'രാമായണ'ത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ ജൂലായ് 24-ന്; ആരാധകര്‍ക്കായി പ്രത്യേക പ്രിവ്യൂ

'രാമായണം' ടീസറിൽ നിന്ന്
'രാമായണം' ടീസറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on

ഇന്ത്യന്‍ സിനിമാചരിത്രത്തിലെ ഏറ്റവും വലിയ ദൃശ്യവിസ്മയമായി ഒരുങ്ങുന്ന നിതേഷ് തിവാരി ചിത്രം 'രാമായണ'ത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കു തുടക്കമായി. ശനിയാഴ്ച ഡല്‍ഹിയില്‍ നടന്ന ചടങ്ങിൽ, ഔദ്യോഗിക ട്രെയിലര്‍ ജൂലായ് 24-ന് ലോകമെമ്പാടുമായി റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചു.

ആരാധകര്‍ക്കായി പ്രത്യേക ട്രെയിലര്‍ പ്രിവ്യൂ നടത്തുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. ജൂലായ് 24-ന് ട്രെയിലര്‍ പൊതുജനങ്ങളിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പ്, രാജ്യത്തെ 20 പ്രധാന നഗരങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ആരാധകര്‍ക്കും കണ്ടന്റ് ക്രിയേറ്റേഴ്‌സിനും മാത്രമായി ചിത്രത്തിന്റെ ട്രെയിലര്‍ മുന്‍കൂട്ടി കാണാനുള്ള പ്രത്യേക പ്രിവ്യൂ സൗകര്യം അണിയറപ്രവര്‍ത്തകര്‍ ഒരുക്കുന്നുണ്ട്.

Must Read
4000 കോടിയുടെ ദൃ​ശ്യാ​നു​ഭ​വം; ആഘോഷമായി 'രാ​മാ​യ​ണ'ത്തിന്‍റെ അമേരിക്കൻ പ്രദർശനം
'രാമായണം' ടീസറിൽ നിന്ന്

സിനിമയുടെ ഭാഗമായി സംഘടിപ്പിച്ച 'രാമായണ സ്‌കൂള്‍ പ്രോഗ്രാമിലൂടെ' ഇന്ത്യയിലെ അഞ്ഞൂറിലധികം സ്‌കൂളുകളിലെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളിലേക്ക് രാമായണത്തിന്റെ മൂല്യങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞതായി നിര്‍മാതാക്കള്‍ അറിയിച്ചു. ഈ മത്സരങ്ങളില്‍ വിജയികളായവരിൽനിന്ന് തിരഞ്ഞെടുത്ത കുട്ടികളെ ശനിയാഴ്ച ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുപ്പിക്കുകയും ചെയ്തു.

'ഇന്ത്യയിലെ ഏറ്റവും മികച്ച കഥകള്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെടേണ്ടതുണ്ട്. രാമായണം കേവലമൊരു പുരാണകഥ മാത്രമല്ല, തലമുറകളായി കൈമാറിവന്ന നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. ഇന്നത്തെ അത്യാധുനിക സാങ്കേതികവിദ്യയുടെയും പ്രതിഭകളുടെയും സഹായത്തോടെ ഇതിഹാസത്തെ അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും ഗംഭീരമായി അവതരിപ്പിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും...' - പ്രൈം ഫോക്കസ് സ്റ്റുഡിയോസിന്റെ സ്ഥാപകനും ചിത്രത്തിന്റെ നിര്‍മാതാവുമായ നമിത് മല്‍ഹോത്ര വ്യക്തമാക്കി.

'രാമായണം' ടീസറിൽ നിന്ന്
'രാമായണം' ടീസറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ചിത്രത്തിലെ ഓരോ രംഗവും അതീവ ആധികാരികതയോടും ആദരവോടും വൈകാരികമായ ആഴത്തോടും കൂടിയാണ് ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ നിതേഷ് തിവാരി പറഞ്ഞു. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകര്‍ഷിക്കുന്ന സാര്‍വത്രികമായ മൂല്യങ്ങളാണ് രാമായണത്തിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്‍ബീര്‍ കപുര്‍ (ശ്രീരാമന്‍), സായ് പല്ലവി (സീത), യാഷ് (രാവണന്‍), സണ്ണി ഡിയോള്‍ (ഹനുമാന്‍) എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ അരുണ്‍ ഗോവില്‍, ശോഭന, അജിങ്ക്യ ദേവ്, കുനാല്‍ കപുര്‍, രാകുല്‍ പ്രീത് സിങ്, രവി ദുബെ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

'രാമായണം' പോസ്റ്റർ
'രാമായണം' പോസ്റ്റർഅറേഞ്ച്ഡ്

ആഗോള നിലവാരത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഓസ്‌കാര്‍ ജേതാക്കളായ ഹാന്‍സ് സിമ്മറും എ.ആര്‍. റഹ്‌മാനും ചേര്‍ന്നാണ് എന്നത് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, ഡിനെഗ്, യാഷിന്റെ മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഒന്നാം ഭാഗം വരാനിരിക്കുന്ന ദീപാവലി ഉത്സവ സീസണിലും, രണ്ടാം ഭാഗം അടുത്ത വര്‍ഷം ഇതേ സീസണിലും തിയേറ്ററുകളിലെത്തും.

Pappappa
pappappa.com