

ബോളിവുഡിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളിലൊരാളായ സഞ്ജീവ് കുമാറിന്റെ അഭിനയജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും അറിയാക്കഥകള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് മുതിര്‍ന്ന സിനിമാ മാധ്യമപ്രവര്‍ത്തകനായ ഹനീഫ് സവേരി. അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് സഞ്ജീവ് കുമാറിന്റെ കരിയറിന്റെ തുടക്കകാലത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചും അദ്ദേഹത്തിന്റെ ഉദാരമനസ്‌കതയെക്കുറിച്ചും വെളിപ്പെടുത്തലുണ്ടായത്.
സിനിമയില്‍ സ്വന്തമായി ഒരിടം കണ്ടെത്താന്‍ ശ്രമിക്കുന്ന കാലത്ത് സഞ്ജീവ് കുമാര്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോയിരുന്നത്. കുടുംബം വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയും പിതാവിന്റെ ബിസിനസ് തകരുകയും ചെയ്തതോടെ, കുടുംബത്തെ പുലര്‍ത്താന്‍ കിട്ടുന്ന എല്ലാ അവസരങ്ങളും അദ്ദേഹം സ്വീകരിക്കുകയായിരുന്നു. പലതും 'സി-ഗ്രേഡ്' ചിത്രങ്ങളായിരുന്നു. മോശം സാമ്പത്തിക സാഹചര്യത്തില്‍ അദ്ദേഹം ആ അവസരങ്ങള്‍ സ്വീകരിക്കുകയായിരുന്നു. കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ ജോലി കണ്ടെത്തുക എന്നതുമാത്രമായിരുന്നു അക്കാലത്ത് അദ്ദേഹത്തിന്റെ ഒരേയൊരു ലക്ഷ്യം.
പിന്നീട് ബോളിവുഡിലെ സൂപ്പര്‍താരമായി വളര്‍ന്നെങ്കിലും താന്‍ കടന്നുപോയ കഷ്ടപ്പാടുകള്‍ സഞ്ജീവ് കുമാര്‍ മറന്നില്ല. കഥകള്‍ പലതും പ്രചരിച്ചെങ്കിലും യഥാര്‍ഥത്തില്‍ അദ്ദേഹം തികഞ്ഞ ഉദാരമനസ്‌കനായിരുന്നുവെന്ന് സവേരി വ്യക്തമാക്കുന്നു. തന്റെ സുഹൃത്തുക്കള്‍ക്ക് ഏകദേശം 96 ലക്ഷത്തോളം രൂപ അദ്ദേഹം വായ്പയായി നല്‍കിയിരുന്നു. എന്നാല്‍ ഈ തുക പലരും അദ്ദേഹത്തിന് തിരികെ നല്‍കിയില്ല. തന്റെ ഡ്രൈവറുടെ വിവാഹച്ചെലവുകള്‍ പൂര്‍ണമായും വഹിച്ചതും സുഹൃത്തിന് കാര്‍ സമ്മാനിച്ചതും അദ്ദേഹത്തിന്റെ വലിയ മനസിനു തെളിവാണ്. കൂടാതെ, ഡ്രൈവറുടെ മകന്റെ വിദ്യാഭ്യാസത്തിനായി തന്റെ വില്‍പ്പത്രത്തില്‍ രണ്ടു ലക്ഷം രൂപ മാറ്റിവെക്കാനും അദ്ദേഹം മറന്നില്ല.
തന്റെ പ്രിയ സുഹൃത്തായ ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് സാമ്പത്തിക ആവശ്യമുണ്ടെന്ന് അറിഞ്ഞപ്പോള്‍, അദ്ദേഹം ചോദിക്കുന്നതിന് മുമ്പു തന്നെ ഏഴു ലക്ഷത്തോളം രൂപ നല്‍കി സഹായിക്കാന്‍ സഞ്ജീവ് കുമാര്‍ മുന്നോട്ടുവന്നു. പ്രശസ്ത നിര്‍മാതാവ് ബോണി കപുറിനും യാതൊരുവിധ രേഖകളും ഇല്ലാതെ അദ്ദേഹം വലിയൊരു തുക വായ്പ നല്‍കിയിരുന്നു. സഞ്ജീവ് കുമാറിന്റെ നിര്യാണശേഷം ബോണി കപുര്‍ ഈ തുക അദ്ദേഹത്തിന്റെ കുടുംബത്തിന് തിരികെ നല്‍കി. സഞ്ജീവ് കുമാര്‍ ഇങ്ങനെ പണം നല്‍കിയ കാര്യം അദ്ദേഹത്തിന്റെ കുടുംബത്തിന് പോലും അറിയില്ലായിരുന്നു.
ബോളിവുഡ് സ്വപ്‌നതാരം ഹേമ മാലിനിയുമായുള്ള പ്രണയത്തകര്‍ച്ചയും അദ്ദേഹത്തെ വല്ലാതെ ഉലച്ചിരുന്നു. പിന്നീട് സഞ്ജീവ് കുമാര്‍ വിവാഹജീവിതത്തിലേക്ക് കടക്കാന്‍ തയാറായില്ല. പിന്നീട് നടി സുലക്ഷണ പണ്ഡിറ്റുമായി താരം അടുപ്പം പുലര്‍ത്തിയിരുന്നു. സഞ്ജീവ് കുമാര്‍ വിവാഹം കഴിക്കാത്തതിനു പിന്നില്‍ വലിയ ഭയമുണ്ടായിരുന്നു. തന്റെ കുടുംബത്തിലെ പുരുഷന്മാരിലധികവും 50 വയസു തികയുന്നതിന് മുമ്പ് മരണപ്പെട്ടിരുന്നതിനാല്‍ താനും 50 വയസിന് മുമ്പ് മരിക്കുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പങ്കാളിയുടെ ജീവിതം തകരുമെന്ന ചിന്തയിലാണ് അദ്ദേഹം വിവാഹത്തില്‍ നിന്ന് പിന്മാറിയത്.
1985 നവംബര്‍ ആറിന്, 47-ാം വയസില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് സഞ്ജീവ് കുമാര്‍ അന്തരിച്ചു. യാദൃച്ഛികമെന്നു പറയട്ടെ, അദ്ദേഹത്തെ ജീവനുതുല്യം സ്‌നേഹിച്ച സുലക്ഷണ പണ്ഡിറ്റും നവംബര്‍ ആറിനാണ് (2025) ലോകത്തോട് വിടപറഞ്ഞത്.