

ഷാരൂഖ് ഖാന്റെ പുതിയ ചിത്രം 'കിങ്' സംഗീതസംവിധാനത്തിൽ മാറ്റം. തിരക്കേറിയ ഷെഡ്യൂൾ കാരണം സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ ചിത്രത്തിൽ നിന്ന് പിന്മാറിയതായാണ് റിപ്പോർട്ടുകൾ. എന്നാൽ സിനിമയുടെ തീം മ്യൂസിക് ഒരുക്കിയ ശേഷമാണ് അദ്ദേഹം പിന്മാറുന്നതെന്നാണ് വിവരം.
നീണ്ട ചർച്ചകൾക്കൊടുവിൽ അനിരുദ്ധും ചിത്രത്തിന്റെ അണിയറപ്രവർത്തകരും പരസ്പര ധാരണയോടെയാണ് വേർപിരിയാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ. ദക്ഷിണേന്ത്യയിൽ നിരവധി ചിത്രങ്ങളുടെ സംഗീതച്ചുമതല ഏറ്റെടുത്തിരിക്കുന്ന അനിരുദ്ധിന് 'കിങ്' എന്ന ചിത്രത്തിനായി ആവശ്യമായ സമയം കണ്ടെത്താൻ കഴിയാത്തതാണ് പിന്മാറ്റത്തിന് കാരണമായതെന്നാണ് സൂചന.
അനിരുദ്ധിന് പകരം ചിത്രത്തിന്റെ ഗാനങ്ങളുടെയും പശ്ചാത്തല സംഗീതത്തിന്റെയും ചുമതല സച്ചിൻ–ജിഗർ കൂട്ടുകെട്ടിനാണ് നൽകിയിരിക്കുന്നത്. അനിരുദ്ധ് ഒരുക്കിയ തീം മ്യൂസിക്കിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന്റെ ഭാഗമായും ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ.
സംഗീതസംവിധാനത്തിൽ മാറ്റമുണ്ടായാലും അനിരുദ്ധിന്റെ സംഗീതത്തിന്റെ സാന്നിധ്യം ചിത്രത്തിലുണ്ടാകും. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'കിങ്' ഷാരൂഖ് ഖാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്ടുകളിലൊന്നാണ്. ക്രിസ്മസ് റിലീസായാണ് ചിത്രം ഒരുങ്ങുന്നത്.
ചിത്രീകരണം വൈകാതെ പൂർത്തിയാക്കി ഷാരൂഖ് ഖാന്റെ ജന്മദിനത്തോടനുബന്ധിച്ച് പ്രചാരണ പരിപാടികൾ ആരംഭിക്കാനാണ് അണിയറപ്രവർത്തകരുടെ നീക്കം. ഷാരൂഖ് ഖാനും അനിരുദ്ധും ആദ്യമായി ഒന്നിക്കുന്നതിൽ ആവേശത്തിലായിരുന്ന ആരാധകർക്ക് ഈ വാർത്ത നിരാശയുണ്ടാക്കും.
സിനിമകൾക്കൊപ്പം വിവാഹത്തിരക്കിലുമാണ് അനിരുദ്ധ്. സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റെ മകളും ഐപിഎൽ ടീമായ ഹൈദ്രാബാദ് സൺ റൈസേഴ്സ് സിഇഒ കാവ്യ മാരനുമായുള്ള അനിരുദ്ധിന്റെ വിവാഹം ഈ മാസമാണ്. നവംബർ 10, 11 തീയതികളിൽ ഗ്രീസിൽ വെച്ച് വളരെ ലളിതമായ രീതിയിലുള്ള ഡെസ്റ്റിനേഷൻ വെഡ്ഡിങ് നടക്കുമെന്നാണ് വിവരം. അതിനുശേഷം നവംബർ 21ന് ചെന്നൈയിലാണ് വിവാഹസത്കാരച്ചടങ്ങ്.