

ബി ടൗണിൽ വലിയ ചർച്ചകൾക്കു തുടക്കമിട്ടിരിക്കുകയാണ് സംവിധായിക ഷാസിയ ഇഖ്ബാലിന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ്. ആദിത്യ ധർ സംവിധാനം ചെയ്ത് രൺവീർ സിങ് നായകനായ 'ധുരന്ധർ' എന്ന ചിത്രത്തെ ലക്ഷ്യംവച്ചാണ് ഷാസിയയുടെ രൂക്ഷവിമർശനമെന്നാണ് റിപ്പോർട്ട്.dhurandhar
സിനിമയുടെ പേര് നേരിട്ട് പരാമർശിക്കാതെയാണ് ഷാസിയ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചത്. 'എന്തൊരു അപകടകരമായ സിനിമയാണിത്! ഇത് അബദ്ധത്തിൽ സംഭവിച്ചതല്ല, മറിച്ച് വെറുപ്പും അക്രമവും പടർത്തുക എന്നത് ആ സിനിമയുടെ ഡിഎൻഎയിൽ തന്നെ ഉള്ളതാണ്. മികച്ച ബിജിഎമ്മും മേക്കിങ്ങും ഉണ്ടെന്ന് കരുതി ഒരു സിനിമ നല്ലതാകുന്നില്ല. ഇത്തരം വിദ്വേഷം പടർത്തുന്ന സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന സിനിമാ ലോകത്തെ 'ഡ്യൂഡ് ബ്രോസ്' അഭിനന്ദനം അർഹിക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങളെക്കുറിച്ച് ഒട്ടും ചിന്തയില്ലാത്ത, വിദ്വേഷം പ്രകടമാക്കുന്ന സിനിമയാണിത്......'-ഷാസിയ കുറിച്ചു.
ബോക്സ് ഓഫീസിൽ വലിയ തരംഗമാണ് 'ധുരന്ധർ' സൃഷ്ടിച്ചത്. അതേസമയം ദളിത് യുവാവും സവർണ യുവതിയും തമ്മിലുള്ള പ്രണയം പ്രമേയമാക്കിയ ഷാസിയയുടെ 'ധടക് 2' ബോക്സ് ഓഫീസിൽ വൻ ദുരന്തമായിരുന്നു. വലിയ ഹൈപ്പിൽ പുറത്തിറക്കിയ ചിത്രം 'ധടക് 2'എട്ടുനിലയിൽ പൊട്ടിയതിന്റെ നിരാശയിലാണ് സംവിധായക ഇങ്ങനെയെല്ലാം പറയുന്നതെന്നും നെറ്റിസൺസ് ആരോപിക്കുന്നു. ഒരു ഇന്ത്യൻ ചാരൻ പാകിസ്ഥാനിലെ ഭീകര ശൃംഖലയിലേക്ക് നുഴഞ്ഞുകയറുന്ന കഥയാണ് 'ധുരന്ധർ' പറയുന്നത്. ചിത്രത്തിലെ രാഷ്ട്രീയം വലിയ തോതിൽ ചർച്ച ചെയ്യപ്പെടുമ്പോഴാണ് ഷാസിയയുടെ ഈ പ്രതികരണം പുറത്തുവരുന്നത്.