'ഷോലെ'യ്ക്ക് അരനൂറ്റാണ്ട്, പ്രതിഫലക്കണക്കിൽ ബച്ചനല്ല മുമ്പിൽ..പിന്നെ..?
ഇന്ത്യൻ വെള്ളിത്തിരയെ ഇളക്കിമറിച്ച, ബോളിവുഡിലെ ഇതിഹാസ ഹിറ്റ് ആയിരുന്നു 'ഷോലെ'. രമേഷ് സിപ്പി സംവിധാനം ചെയ്ത 'ഷോലെ' 1975 ഓഗസ്റ്റ് 15ന് ആണ് റിലീസ് ചെയ്തത്. അമിതാഭ് ബച്ചൻ, ധർമേന്ദ്ര, സഞ്ജീവ് കുമാർ, അംജദ് ഖാൻ, ജയ ബച്ചൻ, ഹേമ മാലിനി തുടങ്ങിയ വൻ താരനിരയായിരുന്നു 'ഷോലെ'യിൽ അണിനിരന്നത്. തുടർച്ചയായി 286 ആഴ്ചകൾ മുംബൈയിലെ "മിനർവ' തിയറ്ററിൽ മൾട്ടിസ്റ്റാർ ചിത്രം പ്രദർശിപ്പിച്ചു. 'ഷോലെ'യിലെ ഉപനായകവേഷമായിരുന്നു അമിതാഭ് ബച്ചന്‍റേത്.
ബച്ചനെ ഇന്ത്യയിലെ ഏറ്റവും ജനകീയനായ സൂപ്പർ താരമായി ഉയർത്തിയ വേഷമായിരുന്നു അത്. ചിത്രത്തിന്‍റെ അമ്പതാം വാർഷികവേളയിൽ ചിത്രത്തെക്കുറിച്ചുള്ള നിരവധി വാർത്തകൾ പുറത്തുവരുന്നുണ്ട്. അതിലൊന്ന്, താരങ്ങൾ അക്കാലത്തു വാങ്ങിയ പ്രതിഫലത്തെക്കുറിച്ചാണ്. 'ഷോലെ'യിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയത് അമിതാഭ് ബച്ചൻ അല്ല! എന്നാൽ, ഏറ്റവും കുറവു പ്രതിഫലം ലഭിച്ച താരം ജയ ബച്ചൻ ആയിരുന്നു.
ധർമേന്ദ്ര ആയിരുന്നു ഷോലെയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ താരം. 'വീരു' എന്ന കഥാപാത്രത്തെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ ധർമേന്ദ്രയ്ക്ക് 1,50,000 രൂപയാണ് പ്രതിഫലമായി നിർമാതാക്കൾക്കു കൊടുക്കേണ്ടിവന്നത്. 'ജയ്' എന്ന കഥാപാത്രമായി വേഷമിട്ട ബച്ചനു ലഭിച്ചത് 1,00,000 രൂപയായിരുന്നു. നീതിമാനായ ജയിലർ താക്കൂർ ബൽദേവ് സിങ് ആയി അഭിനയിച്ച സഞ്ജീവ് കുമാറിന് 1,25,000 രൂപ പ്രതിഫലം ലഭിച്ചു. കുപ്രസിദ്ധ കൊള്ളക്കാരനായ ഗബ്ബർ സിങ് ആയി വെള്ളിത്തിരയിലെത്തിയ അംജദ് ഖാന് 50,000 രൂപയായിരുന്നു പ്രതിഫലം. ബസന്തി എന്ന കഥാപാത്രത്തിന് ഹേമ മാലിനിക്ക് 75,000 രൂപ പ്രതിഫലം ലഭിച്ചു. അതേസമയം, ഏറ്റവും കുറഞ്ഞ പ്രതിഫലം ലഭിച്ചത് രാധയുടെ വേഷം അവതരിപ്പിച്ച ജയയ്ക്കായിരുന്നു. 35,000 രൂപയായിരുന്നു 'ഷോലെ'യിൽ നടിക്കു ലഭിച്ചത്.
റിലീസ് ചെയ്ത് 50 വർഷം പിന്നിടുമ്പോഴും ഇന്നും പ്രേക്ഷകപ്രീതിയിൽ മുൻപന്തിയിലുള്ള ബോളിവുഡ് ഹിറ്റുകളിലൊന്നാണ് 'ഷോലെ.'