

'സയാര'യുടെ ബ്ലോക്ക്ബസ്റ്റർ വിജയത്തിനു പിന്നാലെ പ്രണയചിത്രങ്ങൾക്ക് വീണ്ടും പ്രാധാന്യം നൽകാനുള്ള ഒരുക്കത്തിലാണ് നിർമാതാവ് ആദിത്യ ചോപ്ര. നിരവധി പ്രണയചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. അലി അബ്ബാസ് സഫർ, മോഹിത് സൂരി, മനീഷ് ശർമ തുടങ്ങിയ പ്രമുഖ സംവിധായകരുമായി ചേർന്നാണ് ആദിത്യയുടെ യഷ് രാജ് ഫിലിംസ് പുതിയ പദ്ധതികൾ ഒരുക്കുന്നത്.
അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഹാൻ പാണ്ഡെയും ശർവരിയും പ്രധാന വേഷങ്ങളിലെത്തും. ഗ്യാങ്സ്റ്റർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന റൊമാന്റിക് മ്യൂസിക്കൽ ചിത്രത്തിന്റെ ചിത്രീകരണം മുംബൈയിൽ ആരംഭിച്ചതായാണ് വിവരം.
അതേസമയം, 'സയാര'യിലൂടെ ശ്രദ്ധ നേടിയ അഹാൻ പാണ്ഡെ-അനീത് പദ്ദ ജോടി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മോഹിത് സൂരി സംവിധാനം ചെയ്യുന്നത്. എന്നാൽ ഇത്തവണ കോളജ് പശ്ചാത്തലത്തിലുള്ള പ്രണയകഥയുമായാണ് ഇരുവരും എത്തുക.
'ബാൻഡ് ബാജാ ബാരാത്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മനീഷ് ശർമയും പുതിയ പ്രണയചിത്രവുമായി എത്തുന്നുണ്ട്. അംബ്രിഷ് വർമയും സാറ അർജുനുമാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. പഞ്ചാബിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പ്രണയകഥയായിരിക്കും ഇത്.
ഇതിനുപുറമെ, പ്രമുഖ താരങ്ങളെ അണിനിരത്തി വമ്പൻ ബജറ്റിലുള്ള ഒരു ത്രികോണ പ്രണയകഥയും ആദിത്യ ചോപ്രയുടെ പരിഗണനയിലുണ്ട്. 2027ലെ വേനൽക്കാലത്ത് ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ.
സംഗീതത്തിന് പ്രാധാന്യമുള്ള പ്രണയചിത്രങ്ങൾക്കും ബോക്സ് ഓഫീസിൽ വലിയ വിജയമുണ്ടാകാമെന്ന് 'സയാര' തെളിയിച്ചതോടെയാണ് പുതിയ നീക്കവുമായി യഷ് രാജ് ഫിലിംസ് രംഗത്തെത്തുന്നത്. 'ധുരന്ധർ' പോലുള്ള ചിത്രങ്ങൾ ആധിപത്യം പുലർത്തുന്ന കാലത്തും പ്രണയകഥകളുടെ പഴയ വിജയഫോർമുല പുതിയ തലമുറയ്ക്കായി തിരിച്ചുകൊണ്ടുവരാനാണ് ആദിത്യ ചോപ്രയുടെ ശ്രമമെന്നാണ് വിലയിരുത്തൽ.