

വർത്തമാനകാലത്ത് സാങ്കേതികവിദ്യയുടെ വളർച്ച ഒരേസമയം അനുഗ്രഹവും തിരിച്ചടിയുമാകുന്നുണ്ട്. നിർമിതബുദ്ധി(എഐ) ദുരുപയോഗത്തിന് നിരവധി സെലിബ്രിറ്റികൾ ഇരയായ സംഭവങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ, തന്റെ പേരും ചിത്രങ്ങളും അനുമതിയില്ലാതെ വാണിജ്യപരമായി ഉപയോഗിച്ചെന്നാരോപിച്ച് ലോസ് ഏഞ്ചൽസ് ആസ്ഥാനമായുള്ള ഒരു എഐ കമ്പനിക്കെതിരെ ബോളിവുഡ് താരം ഉർവശി റൗട്ടേല 7000 കോടി രൂപയോളം നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി റിപ്പോർട്ട്.
ഉർവശിയുടെ പേരും ചിത്രങ്ങളും വീഡിയോകളും താരത്തിന്റെ അനുമതിയോ അധികാരപ്പെടുത്തലോ ഇല്ലാതെ എഐ കമ്പനി ഉപയോഗിച്ചെന്നാണ് താരത്തിന്റെ ടീം ആരോപിക്കുന്നത്. 'നിങ്ങളുടെ എഐ കമ്പനി കെട്ടിപ്പടുക്കൂ. നിങ്ങളുടെ ബ്രാൻഡ് വളർത്തൂ. എന്നാൽ അനുമതിയില്ലാതെ ഉർവശിയുടെ പേര് നിങ്ങളുടെ ബിസിനസിന്റെ ഭാഗമാക്കരുത്' എന്നാണ് താരത്തിന്റെ ടീം പ്രസ്താവനയിൽ പറഞ്ഞത്.
അതേസമയം, വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിരവധി താരങ്ങൾ കോടതിയെ സമീപിക്കുകയും അനധികൃതമായി തങ്ങളുടെ വ്യക്തിത്വം ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള കോടതി ഉത്തരവുകൾ നേടുകയും ചെയ്യുന്നുണ്ട്. മോഹൻലാൽ, ചിരഞ്ജീവി, നാഗാർജുന, അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ തുടങ്ങിയ താരങ്ങളും നേരത്തെ സമാനമായ നിയമനടപടികളുമായി കോടതിയെ സമീപിച്ചിരുന്നു. ഉർവശിയുടെ നിയമപോരാട്ടം എങ്ങോട്ടാണ് നീങ്ങുന്നതെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.
‘വെൽക്കം ടു ദ് ജംഗിൾ’ ആണ് ഉർവശി റൗട്ടേല അവസാനമായി അഭിനയിച്ച ചിത്രം. ‘ബ്ലാക്ക് റോസ്’, ‘കസൂർ 2’ എന്നിവയാണ് താരത്തിന്റെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.