

ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ നായകനാകുന്ന പുതിയ വാർ ഡ്രാമ ചിത്രം 'മാതൃഭൂമി'യിലെ പുതിയ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. 'ജയ് ഹിന്ദ്' എന്ന് പേരിട്ടിരിക്കുന്ന ഈ ദേശഭക്തി ഗാനത്തിനു സംഗീതം നൽകിയിരിക്കുന്നത് ഹിമേഷ് രേഷാമിയയാണ്. സമീറിന്‍റെ വരികൾക്ക് സ്റ്റെബിൻ ബെൻ ആണ് ശബ്ദം നൽകിയിരിക്കുന്നത്.
പൂർണമായും ദേശഭക്തി തുളുമ്പുന്നതാണ് ഗാനം. സൽമാൻ ഖാനും ഹിമേഷ് രേഷാമിയയും മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. വലിയ മുതൽമുടക്കിൽ ചിത്രീകരിച്ചിരിക്കുന്ന മ്യൂസിക് വീഡിയോയിൽ സൽമാൻ ഖാൻ സൈനിക യൂണിഫോമിൽ മറ്റ് ഉദ്യോഗസ്ഥരെ മുന്നിൽനിന്നു നയിക്കുന്നതു കാണാം. യുദ്ധക്കളത്തിലെ വിജയങ്ങൾക്കപ്പുറം സൈനികരുടെ കഠിനമായ ജീവിത യാഥാർഥ്യങ്ങളും കുടുംബങ്ങളുടെ കാത്തിരിപ്പും ഗാനം മനോഹരമായി അടയാളപ്പെടുത്തുന്നുണ്ട്.
അപൂർവ ലാഖിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചിത്രാംഗദ സിങ്ങാണ് നായികയായി എത്തുന്നത്. സെയ്ൻ ഷാ, അഭിശ്രീ സെൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. യഥാർഥ ജീവിതത്തിലെ സൈനികരുടെ വീര്യം പശ്ചാത്തലമാക്കിയൊരുക്കുന്ന ചിത്രം സൽമാൻ ഖാൻ ഫിലിംസിന്‍റെ ബാനറിലാണ് നിർമിച്ചിരിക്കുന്നത്. നേരത്തെ 'ബാറ്റിൽ ഓഫ് ഗാൽവാൻ' എന്ന പേരിട്ടിരുന്ന ചിത്രം പിന്നീട് റീഷൂട്ടുകൾക്ക് ശേഷമാണ് 'മാതൃഭൂമി: മേ വാർ റെസ്റ്റ് ഇൻ പീസ്' എന്ന പേരിൽ മാറ്റിയത്. സെൻസർ ബോർഡ് നടപടികൾ പുരോഗമിക്കുന്ന ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.