

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ'യിൽ ശ്രീരാമനായി രൺബീർ കപുർ എത്തുന്നത് വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. ഇതിനിടെ, കാസ്റ്റിങ്ങിനെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ പരമ്പരയായ 'രാമായണ'യുടെ സംവിധായകൻ രാമാനന്ദ് സാഗറിന്റെ ചെറുമകൻ ശിവ് സാഗർ. ശ്രീരാമനേക്കാൾ ശ്രീകൃഷ്ണന്റെ വേഷമാണ് രൺബീർ കപുറിനു അനുയോജ്യമെന്ന് ശിവ് സാഗർ അഭിപ്രായപ്പെട്ടു.
ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ വ്യക്തിപരമായ അഭിപ്രായം വ്യക്തമാക്കിയത്. നേരത്തെ രൺബീർ കപുറിനെ ശ്രീരാമനായി സങ്കൽപ്പിക്കാൻ സാധിക്കില്ലെന്നും 'അനിമൽ' എന്ന സിനിമയിലെ റൺബീറിന്റെ പ്രകടനത്തിനുശേഷം അദ്ദേഹത്തെ രാമന്റെ വേഷത്തിൽ കാണാൻ തനിക്ക് വ്യക്തിപരമായി പ്രയാസമുണ്ടെന്നും ശിവ് സാഗർ അഭിപ്രായപ്പെട്ടിരുന്നു.
ശ്രീരാമൻ എന്നാൽ മര്യാദാ പുരുഷോത്തമനും ഗൗരവവും അച്ചടക്കവും ശാന്തതയും നിറഞ്ഞ കഥാപാത്രവുമാണ്. എന്നാൽ ശ്രീകൃഷ്ണൻ കുസൃതിയും ലീലകളും നിറഞ്ഞ ഭാവങ്ങളുള്ള ആളാണ്. ഒരു നടനെന്ന നിലയിൽ രൺബീറിന്റെ സവിശേഷതകൾ കൃഷ്ണന്റെ കഥാപാത്രത്തിന് കൂടുതൽ യോജിക്കുന്നതാണെന്ന് തനിക്ക് തോന്നുന്നുവെന്ന് ശിവ് സാഗർ പറഞ്ഞു. ഇത് രൺബീറിന്റെ അഭിനയശേഷിയെ ചോദ്യം ചെയ്യുന്നതല്ലെന്നും, തന്റെ മനസിലുള്ള ശ്രീരാമന്റെ പ്രതിച്ഛായയെ അടിസ്ഥാനമാക്കിയാണ് ഇത് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കപുർ കുടുംബവുമായി സാഗർ കുടുംബത്തിന് വർഷങ്ങളുടെ ഊഷ്മള ബന്ധമുണ്ടെന്നും രൺബീറിനോട് വ്യക്തിപരമായി യാതൊരു എതിർപ്പുമില്ലെന്നും ശിവ് സാഗർ കൂട്ടിച്ചേർത്തു. സായ് പല്ലവി സീതയായും യാഷ് രാവണനായും എത്തുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും.