

ബോളിവുഡിന്റെ ബാദ്ഷാ ഷാരൂഖ് ഖാന്‍ ഇനി കടലിനു നടുവിലെ ആകാശവിസ്മയത്തിനു മാറ്റുകൂട്ടും. ഡിസ്‌നി ക്രൂയിസ് ലൈനിന്റെ ഏറ്റവും പുതിയ കപ്പലായ 'ഡിസ്‌നി അഡ്വഞ്ചറി'ല്‍ അരങ്ങേറുന്ന അത്യാധുനിക കമ്പക്കെട്ട് പ്രദര്‍ശനത്തിനാണ് ഇതിഹാസതാരം ഷാരൂഖ് ഖാന്‍ ശബ്ദം നല്‍കുന്നത്.
മാര്‍ച്ച് 10ന് സിംഗപുരില്‍നിന്ന് യാത്ര തിരിക്കുന്ന ഡിസ്‌നി അഡ്വഞ്ചറിന്റെ ഉദ്ഘാടന വേളയിലാകും 'The Lion King: Celebration in the Sky' എന്ന ദൃശ്യവിസ്മയം ലോകത്തിനു മുന്നില്‍ അരങ്ങേറുക. ലയണ്‍ കിങ്ങിന്റെ ഹിന്ദി പതിപ്പുകളില്‍ (2019, 2024) മുഫാസ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കി കൈയടി നേടിയ ഷാരൂഖ്, അതേ ഗാംഭീര്യത്തോടെയാണ് ഈ ആഗോള ഷോയിലും എത്തുന്നത്. വെറുമൊരു വിവരണത്തിനപ്പുറം, ഡിസ്‌നിയുടെ മാജിക്കും ഷാരൂഖിന്റെ പ്രഭാവവും ചേരുന്ന ഒരു സിനിമാറ്റിക് അനുഭവമായിരിക്കും ഈ ഷോ എന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു.
'ജീവിതചക്രത്തിന്റെ ഈ ആഘോഷത്തില്‍ ആരാധകരും കുടുംബങ്ങളും പങ്കുചേരുന്നത് കാണാന്‍ ഞാന്‍ കാത്തിരിക്കുന്നു...'എന്നാണ് പുതിയ ദൗത്യത്തെക്കുറിച്ച് ഷാരൂഖ് ഖാന്‍ പറഞ്ഞത്. സര്‍ക്കിള്‍ ഓഫ് ലൈഫ്, ഹകുന മടാട്ട തുടങ്ങിയ വിശ്വപ്രസിദ്ധമായ ഗാനങ്ങള്‍ക്കൊപ്പം റോയല്‍ സ്‌കോട്ടിഷ് നാഷണല്‍ ഓര്‍ക്കസ്ട്രയുടെ പശ്ചാത്തല സംഗീതവും സൗത്ത് ആഫ്രിക്കയിലെ എന്‍ഡ്‌ലോവ് യൂത്ത് ക്വയറിന്റെ ആലാപനവും ഷോയ്ക്ക് മാറ്റുകൂട്ടും. കടലിനു മുകളില്‍ വര്‍ണവിസ്മയം തീര്‍ക്കുന്ന വെടിക്കെട്ടിനൊപ്പം ഷാരൂഖിന്റെ ശബ്ദം കൂടി ചേരുമ്പോള്‍ അതൊരു വേറിട്ട അനുഭവമാകുമെന്ന് ഉറപ്പ്.
ഷാരൂഖ് ഖാന്റെ സാന്നിധ്യം ഡിസ്‌നി അഡ്വഞ്ചറിനെ ഏഷ്യന്‍ വിപണിയില്‍ കൂടുതല്‍ ജനപ്രിയമാക്കുമെന്ന് ഡിസ്‌നി ക്രൂയിസ് ലൈന്‍ വൈസ് പ്രസിഡന്റ് സാറാ ഫോക്‌സ് പറഞ്ഞു. അതിരുകള്‍ ഭേദിക്കുന്ന കഥപറച്ചിലിന്റെ പര്യായമാണ് ഷാരൂഖ് ഖാനെന്നും അദ്ദേഹത്തിന്റെ ആഖ്യാനം സഞ്ചാരികള്‍ക്കു മറക്കാനാവാത്ത അനുഭവം സമ്മാനിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സിനിമയും വിനോദസഞ്ചാരവും കൈകോര്‍ക്കുന്ന ഈ പുതിയ പരീക്ഷണം കാണാന്‍ ലോകമെമ്പാടുമുള്ള ചലച്ചിത്രാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്.