

നിലവിൽ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടുകളുമായി തിരക്കിലാണ് ബോളിവുഡ് താരം രൺബീർ കപൂർ. എന്നാൽ അഭിനയത്തിനപ്പുറം പുതിയൊരു മേഖലയിൽ ചുവടുവയ്ക്കാനുള്ള ഒരുക്കത്തിലാണ് താരം. സംവിധായകനാകാനുള്ള ആഗ്രഹം വെളിപ്പെടുത്തിയ രൺബീർ, അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ആദ്യ ചിത്രം സംവിധാനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു. 'രാമായണ'യുടെ പ്രചാരണത്തിനിടെ അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു തിരക്കഥ എഴുതിത്തുടങ്ങിയതായും ആശയങ്ങൾ പതുക്കെ വികസിപ്പിച്ചുവരികയാണെന്നും രൺബീർ വെളിപ്പെടുത്തി. എഴുത്തുകാരോടും സംവിധായകരോടും തനിക്ക് വലിയ ആദരവാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആളുകളെ ഒരുമിപ്പിച്ച് സമ്പൂർണമായൊരു കഥ പറയാനുള്ള അവസരമാണ് സംവിധാനത്തിലൂടെ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ അഭിനയത്തിൽനിന്ന് വ്യത്യസ്തമായൊരു സർഗാത്മക അനുഭവമായാണ് സംവിധാനത്തെ കാണുന്നതെന്നും താരം വ്യക്തമാക്കി.
ഏത് തരത്തിലുള്ള സിനിമയാണ് സംവിധാനം ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് പ്രത്യേകിച്ച് ഒരു ജോണറും മനസ്സിലില്ലെന്നായിരുന്നു രൺബീറിന്റെ മറുപടി. എന്നാൽ പ്രേക്ഷകർക്ക് സന്തോഷം പകരുന്ന കുടുംബചിത്രങ്ങളോടും ജീവിതത്തോട് ചേർന്നുനിൽക്കുന്ന കഥകളോടുമാണ് കൂടുതൽ താല്പര്യം. 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ', 'ഇറ്റ്സ് എ വണ്ടർഫുൾ ലൈഫ്', രാജ്കുമാർ ഹിരാനിയുടെ ചിത്രങ്ങൾ എന്നിവ തന്റെ പ്രിയപ്പെട്ട സിനിമകളാണെന്നും അദ്ദേഹം പറഞ്ഞു.
അഭിനയജീവിതത്തെക്കുറിച്ചും അഭിമുഖത്തിൽ രൺബീർ നടത്തിയ പരാമർശം ശ്രദ്ധേയമായി. ഒരു നടനെന്ന നിലയിൽ തന്റെ കരിയറിലെ അവസാന ദശകമാണിതെന്നാണ് താരം പറഞ്ഞത്. നിലവിൽ ഏറ്റെടുത്തിരിക്കുന്ന ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷമായിരിക്കും സംവിധാനത്തിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. 'ബ്രഹ്മാസ്ത്ര 2', 'അനിമൽ 2', 'രാമായണ രണ്ടാം ഭാഗം' എന്നിവയാണ് പൂർത്തിയാക്കാനുള്ള പ്രധാന പ്രോജക്ടുകൾ. തന്റെ ആദ്യ സംവിധാനചിത്രത്തിൽ അഭിനയിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും രൺബീർ വ്യക്തമാക്കി.
അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ആദ്യ ചിത്രം ചിത്രീകരണം ആരംഭിക്കാനാകുമെന്നാണ് താരത്തിന്റെ പ്രതീക്ഷ. നേരത്തേ അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുള്ള രൺബീറിന്റെ പുതിയ വെളിപ്പെടുത്തലുകൾ, സംവിധായകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റത്തെക്കുറിച്ചുള്ള ആകാംക്ഷ വർധിപ്പിച്ചിരിക്കുകയാണ്.