

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാൻ ചിത്രം 'കിങ്' വിദേശ വിതരണാവകാശത്തിൽ റെക്കോഡ് നേട്ടം സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ. 175 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ വിദേശ വിതരണാവകാശം ഫാർസ് ഫിലിംസ് സ്വന്തമാക്കിയതെന്നാണ് ബോളിവുഡ് റിപ്പോർട്ടുകൾ. ചില നിബന്ധനകൾക്ക് വിധേയമായാണ് ഈ കരാറെന്നും സൂചനയുണ്ട്.
ആദ്യം ചിത്രത്തിന്റെ വിദേശ വിതരണച്ചുമതല യഷ് രാജ് ഫിലിംസിനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ഫാർസ് ഫിലിംസ് മുന്നോട്ടുവച്ച വമ്പൻ ഓഫർ അണിയറപ്രവർത്തകർ സ്വീകരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഒരു ഇന്ത്യൻ ചിത്രത്തിന് ഇതുവരെ 100 കോടി രൂപ പോലും വിദേശ വിതരണാവകാശമായി ലഭിച്ചിട്ടില്ലെന്നിരിക്കെ, 'കിങ്' നേടിയ ഈ കരാർ ചരിത്രനേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
കരാറിന്റെ ഭാഗമായി മിഡിൽ ഈസ്റ്റ് വിപണിയിലെ വിതരണച്ചുമതല ഫാർസ് ഫിലിംസ് നിർവഹിക്കും. വിദേശരാജ്യങ്ങളിലെ ഓരോ വിപണിയിലെയും വിതരണാവകാശം വിവിധ സബ് ഡിസ്ട്രിബ്യൂട്ടർമാർക്ക് കൈമാറുകയും ചെയ്യും. വടക്കേ അമേരിക്ക, യുകെ തുടങ്ങിയ വിപണികളിലെ വിതരണക്രമത്തിലും മാറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഷാരൂഖ് ഖാന്റെ താരമൂല്യം ഒരിക്കൽക്കൂടി വ്യക്തമാക്കുന്നതാണ് വിദേശ വിതരണാവകാശവുമായി ബന്ധപ്പെട്ട ഈ റെക്കോഡ് കരാറെന്നാണ് ബോളിവുഡ് വൃത്തങ്ങളുടെ വിലയിരുത്തൽ.
അതേസമയം, ഈ തുക തിരിച്ചുപിടിക്കാൻ വിദേശ വിപണികളിൽ നിന്ന് മാത്രം ചിത്രം ഏകദേശം 48–50 മില്യൺ ഡോളർ കളക്ഷൻ നേടേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. ക്രിസ്മസ് സീസണിൽ 'അവഞ്ചേഴ്സ്: ഡൂംസ്ഡേ', 'ഡ്യൂൺ: പാർട്ട് ത്രീ', 'ജുമാൻജി' തുടങ്ങിയ വമ്പൻ ഹോളിവുഡ് ചിത്രങ്ങൾ മത്സരത്തിനുണ്ടെന്നത് 'കിങ്' നേരിടുന്ന വെല്ലുവിളിയാണ്.
സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിഷേക് ബച്ചനും ഷാരൂഖിന്റെ മകൾ സുഹാന ഖാനും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് , മാർഫ്ലിക്സ് പിക്ചേഴ്സ് എന്നിവയുടെ കീഴിൽ ഗൗരി ഖാൻ , സിദ്ധാർത്ഥ് ആനന്ദ്, മംമ്ത ആനന്ദ് എന്നിവർ ചേർന്നാണ് നിർമാണം. ഡിസംബർ 24നാണ് ചിത്രം തിയേറ്ററുകളിലെത്തുക.