

ലോകപ്രശസ്ത മാഗസിനായ ടൈം തയാറാക്കിയ 2026 ലെ സ്വാധീനശക്തിയുള്ള 100 വ്യക്തികളുടെ പട്ടികയിൽ ബോളിവുഡ് താരം രൺബീർ കപുർ ഇടംപിടിച്ചു. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, പ്രശസ്ത ഷെഫ് വികാസ് ഖന്ന എന്നിവർക്കൊപ്പം ഈ പട്ടികയിൽ ഇടംനേടിയ ഏക ഇന്ത്യൻ നടനാണ് രൺബീർ. ബ്ലേക്ക് ലൈവ്ലി, ബെൻ സ്റ്റില്ലർ തുടങ്ങിയ പ്രമുഖ ഹോളിവുഡ് താരങ്ങളും ഇത്തവണത്തെ ടൈം പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
രൺബീറിന്റെ ഈ നേട്ടത്തെ അഭിനന്ദിച്ചുകൊണ്ട് നടൻ ആയുഷ്മാൻ ഖുറാന ടൈം മാഗസിനിൽ ഒരു കുറിപ്പെഴുതിയിട്ടുണ്ട്. രൺബീർ വെറുമൊരു ചലച്ചിത്രതാരം മാത്രമല്ലെന്നും ഇന്ത്യയുടെ ഇതിഹാസ കഥകളെ ആഗോള പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുന്ന സവിശേഷവ്യക്തിയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. മാറുന്ന ഇന്ത്യയുടെ സംവേദനക്ഷമതയെയും ലളിതമായ സത്യസന്ധതയെയും രൺബീർ പ്രതിനിധീകരിക്കുന്നുവെന്നും ആയുഷ്മാൻ കൂട്ടിച്ചേർത്തു.
രൺബീർ കപുർ ശ്രീരാമനായി വേഷമിടുന്ന രാമായണം എന്ന ചിത്രത്തെക്കുറിച്ചുള്ള വലിയ പ്രതീക്ഷകൾക്കിടയിലാണ് ഈ അംഗീകാരം തേടിയെത്തുന്നത്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം നാലായിരം കോടി രൂപയുടെ ബൃഹത്തായ ബജറ്റിലാണ് ഒരുങ്ങുന്നത്. സായ് പല്ലവി സീതയായും, യാഷ് രാവണനായും, സണ്ണി ഡിയോൾ ഹനുമാനായും ചിത്രത്തിൽ വേഷമിടുന്നു.
രണ്ടു ഭാഗങ്ങളായി റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ഒക്ടോബറിൽ ദീപാവലി റിലീസായി പുറത്തിറങ്ങും. രണ്ടാം ഭാഗം 2027 ദീപാവലിക്കാണ് റിലീസ് ചെയ്യുക.