

ബോളിവുഡ് ചലച്ചിത്രപ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ആ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. മേ ഹൂം നാ, ഓം ശാന്തി ഓം, ഹാപ്പി ന്യൂ ഇയർ തുടങ്ങിയ സൂപ്പർ ഹിറ്റുകൾക്കു ശേഷം ഫറാ ഖാൻ വീണ്ടും സംവിധായകയുടെ തൊപ്പി അണിയുന്നു. തന്റെ തിരിച്ചുവരവ് ചിത്രത്തിൽ നായകനായി ഷാരൂഖ് ഖാൻ മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് ഫറ വ്യക്തമാക്കി.
പ്രമുഖ ടെലിവിഷൻ താരം നകുൽ മേത്തയുമായുള്ള അഭിമുഖത്തിനിടെയാണ് ഫറ തന്റെ പുതിയ വിശേഷങ്ങൾ പങ്കുവച്ചത്. 'ഞാൻ ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ടെങ്കിൽ അത് ഷാരൂഖിനൊപ്പം മാത്രമായിരിക്കും. അതിനായി എത്ര കാലം വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാണ്...' ഫറ പറഞ്ഞു. ഫറയുടെ സിനിമകൾ മിസ് ചെയ്യുന്നു എന്ന ആരാധകരുടെ പരാതിക്ക് ഉടൻ പരിഹാരമുണ്ടാകും. 'ഫറ ഖാൻ തിരിച്ചുവരൂ എന്ന് സോഷ്യൽ മീഡിയയിൽ ക്യാമ്പയിനുകൾ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മടങ്ങിവരാനുള്ള സമയമായെന്ന് ഞാൻ വിശ്വസിക്കുന്നു...' ഫറ പറഞ്ഞു.
തന്റെ മുൻകാല ചിത്രങ്ങളെക്കുറിച്ചും ഫറ വാചാലയായി. റിലീസ് സമയത്ത് സമ്മിശ്ര പ്രതികരണം നേടിയ 'തീസ് മാർ ഖാൻ' ഇപ്പോൾ പുതിയ തലമുറയ്ക്കിടയിൽ തരംഗമാണ്. ചിത്രത്തിലെ അക്ഷയ് ഖന്നയുടെ പ്രകടനവും പാട്ടുകളും സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത് തന്നെ അദ്ഭുതപ്പെടുത്തുന്നുവെന്നും അവർ പറഞ്ഞു.
തുടർച്ചയായ ആക്ഷൻ ചിത്രങ്ങൾക്കു ശേഷം, ഷാരൂഖ് വീണ്ടും ഒരു ഫറ ശൈലിയിലുള്ള മസാല എന്റെർടെയ്നറിലേക്കു മടങ്ങിയെത്തുന്നത് കാണാൻ വലിയ ആവേശത്തിലാണ് ആരാധകരും. കോമഡിയും ആക്ഷനും ഇമോഷൻസും നിറഞ്ഞ ഒരു പക്കാ ബോളിവുഡ് വിരുന്നാണ് ഈ കൂട്ടുകെട്ടിൽനിന്ന് ആരാധകർ പ്രതീക്ഷിക്കുന്നത്.