

സിനിമ ഒരു സ്വപ്നമായിരുന്നില്ല റാണി മുഖർജിക്ക്. യാദൃച്ഛികമായി ക്യാമറയ്ക്കു മുന്നിലെത്തിയ ആ പെൺകുട്ടി ഇന്ന് ഇന്ത്യൻ സിനിമയിലെ പകരംവയ്ക്കാനില്ലാത്ത അഭിനേത്രിയായി മാറിക്കഴിഞ്ഞു. തന്റെ സിനിമാ ജീവിതത്തിന്റെ മുപ്പതാം വർഷത്തിൽ 'മർദാനി 3' യുമായി എത്തുമ്പോൾ, ഏറെ പറയാനുണ്ട് ബോളിവുഡ് സൂപ്പർ താരത്തിന്.
1997-ൽ 'രാജാ കി ആയേഗി ബാരാത്ത്' എന്ന ചിത്രത്തിലൂടെയായിരുന്നു റാണി മുഖർജിയുടെ അരങ്ങേറ്റം. മൂന്നു പതിറ്റാണ്ടുകൾക്കിപ്പുറം തിരിഞ്ഞു നോക്കുമ്പോൾ റാണിക്കു പറയാനുള്ളത് ഒന്നേയുള്ളൂ: 'മുപ്പത് വർഷം മുമ്പ് സെറ്റിലേക്ക് നടന്നു കയറുമ്പോൾ വലിയ നടി ആകണമെന്ന മോഹമൊന്നും എനിക്കുണ്ടായിരുന്നില്ല. ഇന്നും ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ ഡയലോഗുകൾ മറന്നുപോകുമോ എന്നു പേടിക്കുന്ന ആ പഴയ പെൺകുട്ടി തന്നെയാണു ഞാൻ...'
ബ്ലാക്ക്, സാഥിയ, ബണ്ടി ഔർ ബബ്ലി, നോ വൺ കിൽഡ് ജെസീക്ക തുടങ്ങിയവ റാണിയുടെ ജീവിതത്തെയും കരിയറിനെയും സ്വാധീനിച്ച സിനിമകളാണ്. സിനിമ എന്നത് വെറും ഗ്ലാമറല്ല, മറിച്ച് സമൂഹത്തോടുള്ള ഉത്തരവാദിത്തമാണെന്ന് ഈ ചിത്രങ്ങൾ തന്നെ പഠിപ്പിച്ചുവെന്ന് താരം വിശ്വസിക്കുന്നു. അമ്മയായതിനു ശേഷം, താൻ സെലക്ടീവ് ആയെന്നും റാണി പറഞ്ഞു. ഹിച്ച്കി, നാഷണൽ അവാർഡ് നേടിക്കൊടുത്ത മിസിസ് ചാറ്റർജി വേഴ്സസ് നോർവേ എന്നീ ചിത്രങ്ങൾ ഈ മാറ്റത്തിന്റെ ഉദാഹരണങ്ങളാണ്. വികാരങ്ങൾക്കും സത്യസന്ധതയ്ക്കും അതിരുകളില്ലെന്ന് ഈ ചിത്രങ്ങൾ ലോകത്തിന് കാട്ടിക്കൊടുത്തു.
ജനുവരി 30-ന് പുറത്തിറങ്ങുന്ന 'മർദാനി 3' റാണിയെ സംബന്ധിച്ചിടത്തോളം കേവലം ഒരു സിനിമയല്ല, അതൊരു നിയോഗമാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഫീമെയിൽ ലീഡ് ഫ്രാഞ്ചൈസിയായ മർദാനിയിലെ ധീരയായ പോലീസ് ഓഫീസർ ശിവാനി ശിവജി റോയ് വീണ്ടും എത്തുമ്പോൾ ആരാധകർ വലിയ പ്രതീക്ഷയിലാണ്. ആദിത്യ ചോപ്ര നിർമിച്ച് അഭിരാജ് മിനാവാല സംവിധാനം ചെയ്യുന്ന മൂന്നാം ഭാഗം സമൂഹത്തിലെ ക്രൂരമായ ചില യാഥാർഥ്യങ്ങളെയാണ് തുറന്നുകാട്ടുന്നത്.
പരാജയങ്ങളെയും വിജയങ്ങളെയും ഒരുപോലെ സ്വീകരിച്ച റാണി മുഖർജി തന്റെ മുപ്പതാം വർഷത്തിലും പ്രേക്ഷകരോട് കടപ്പെട്ടിരിക്കുന്നു. 'നിങ്ങളില്ലെങ്കിൽ ഞാനില്ല...' എന്ന വാചകത്തോടെ തന്റെ സിനിമായാത്രയുടെ അടുത്ത അധ്യായത്തിലേക്കു കടക്കുകയാണ് ബോളിവുഡ് റാണി.