക്സസ് തന്നില്ല. സിനിമ പരാജയപ്പെടുമ്പോൾ നമ്മൾ വേദനിക്കും. പരാജയപ്പെടുന്നതിനേക്കാൾ അപകടമാണ് ഒരു വലിയ വിജയമുണ്ടാകുന്നത്. വിജയത്തെ കൈകാര്യം ചെയ്യാനാണ് പരാജയത്തെ കൈകാര്യം ചെയ്യുന്നതിനേക്കാൾ ബുദ്ധിമുട്ട്.
പുതിയ താരങ്ങളും അണിയറക്കാരും
എന്റെ എല്ലാ സിനിമകളിലും ഞാൻ പുതിയവരെ ഉൾപ്പെടുത്താറുണ്ട്. 'മീശമാധവ'ന്റെ നിർമാതാക്കൾ പുതിയ കൂട്ടുകെട്ടായിരുന്നു. എന്റെ സഹപാഠിയും പ്രിയപ്പെട്ട സുഹൃത്തുമായ സുധീഷും സുബൈറുമായിരുന്നു നിർമാതാക്കൾ. ഇരുവരും ഇപ്പോഴും മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന നിർമാതാക്കളാണ്. നടി ജ്യോതിർമയി, ഗായിക റിമി ടോമി, ആർട്ട് ഡയറക്ടർ ജോസഫ് നെല്ലിക്കൽ എന്നിവർക്കും 'മീശമാധവൻ' തുടക്കമായിരുന്നു.
ദിലീപ്-ലാൽ ജോസ് ജനപ്രിയ കോമ്പോ
എന്റെ ഏഴു സിനിമകളിൽ ദിലീപ് അഭിനയിച്ചിട്ടുണ്ട്. കമൽ സാറിന്റെ ശിഷ്യന്മാരാണ് ഞങ്ങൾ, അടുത്ത സുഹൃത്തുക്കളും. 'മീശമാധവനി'ൽ അഭിനയിക്കുന്നതിനു മുമ്പുതന്നെ ദിലീപ് ജനപ്രിയ താരമായിരുന്നു. 'സല്ലാപം', 'ഈ പുഴയും കടന്ന്', 'പറക്കും തളിക' തുടങ്ങിയ ഹിറ്റുകൾ 'മീശമാധവനു' മുമ്പുള്ളതാണ്. 'മീശമാധവ'ന്റെ വൻ വിജയത്തിനു ശേഷമാണ് മീഡിയ ദിലീപിനെ സ്റ്റാർ എന്നു വിളിച്ചത്. ദിലീപിനും എനിക്കും കിട്ടിയ വിജയത്തിന് തിളക്കം കൂടുതലായിരുന്നു. ഞങ്ങൾക്ക് പരാജയവുമുണ്ട്. പരാജയങ്ങളെ മറയ്ക്കുന്നതായിരുന്നു ഞങ്ങളുടെ കൂട്ടുകെട്ടിലെ വിജയചിത്രങ്ങൾ. ആ വിജയങ്ങൾ രണ്ടു പേർക്കും ചരിത്രത്തിന്റെ താളുകളിലെഴുതാൻ കഴിയുന്നതായിരുന്നു.
പ്രിയപ്പെട്ട സിനിമ, അച്ഛനുറങ്ങാത്ത വീട്
ഞാൻ ചെയ്ത സിനിമകളിൽ പ്രിയപ്പെട്ടതാണ് 'അച്ഛനുറങ്ങാത്ത വീട്'. ആ സിനിമയുടെ കഥ ബാബു ജനാർദ്ദനൻ പറയുമ്പോൾ എന്റെ കണ്ണുനിറഞ്ഞിരുന്നു. ആരുടെ ജീവിതത്തിലും സംഭവിക്കാവുന്ന ഒരു കഥ. 'അച്ഛനുറങ്ങാത്ത വീട്' പ്രേക്ഷകർക്കിടയിൽ ചർച്ചയായ സിനിമയാണ്. നിരവധി പുരസ്കാരങ്ങളും സിനിമ നേടി.
കുഞ്ചാക്കോ ബോബനും ലാൽജോസും
ചാക്കോച്ചനും ഞാനും തമ്മിലുള്ള സൗഹൃദം ചെറിയ പിണക്കത്തിൽ നിന്നാണ് ഉടലെടുക്കുന്നത്. 'ക്ലാസ്മേറ്റ്സ്' എന്ന സിനിമയിൽ നരേൻ ചെയ്തിരുന്ന കഥാപാത്രം ആദ്യം ചെയ്യാൻ നിശ്ചയിച്ചിരുന്നത് ചാക്കോച്ചനെയായിരുന്നു. പക്ഷേ, എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ചാക്കോച്ചൻ പിന്മാറുകയായിരുന്നു. പിന്നീട്, ഒരു വേളാങ്കണ്ണി യാത്രയിലാണ് ഞങ്ങളുടെ സൗഹൃദമുണ്ടാകുന്നത്. അതൊരു ഫാമിലി ട്രിപ്പ് ആയിരുന്നു. തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലവും കുടുംബവും ആ യാത്രയിലുണ്ടായിരുന്നു. ആ സമയത്ത് മറ്റ് പടങ്ങളൊന്നും കമ്മിറ്റ് ചെയ്യാതെ നിൽക്കുന്ന സമയമായിരുന്നു. അതുവരെ ചാക്കോച്ചൻ ചെയ്തിരുന്നത് ഒരേ അപ്പിയറൻസിൻസിലുള്ള കഥാപാത്രങ്ങളായിരുന്നു. ചാക്കോച്ചന് സ്വന്തം മീശയോട് അമിതമായ താത്പര്യമുണ്ടായിരുന്നു. മീശയാണ് തന്റെ അപ്പിയറൻസിന്റെ ഒരു പ്രധാന ആകർഷണഘടകം എന്ന വിശ്വസിച്ചിരുന്നു ചാക്കോച്ചൻ. ഞാൻ പറഞ്ഞു, മീശയോടുള്ള പ്രണയം മാറ്റി വച്ചാൽ വ്യത്യസ്തമായ അപ്പിയറൻസിൽ കഥാപാത്രങ്ങൾ ചെയ്യാമെന്ന്. എന്തെങ്കിലും മാറി ചെയ്യണമെങ്കിൽ മുഖത്ത് വ്യത്യാസങ്ങൾ ഉണ്ടാകണം. അങ്ങനെയാണ് 'ഗുലുമാൽ' എന്ന ചിത്രത്തിൽ മീശ ട്രിം ചെയ്ത് ചാക്കോച്ചൻ അഭിനയിക്കുന്നത്.
ചാക്കോച്ചൻ സംവിധായകന്റെ നടനാണ്. കഥാപാത്രത്തിനു വേണ്ടി എങ്ങനെ വേണമെങ്കിലും ചാക്കോച്ചനെ നമുക്ക് ഉപയോഗിക്കാം. പ്രൊഫഷണൽ ആണ് ചാക്കോച്ചൻ. സെറ്റിൽ അദ്ദേഹത്തിന്റെ കാര്യങ്ങളെല്ലാം കൃത്യമാണ്. ചാക്കോച്ചന്റെ കൂടെ വർക്ക് ചെയ്യുക കൂടുതൽ എളുപ്പമാണ്.
ലാലേട്ടനും മമ്മൂക്കയും
ലാലേട്ടന്റെയൊപ്പം അസിസ്റ്റന്റ്, അസോസിയേറ്റ് ഡയറക്ടർ ആയിരുന്നപ്പോഴും വർക്ക് ചെയ്തിട്ടുണ്ട്. 'വിഷ്ണുലോക'മാണ് ഞാൻ ലാലേട്ടന്റെയൊപ്പം വർക്ക് ചെയ്യുന്ന ആദ്യചിത്രം. ഞാൻ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ദിലീപ് അസിസ്റ്റന്റാകുന്ന ആദ്യ ചിത്രവുമായിരുന്നു 'വിഷ്ണുലോകം'. ആ ചിത്രത്തിന്റെ സെറ്റിൽ ലാലേട്ടനെ കാണാൻ സിബി മലയിൽ സാർ വന്നപ്പോൾ എന്നെക്കുറിച്ച് ലാലേട്ടൻ നല്ല അഭിപ്രായമാണ് സിബി സാറിനോടു പറഞ്ഞത്. പിന്നെ, ലാലേട്ടന്റെ സെറ്റ് എന്നു പറയുന്നത് രസകരമാണ്. തമാശകളൊക്കെ പറഞ്ഞ് ലൈവ് ആയിരിക്കും.
മമ്മൂക്കയോടൊപ്പം ആദ്യം വർക്ക് ചെയ്യുന്നത് 'മഴയെത്തു മുമ്പേ' എന്ന സിനിമയിലാണ്. തുടർന്ന് 'അഴകിയ രാവണൻ.' മമ്മൂക്ക സീരിയസ് ആയ വ്യക്തിയാണ്. ഗൗരവത്തോടുകൂടിയുള്ള ഡിസ്റ്റൻസ് ഉണ്ടാകും ആളുകളോട്. ഞാൻ പറഞ്ഞല്ലോ, 'ഉദ്യാനപാലകനി'ൽ എന്നെ സജസ്റ്റ് ചെയ്തത് മമ്മൂക്കയാണെന്ന്. രണ്ടു പേർക്കും എന്നിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നു. മമ്മൂക്കയെ നായകനാക്കിയായിരുന്നു എന്റെ ആദ്യ ചിത്രം 'മറവത്തൂർ കനവ്.' പിന്നീട്, 19 വർഷങ്ങൾക്കു ശേഷമാണ് ലാലേട്ടനെ വച്ച് 'വെളിപാടിന്റെ പുസ്തകം' എന്ന സിനിമ ചെയ്യുന്നത്.
പാട്ടുകൾ ഹിറ്റാകാൻ കാരണം
എന്റെ സിനിമകളിൽ ഹിറ്റ് പാട്ടുകളുണ്ടാകാൻ കാരണം എനിക്ക് സംഗീതമറിയില്ല എന്നതാണ്. സംഗീതമറിയാത്തതുകൊണ്ട് മ്യൂസിക് ഡയറക്ടറോട് ഭൂപാളത്തിലൊന്നു പിടിക്കൂ...നമുക്ക് കല്യാണിയിലൊന്നു നോക്കാം എന്നൊന്നും പറയാറില്ല. ഞാൻ സംഗീതം പഠിച്ചിട്ടില്ല. പണ്ട് പള്ളി ക്വയറിൽ ഗിറ്റാർ വായിച്ചിട്ടുണ്ട് എന്നല്ലാതെ സംഗീതവുമായി ബന്ധമില്ല. മ്യൂസിക് ഡയറക്ടർക്ക് പൂർണ സ്വാതന്ത്ര്യം കൊടുക്കും. അപ്പോൾ ഏറ്റവും മികച്ചത് നൽകി അവരെന്നെ സന്തോഷിപ്പിക്കാൻ ശ്രമിക്കും. സിറ്റുവേഷൻ കൃത്യമായി സംഗീത സംവിധായകനു പറഞ്ഞുകൊടുക്കും.
വിദ്യാജി (വിദ്യാസാഗർ) യോടൊപ്പം കംപോസിങ്ങിനിരിക്കുന്നത് ഒരനുഭവമാണ്. ഇന്നുവരെ ഒരു ട്യൂണ് പോലും മോശമാണെന്ന് ഞാൻ വിദ്യാജിയോടു പറഞ്ഞിട്ടില്ല. ഒരു സിറ്റുവേഷന് അദ്ദേഹം പല ട്യൂണുകൾ കേൾപ്പിക്കും. ഞാനതു കേട്ടിരിക്കും. ഞാൻ നല്ലതാണെന്നോ ചീത്തയാണെന്നോ പറയാറില്ല. എന്റെ മുഖത്തു നോക്കുമ്പോൾ വിദ്യാജിക്ക് അറിയാം ട്യൂണ് ഇഷ്ടപ്പെട്ടോ... ഇല്ലയോ എന്ന്. എന്റെ എല്ലാ മ്യൂസിക് ഡയറക്ടേഴ്സിനൊപ്പവും നല്ല ഓർമകളുണ്ട്. വിദ്യാജി എന്നെ കൃത്യമായി മനസിലാക്കിയ സംഗീത സംവിധായകരിൽ ഒരാളാണ്. 'മറവത്തൂർ കനവി'ലെ 'കരുണാമയനേ...' എന്ന ക്രിസ്ത്യൻ ഭക്തിഗാനം അതിനുദാഹരണമാണ്. വർഷങ്ങൾക്കു ശേഷം നായകനും നായികയും പള്ളിയിൽ പ്രാർത്ഥന നടക്കുന്നതിനിടയിൽ കണ്ടുമുട്ടുന്നു. അവരുടെ മനസിൽ ഓർമകൾ മിന്നിമറിയുന്നു. കണ്ണുകളിൽ അതു കാണാം. അവരുടെ കണ്ണുകൾ തമ്മിൽ ഇടയുന്നു. ഇത്തരം കാര്യങ്ങൾ കംപോസിങ് സമയത്ത് ഞാൻ വിദ്യാജിയോടു പറഞ്ഞിരുന്നു. റെക്കോഡിങ് സമയത്ത് ചെന്നൈയിൽ എത്തിയപ്പോൾ, പ്രാർത്ഥനാഗാനത്തിന് ചേരാത്തരീതിയിൽ വ്യത്യസ്തമായി, വയലിനൊക്കെ ചേർത്ത് ഹെവി മ്യൂസിക് റെക്കോഡ് ചെയ്യുന്നു. ചോദിച്ചപ്പോൾ കംപോസിങ്ങിന്റെ സമയത്ത് ഞാൻ പറഞ്ഞത് ഓർമിപ്പിച്ചു. സീൻ ചിത്രീകരിക്കുമ്പോൾ റൗണ്ട് ട്രോളിയിട്ട് ഷൂട്ട് ചെയ്യാമെന്ന് വിദ്യാജി പറഞ്ഞു. അത്രയ്ക്കും സൂഷ്മമായി വിദ്യാജി കാര്യങ്ങൾ മനസിലാക്കും. ബിജിപാൽ ആദ്യമായി ചെയ്യുന്നത് എന്റെ സിനിമയാണ്- 'അറബിക്കഥ'. ബിജിയോടൊപ്പവും നല്ല പാട്ടുകൾ ചെയ്തിട്ടുണ്ട്. സംഗീത സംവിധായകർക്ക് അറിയാം ഏറ്റവും മികച്ചതിനു മാത്രമേ എന്നെ സന്തോഷിപ്പിക്കാൻ കഴിയൂ എന്ന്. അതുകൊണ്ട് അവർ ഏറ്റവും മികച്ചത് എനിക്കു തരുന്നു.
നടനായപ്പോൾ
പ്രൊഡ്യൂസർ, ഡിസ്ട്രിബ്യൂട്ടർ, ആക്ടർ എന്നിങ്ങനെ പ്രവർത്തിക്കുന്നുണ്ടെങ്കിലും എന്നും സംവിധായകൻ മാത്രമായിരിക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. അതാണ് എന്റെ ജോലിയെന്ന് ഞാൻ വിശ്വസിക്കുന്നു. നടനല്ല ഞാൻ, മോഹം കൊണ്ട് അഭിനയിക്കുന്നതല്ലേ. നിത്യാഭ്യാസി ആനയെ എടുക്കും എന്നു പറയുന്നതുപോലെ വർഷങ്ങളുടെ പരിചയം കൊണ്ടുള്ള അഭിനയമല്ലേ... (ചിരിക്കുന്നു)
പുതിയ തലമുറയെക്കുറിച്ച്
എല്ലാ സിനിമകളും കാണുന്ന ആളാണ്. പുതിയ ആളുകളുടെ സിനിമ വിട്ടുപോകാതെ കാണാൻ ശ്രമിക്കാറുണ്ട്. പുതിയ സാങ്കേതികവിദ്യകൾ പഠിക്കാനും സിനിമയിൽ ഉപയോഗിക്കാനും എന്നും ശ്രമിക്കുന്ന ആളാണ് ഞാൻ. പുതിയ സിനിമകളുടെ അപ്രോച്ചിൽ മാറ്റം വന്നിട്ടുണ്ട്. ആറ്റിറ്റ്യൂഡിലും മാറ്റങ്ങൾ കാണാം. സബ്ജക്ടിൽ വലിയ മാറ്റങ്ങൾ വന്നിട്ടില്ല. പ്രതീക്ഷയുള്ളവർ പുതിയ തലമുറയിലുണ്ട്. 1960-കളുടെ അവസാനത്തിൽ ജനിച്ച തലമുറയാണ് എന്റേത്. ടെലിവിഷൻ വരുന്നതിനു മുമ്പുള്ള തലമുറയാണ്. ഞങ്ങളുടെ കുട്ടിക്കാലത്ത് ടി.വി ഇല്ലായിരുന്നു. റേഡിയോ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട്, ബ്ലാക്ക് ആൻഡ് വൈറ്റ് ടി.വി വരുന്നു. തുടർന്ന് കളർ ടി.വി വരുന്നു. പിന്നീട് വി.സി.ആർ വന്നു, ലാൻഡ് ഫോണ് വന്നു. പേജർ വന്നു, മൊബൈൽ വന്നു, സ്മാർട്ട് ഫോണ് വന്നു. സി.ഡിയിൽ നിന്ന് പെൻഡ്രൈവിലേക്ക് മാറി. അങ്ങനെയങ്ങനെ.. എന്തെല്ലാം മാറ്റങ്ങൾ.
സിനിമയുടെ സാങ്കേതിവിദ്യയിലും വിപ്ലവകരമായ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ദിനംപ്രതി പുതിയ മാറ്റങ്ങൾ വരുന്നു.
ഒരു വീട്ടിൽ റേഡിയോ വച്ച് എല്ലാവരും ഒന്നിച്ച് പാട്ടു കേൾക്കുന്ന രീതി മാറി, ഒരു വീട്ടിൽ ഹെഡ്ഫോണ് വച്ച് കുടുംബാംഗങ്ങൾ വിവിധ പാട്ടുകൾ കേൾക്കുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. അവനവനിലേക്കു ചുരുങ്ങുന്നതായി തോന്നും. ടെക്നോളജി വരുത്തിയ മാറ്റം മനുഷ്യരുടെ അപ്രോച്ചിലും ആറ്റിറ്റ്യൂഡിലും സംഭവിച്ചിട്ടുണ്ട്. ഇവർക്കിടയിലേക്ക് വൈവിധ്യമാർന്ന വിഷയങ്ങൾ ഉൾക്കൊള്ളുന്ന സിനിമയാണ് നമുക്ക് ചെയ്യാൻ കഴിയുക.