

ബോളിവുഡ് കിങ് ഷാരൂഖ് ഖാന് നവംബർ രണ്ടിന് 60 വയസ് പൂർത്തിയാകുകയാണ്. ലോകമെമ്പാടും ആരാധകരുള്ള സൂപ്പർതാരത്തിന്റെ അറുപതാം പിറന്നാളിന് വൻ ആഘോഷപരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്. തലമുറകളെ പ്രചോദിപ്പിക്കുന്ന സൂപ്പർതാരത്തിന്റെ പിറന്നാൾ ആഘോഷവേളയിൽ രണ്ടാഴ്ചത്തെ ഫിലിം ഫെസ്റ്റിവൽ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യയിലെ പ്രമുഖ മൾട്ടിപ്ലെക്സ് ശൃംഖലയായ പിവിആർ ഐനോക്സ്.
ഒക്ടോബർ 31 മുതൽ, 30ലധികം നഗരങ്ങളിലെ 75 സിനിമാശാലകളിലായി രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഈ മേളയിൽ, ഷാരൂഖ് ഖാന്റെ ജനപ്രിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ആസ്വാദകരുടെ സന്തോഷത്തിലും ദുഃഖത്തിലും ആഘോഷവേളകളിലും ഇഴചേർന്ന ആ ചിത്രങ്ങൾ ആഘോഷവേളയിൽ വീണ്ടും കാണാം. രോഹിത് ഷെട്ടിയുടെ ആക്ഷൻ-കോമഡി ഡ്രാമ 'ചെന്നൈ എക്സ്പ്രസ്', പ്രണയത്തിന്റെയും അഭിലാഷങ്ങളുടെയും ദുരന്ത മാസ്റ്റർപീസായ,സഞ്ജയ് ലീല ബൻസാലിയുടെ 'ദേവദാസ്', അഭിനിവേശത്തിന്റെയും കലാപത്തിന്റെയും വേട്ടയാടുന്ന കഥയായ 'ദിൽ സേ', പ്രണയിതാക്കളുടെ 'കഭി ഹാൻ കഭി നാ', ദേശസ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും 'മേം ഹൂ നാ', പുനർജന്മ കഥപറഞ്ഞ 'ഓം ശാന്തി ഓം',ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്റർ "ജവാൻ' തുടങ്ങിയവയാണ് ഈ നിരയിലെ പ്രധാന ചിത്രങ്ങൾ.
ചലച്ചിത്രമേളയെക്കുറിച്ച് ഷാരൂഖ് ഖാൻ പറയുന്നു: 'സിനിമ എന്റെ വീടാണ്. സിനിമകൾ വലിയ സ്ക്രീനിലേക്ക് തിരിച്ചുവരുന്നത് കാണുന്നത് മനോഹരമായ പുന:സമാഗമം പോലെയാണ്. ഈ സിനിമകൾ എന്റെ മാത്രമല്ല, കഴിഞ്ഞ 33 വർഷമായി അവയെ സ്നേഹപൂർവം സ്വീകരിച്ച പ്രേക്ഷകരുടേതാണ്. നമ്മളെല്ലാവരും ഒരുമിച്ച് പങ്കിട്ട സിനിമയുടെ സന്തോഷം. അതെല്ലാം അനുഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു...'
'ഷാരൂഖ് ഖാൻ ഒരു ആഗോള ഐക്കൺ എന്നതിലുപരി ഒരു വികാരമാണ്. അദ്ദേഹത്തിന്റെ മാന്ത്രികത പകർത്തുന്ന നിരവധി സിനിമകളിലൂടെയുള്ള അസാധാരണമായ യാത്ര ആഘോഷിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഈ ഉത്സവം അദ്ദേഹത്തിന്റെ അഭിനയജീവിതത്തിനും ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കുമുള്ള ആശംസയാണ്...' പിവിആർ ഐനോക്സ് ലിമിറ്റഡ് ലീഡ് സ്ട്രാറ്റജിസ്റ്റ് നിഹാരിക ബിജ്ലി പറഞ്ഞു.