

ബോളിവുഡ് നടന്‍ ടൈഗര്‍ ഷ്രോഫിന്റെ കാറിന് നേരെ വെടിയുതിര്‍ത്ത കേസില്‍ പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണെന്ന് പ്രത്യേക മക്കോക്ക(മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് 1999) കോടതി പ്രഖ്യാപിച്ചു. തുടര്‍നടപടികള്‍ക്കായി ഇയാളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറാന്‍ കോടതി ഉത്തരവിട്ടു. ഇതോടൊപ്പം, അക്രമികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന അഭിഷേക് ശര്‍മയ്‌ക്കെതിരെ മുംബൈ പോലീസ് ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 18-ന് ജുഹുവിലെ പുഷ്പ നര്‍സി പാര്‍ക്കിന് പുറത്തുവെച്ചാണ് സംഭവം നടന്നത്. ഫുട്‌ബോള്‍ കളിച്ചതിനുശേഷം ഗ്രൗണ്ടില്‍ നിന്ന് മടങ്ങുകയായിരുന്ന ടൈഗര്‍ ഷ്രോഫിന്റെ കാറിന് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ തനിക്ക് 18 വയസ് തികഞ്ഞിരുന്നില്ലെന്ന് അവകാശപ്പെട്ട് പ്രതികളില്‍ ഒരാള്‍ ഈ മാസം ആദ്യം കോടതിയെ സമീപിച്ചിരുന്നു. 2008 നവംബര്‍ 30 ആണ് തന്റെ ജനനത്തീയതി എന്നും, ഒക്ടോബര്‍ 18-ന് വെടിവയ്പ്പ് നടക്കുമ്പോള്‍ 17 വയസും 10 മാസവും മാത്രമായിരുന്നു പ്രായമെന്നും ഇയാളുടെ അഭിഭാഷകരായ സിദ്ധാന്ത് മോര്‍, ദിവ്യം ഗൗര്‍ എന്നിവര്‍ കോടതിയെ അറിയിച്ചു.
തെളിവായി ഹരിയാനയില്‍ നിന്ന് നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും പ്രതിഭാഗം ഹാജരാക്കിയിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചു. പ്രതിയുടെ സ്വദേശത്ത് പോയി അന്വേഷണം നടത്തിയ മുംബൈ പോലീസ് സംഘം, ഇയാളുടെ ജനനത്തീയതി 2008 നവംബര്‍ 30 തന്നെയാണെന്ന് സ്ഥിരീകരിക്കുന്ന രേഖകള്‍ ശേഖരിച്ച് ബുധനാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് അംഗീകരിച്ച പ്രത്യേക കോടതി, കുറ്റകൃത്യം നടന്ന തീയതിയില്‍ പ്രതി 'കുട്ടി' ആയിരുന്നുവെന്ന് നിരീക്ഷിക്കുകയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കാന്‍ ഉത്തരവിടുകയുമായിരുന്നു.
അതേസമയം, ടൈഗര്‍ ഷ്രോഫിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത അനില്‍ പണ്ഡിറ്റിന്റെ സഹോദരന്‍ അഭിഷേക് ശര്‍മയ്‌ക്കെതിരെയാണ് പോലീസ് ബുധനാഴ്ച ജാമ്യമില്ലാ വാറണ്ട് നേടിയത്. അഭിഷേക് നിരവധി ക്രിപ്റ്റോകറന്‍സി അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും, തന്റെ ഭാര്യ സുനേഹ വഴി പ്രതികള്‍ക്ക് ആക്രമണം നടത്തുന്നതിനായി സാമ്പത്തിക സഹായം അയച്ചുകൊടുത്തത് ഇയാളാണെന്നും പോലീസ് ആരോപിക്കുന്നു. സുനേഹ കഴിഞ്ഞ ആഴ്ച കേസില്‍ കുറ്റസമ്മത മൊഴി നല്‍കിയിരുന്നു; ഈ മൊഴി കോടതി മുദ്രവെച്ച കവറില്‍ സൂക്ഷിച്ചിരിക്കുകയാണ്.