

സിനിമാജീവിതത്തിനിടെ നേരിടേണ്ടിവന്ന വിചിത്രമായ അനുഭവങ്ങളിലൊന്ന് തുറന്നുപറഞ്ഞ് നടി തപ്സി പന്നു. ചിത്രത്തിനായി ഡേറ്റുകൾ ഉറപ്പിച്ച ശേഷവും തന്നെ സിനിമയിൽ നിന്ന് മാറ്റിയ സംഭവമാണ് നടി ഓർമിച്ചത്. തപ്സി വെളിപ്പെടുത്തിയതനുസരിച്ച് അതിനുള്ള കാരണമാകട്ടെ അമ്പരപ്പിക്കുന്നതും.
നായകന്റെ ഭാര്യയ്ക്ക് തന്നെ ഇഷ്ടമായിരുന്നില്ലെന്നും അതുകൊണ്ടാണ് സിനിമയിൽ നിന്ന് തന്നെ മാറ്റുകയാണെന്നും അറിയിക്കുകയായിരുന്നുവെന്ന് തപ്സി പറഞ്ഞു. ഒരു സിനിമ നഷ്ടപ്പെടാൻ താൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മോശം കാരണങ്ങളിലൊന്നായിരുന്നു അതെന്നും നടി വ്യക്തമാക്കി.
ഇത്തരം സംഭവങ്ങൾ അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടേറിയതാകാമെന്നും തപ്സി പറഞ്ഞു. ഒരു സിനിമയ്ക്കായി ഡേറ്റുകൾ മാറ്റിവയ്ക്കുന്നതിന് വലിയ ആസൂത്രണം ആവശ്യമാണ്. ഒരു സിനിമ ഏറ്റെടുക്കുമ്പോൾ ആ ദിവസങ്ങൾ ഇതിനായി മാറ്റിവയ്ക്കുന്നതിനാൽ മറ്റ് വലിയ അവസരങ്ങളും ചിലപ്പോൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
ബോളിവുഡിലെ തപ്സിയുടെ യാത്ര എല്ലായ്പ്പോഴും സുഗമമായിരുന്നില്ല. എന്നാൽ ശക്തമായ പ്രകടനങ്ങളിലൂടെ ക്രമേണ സിനിമാ മേഖലയിൽ സ്വന്തമായൊരു സ്ഥാനം നേടിയെടുക്കാൻ അവർക്ക് സാധിച്ചു. നേരത്തെയുള്ള അഭിമുഖങ്ങളിൽ തെലുങ്ക് സിനിമകളിൽ അഭിനയിക്കുന്നതിനിടെ താൻ നേരിട്ട ചില പ്രശ്നങ്ങളെക്കുറിച്ചും തപ്സി വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഈ അനുഭവങ്ങൾ ചർച്ചയാവുകയും ചെയ്തു.
പരമ്പരാഗത നായികാ കഥാപാത്രങ്ങളിൽ നിന്ന് മാറിനിൽക്കാനും വ്യത്യസ്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനും തപ്സി പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. സിനിമയിൽ വ്യക്തിബന്ധങ്ങളും താൽപര്യങ്ങളും ഉൾപ്പെടെയുള്ള പല ഘടകങ്ങളും തീരുമാനങ്ങളെ സ്വാധീനിക്കാറുണ്ടെന്ന യാഥാർഥ്യത്തിലേക്കാണ് തപ്സിയുടെ പുതിയ വെളിപ്പെടുത്തലും വിരൽചൂണ്ടുന്നത്.