

സല്‍മാന്‍ ഖാനെ നായകനാക്കി ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് പ്രഖ്യാപിച്ച പുതിയ ചിത്രത്തില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയാകുന്നു. 'SVC63' എന്ന് താത്കാലികമായി പേരിട്ട ചിത്രം സംവിധാനം ചെയ്യുന്നത് വംശി പൈഡിപ്പള്ളിയാണ്. ഇതാദ്യമായാണ് സല്‍മാന്‍ ഖാനും നയന്‍താരയും വെള്ളിത്തിരയില്‍ ഒന്നിക്കുന്നത്. 2023-ല്‍ ഷാരൂഖ് ഖാന്‍ നായകനായ 'ജവാന്‍' എന്ന ചിത്രത്തിലൂടെയായിരുന്നു നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റം.
ഏപ്രിലില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്ന് നിര്‍മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. സല്‍മാന്‍ ഖാന്‍ തന്നെ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ സംവിധായകനും നിര്‍മാതാവിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചും പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പുറത്തുവിട്ടിരുന്നു. സിനിമയുടെ പേരും മറ്റ് അണിയറ പ്രവര്‍ത്തകരെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മാണ കമ്പനി വ്യക്തമാക്കി.
സല്‍മാന്‍ ഖാന്‍ ചിത്രത്തിന് പുറമെ അക്ഷയ് കുമാറിനെ നായകനാക്കി 'സങ്ക്രാന്തിക്കി വസ്തുനം' എന്ന തെലുങ്ക് ചിത്രത്തിന്റെ ഹിന്ദി റീമേക്കും ദില്‍ രാജു നിര്‍മിക്കുന്നുണ്ട്. പ്രശസ്ത സംവിധായകന്‍ അനീസ് ബസ്മിയാണ് ചിത്രം ഒരുക്കുന്നത്. വന്‍ താരനിര അണിനിരക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളാണ് വരും വര്‍ഷങ്ങളില്‍ ദില്‍ രാജുവിന്റെ നിര്‍മാണത്തില്‍ ബോളിവുഡില്‍ ഒരുങ്ങുന്നത്.