

ബോളിവുഡ് താരം രൺബീർ കപുറിന്റെ 44-ാം പിറന്നാൾ ആഘോഷമാക്കി ആരാധകരും ചലച്ചിത്ര ലോകവും. അണിയറയിലൊരുങ്ങുന്ന രൺബീർചിത്രമായ 'ലവ് ആന്റ് വാറി'ന്റെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയും സഹതാരങ്ങളായ ആലിയ ഭട്ടും വിക്കി കൗശലും ചേർന്ന് സിനിമാറ്റിക് ശൈലിയിലാണ് പിറന്നാൾ ആശംസകൾ നേർന്നത്.
'ഇന്ന് സ്നേഹം മാത്രം,യുദ്ധമില്ല! പിറന്നാൾ ആശംസകൾ രൺബീർ' എന്ന കുറിപ്പോടെ, ബൻസാലി പ്രൊഡക്ഷൻസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് ആശംസയും ചിത്രവും പങ്കിട്ടത്. ചിത്രത്തിൽ രൺബീറിനൊപ്പം സഞ്ജയ് ലീല ബൻസാലി, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവരാണുള്ളത്. 'ലവ് ആന്റ് വാർ' 2027 ജനുവരി 21-ന് ആണ് തിയേറ്ററുകളിലെത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ ആകർഷകമായ പോസ്റ്ററുകൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ബൻസാലിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായി ഒരുങ്ങുന്ന ഈ സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് പൂർത്തിയായത്. പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ച ചിത്രത്തിൽ രൺബീറും വിക്കി കൗശലും വ്യോമസേനാ ഉദ്യോഗസ്ഥരായാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. നിതേഷ് തിവാരിയുടെ ഇതിഹാസ കാവ്യചിത്രമായ 'രാമായണ' ആണ് രൺബീറിന്റേതായി റിലീസിനൊരുങ്ങുന്ന അടുത്ത പ്രധാന ചിത്രം.