

മലയാളികൾക്കും പ്രിയപ്പെട്ട ബോളിവുഡ് സംവിധായകനാണ് ശക്തി സാമന്ത. ആരാധന, അമർ പ്രേം എന്നിവ മലയാളക്കരയും കീഴടക്കിയ ചിത്രമാണ്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നായിരുന്നു ഷമ്മി കപൂറും ഷർമിള ടാഗോറും ഒന്നിച്ച 'ആൻ ഈവനിങ് ഇൻ പാരിസ്'. ചിത്രത്തിലെ പാട്ടുകൾ ഇന്നും പ്രേക്ഷകർക്കു പ്രിയപ്പെട്ടതാണ്. എന്നാൽ പതിറ്റാണ്ടുകൾക്കു ശേഷം ചിത്രത്തിന്റെ അണിയറ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ശക്തി സാമന്തയുടെ മകൻ അഷിം സാമന്ത.
'അറുപതുകളിൽ ഒരു നടി സ്വിംസ്യൂട്ട് ധരിക്കുക എന്നത് ചിന്തിക്കാൻ പോലും പ്രയാസമുള്ള കാര്യമായിരുന്നു. എന്നാൽ ശർമിള ടാഗോർ അന്നു തികച്ചും വ്യത്യസ്ത ചിന്താഗതിക്കാരിയായിരുന്നു'- അഷിം ഓർക്കുന്നു. യഥാർഥത്തിൽ ചിത്രത്തിൽ 'ടൂ പീസ്' ധരിക്കാനാണ് ഷർമിള ആഗ്രഹിച്ചത്. എന്നാൽ എന്റെ അച്ഛനാണ് അത് വേണ്ടെന്നും വൺപീസ് സ്വിംസ്യൂട്ട് മതിയെന്നും നിർദ്ദേശിച്ചത്. തന്റെ ശരീരഭംഗിയിൽ അവർക്ക് വലിയ ആത്മവിശ്വാസമുണ്ടായിരുന്നു. തികച്ചും ആധുനികമായ ചിന്താഗതിയുള്ള ഒരാളായിരുന്നു അവർ-' അഷിം സാമന്ത പറഞ്ഞു. സെൻസർ ബോർഡ് പ്രശ്നമുണ്ടാക്കുമെന്ന് കരുതിയാണ് ശക്തി ബിക്കിനി വേണ്ടെന്നു തീരുമാനിച്ചത്. സിനിമ കണ്ടു കഴിഞ്ഞപ്പോൾ അച്ഛന്റെ തീരുമാനം ശരിയായിരുന്നു എന്ന് അവർക്ക് ബോധ്യപ്പെട്ടതായും അഷിം വെളിപ്പെടുത്തി.
ഇന്ത്യൻ ചലച്ചിത്രലോകത്ത് ധീരമായ മാറ്റങ്ങൾക്കു തുടക്കമിട്ട നടിയാണ് ഷർമിള ടാഗോർ. 1960-കളിൽ അവർ എടുത്ത ചില തീരുമാനങ്ങൾ അക്കാലത്തെ ചലച്ചിത്ര ലോകത്തെയും സമൂഹത്തെയും ഒരുപോലെ അമ്പരപ്പിച്ചിരുന്നു. ഹിന്ദി സിനിമയിലെ ഒരു നടി ആദ്യമായി ബിക്കിനി ധരിച്ച് പ്രത്യക്ഷപ്പെട്ടത് 1966-ലെ ഫിലിംഫെയർ മാഗസിന്റെ കവർ ഫോട്ടോയ്ക്ക് വേണ്ടിയായിരുന്നു, ഷർമിള ടാഗോർ ആയിരുന്നു ആ നടി! ഇക്കാലത്ത് സാധാരണമായി തോന്നാമെങ്കിലും, അറുപതുകളിൽ ഇത് വലിയൊരു വിവാദത്തിന് തിരികൊളുത്തി. യാഥാസ്ഥിതികരായ പലരും ഇതിനെ വിമർശിച്ചപ്പോൾ, തന്റെ ആധുനികമായ കാഴ്ചപ്പാടിൽ ഉറച്ചുനിൽക്കുകയാണ് അവർ ചെയ്തത്.