

ബോളിവുഡിലെ 'ഭായ്ജാന്‍' (ജ്യേഷ്ഠ സഹോദരന്‍) സല്‍മാന്‍ ഖാന്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ ആരാധകരുടെ മനസില്‍ ആദ്യം ഓടിയെത്തുന്നത് മാസ് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമാണ്. സിനിമാകുടുംബത്തില്‍നിന്നു വന്ന്, ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സൂപ്പര്‍ താരങ്ങളിലൊരാളായി മാറിയ സല്‍മാന്റെ ജീവിതം എന്നും വിസ്മയമാണ്. എന്നാല്‍ വെള്ളിത്തിരയിലെ താരപ്പകിട്ടിന് പിന്നില്‍ സല്‍മാന്‍ കാത്തുസൂക്ഷിക്കുന്ന ലളിതജീവിതമുണ്ട്, അത് എല്ലാവരെയും അദ്ഭുതപ്പെടുത്തുന്നതാണ്.
ഒരു സിനിമയ്ക്ക് 100 മുതല്‍ 150 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്ന താരമാണ് സല്‍മാന്‍. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍നിന്നും ബ്രാന്‍ഡ് എന്‍ഡോഴ്സ്മെന്റുകളില്‍നിന്നും കോടികള്‍ ഒഴുകിയെത്തുമ്പോഴും താരം ലളിതജീവിതത്തിന്റെ പര്യായമായി മാറുന്നു. ബി ടൗണിലെ രാജാവിന് ഏകദേശം 2,900 കോടി രൂപയിലേറെ ആസ്തിയുണ്ടെന്നാണ് കണക്ക്. എന്നിട്ടും താരം ഇന്നും താമസിക്കുന്നത് മുംബൈയിലെ ഒരു ചെറിയ ഒറ്റമുറി ഫ്‌ളാറ്റിലാണ്!
ബോളിവുഡിലെ ഭൂരിഭാഗം താരങ്ങളും തങ്ങളുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം വിദേശത്തോ, ഇന്ത്യയിലോ പടുകൂറ്റന്‍ ബംഗ്ലാവുകള്‍ പണിയാനായി മാറ്റിവയ്ക്കുമ്പോഴാണ് സല്‍മാന്റെ വേറിട്ട ജീവിതം. മുംബൈയിലെ അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലെ ചെറിയൊരു ഫ്‌ളാറ്റിലാണ് വര്‍ഷങ്ങളായി താരത്തിന്റെ സ്ഥിരതാമസം. എന്തുകൊണ്ട് വലിയ ബംഗ്ലാവുകളിലേക്കു മാറുന്നില്ല എന്ന ചോദ്യത്തിന് സല്‍മാന്‍ പറഞ്ഞ മറുപടി ഇങ്ങനെയാണ്: 'ഞാന്‍ ഇപ്പോഴും ഒരു ആവറേജ് അപ്പാര്‍ട്ട്മെന്റിലാണ് താമസിക്കുന്നത്. അതില്‍ ഞാന്‍ സംതൃപ്തനാണ്. ഒരു വലിയ വീട്ടിലേക്കു മാറുന്നത് എന്നെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമല്ല. എനിക്ക് ആവശ്യമുള്ളതെല്ലാം ഈ കൊച്ചു ഫ്ലാറ്റിലുണ്ട്. ഒരു വലിയ വീട് നിങ്ങള്‍ ആരാണെന്ന കാര്യത്തില്‍ മാറ്റമൊന്നും വരുത്തുന്നില്ല. രാത്രിയില്‍ എവിടെയാണെങ്കിലും സമാധാനമായി ഉറങ്ങാന്‍ കഴിയുക എന്നതാണ് പ്രധാനം...'
താരരാജാവിന്റെ കഴിഞ്ഞ കുറച്ച് ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം കൈവരിച്ചിരുന്നില്ല. എന്നാല്‍ ആരാധകര്‍ ഇപ്പോള്‍ വലിയ ആവേശത്തോടെ കാത്തിരിക്കുന്നത് റിലീസിനൊരുങ്ങുന്ന 'ബാറ്റില്‍ ഓഫ് ഗല്‍വാന്‍' എന്ന ചിത്രത്തിനുവേണ്ടിയാണ്. അപൂര്‍വ ലാഖിയ സംവിധാനം ചെയ്യുന്ന ചിത്രം 2020 ജൂണില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നടന്ന ഗല്‍വാന്‍ ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് പുറത്തിറങ്ങിയ സിനിമയുടെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ചിത്രത്തിലെ രണ്ടു ഗാനങ്ങളും പുറത്തുവിട്ടിരുന്നു. ഗാനങ്ങളും ആരാധകര്‍ ആഘോഷമാക്കി.
'ബീയിങ് ഹ്യൂമന്‍'
സല്‍മാന്‍ ഖാന്‍ എന്ന താരത്തെ ആരാധകര്‍ക്കു പ്രിയപ്പെട്ടവനാക്കുന്നത് അദ്ദേഹത്തിന്റെ സിനിമകള്‍ മാത്രമല്ല, മറിച്ച് ആ വലിയ മനസുകൂടിയാണ്. തന്റെ വരുമാനത്തിന്റെ വലിയൊരു ഭാഗം അദ്ദേഹം മാറ്റിവയ്ക്കുന്നത് പാവങ്ങളുടെ കണ്ണീരൊപ്പാനാണ്. 2007ല്‍ സല്‍മാന്‍ തുടക്കം കുറിച്ച 'ബീയിങ് ഹ്യൂമന്‍' എന്ന സംഘടന ഇന്ന് ഇന്ത്യയില്‍ അറിയപ്പെടുന്ന ജീവകാരുണ്യ പ്രസ്ഥാനമാണ്. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലയിലാണ് ഫൗണ്ടേഷന്‍ മുന്‍ഗണന നല്കുന്നത്.
ബീയിങ് ഹ്യൂമന്‍ വഴി നൂറുകണക്കിനു കുട്ടികള്‍ക്കാണു സൗജന്യമായി ഹൃദയശസ്ത്രക്രിയകള്‍ നടത്തിയത്. ചേരിപ്രദേശങ്ങളിലെ കുട്ടികള്‍ക്കും മറ്റും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ഫൗണ്ടേഷന്‍ നിരവധി സ്‌കൂളുകള്‍ ഏറ്റെടുക്കുകയും സ്‌കോളര്‍ഷിപ്പുകളും നല്‍കുന്നു. കോവിഡ് മഹാമാരിയുടെ നാളുകളില്‍ ചലച്ചിത്രമേഖലയിലെ ദിവസവേതനക്കാരായ ആയിരക്കണക്കിന് തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടു പണമെത്തിക്കുകയും ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുകയും ചെയ്തു. 'മനുഷ്യനായിരിക്കുക' എന്നത് വെറുമൊരു വാക്കല്ല, മറിച്ച് സല്‍മാന്‍ ഖാന്‍ എന്ന താരസുല്‍ത്താന്റെ ജീവിതപ്രമാണമാണ്. ജനങ്ങളാണ് യഥാര്‍ഥ താരത്തെ സൃഷ്ടിക്കുന്നതെന്നും സല്‍മാന്‍ ഖാന്‍ എന്ന മനുഷ്യന്റെ ജീവിതം നമ്മളെ പഠിപ്പിക്കുന്നു.