

ഇന്ത്യൻ ചലച്ചിത്രലോകം ഒന്നടങ്കം ഉറ്റുനോക്കുന്ന നിതീഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം 'രാമായണ'ത്തിന്റെ ആദ്യഘട്ട പ്രത്യേക പ്രദർശനം അഘോഷമായി. രൺബീർ കപുർ, സായ് പല്ലവി, യാഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം പ്രഖ്യാപനം മുതൽക്കേ വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. അമേരിക്കയിലെ ലോസ് ഏഞ്ചൽസിലുള്ള സിനിമാർക്ക് പ്ലായ വിസ്റ്റയിലായിരുന്നു രാമായണത്തിന്റെ പ്രത്യേക പ്രദർശനം.
തിരഞ്ഞെടുത്ത പ്രേക്ഷകർക്കായി നടത്തിയ പ്രദർശനത്തിൽ, അതിശയിപ്പിക്കുന്ന പ്രതികരണങ്ങളാണ് പ്രേക്ഷകർ പങ്കുവച്ചത്. സിനിമയുടെ ആഖ്യാനശൈലിയും ദൃശ്യമികവുമാണ് പ്രേക്ഷകരെ ഏറെ ആകർഷിച്ചത്. പുരാണകഥയുടെ തനിമ ചോരാതെ തന്നെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരുക്കിയ വിഷ്വൽ ഇഫക്ടുകൾ ഹോളിവുഡ് നിലവാരത്തിലുള്ളതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 18 മുതൽ 60 വയസു വരെ പ്രായത്തിലുള്ളവർ ഈ പ്രത്യേക പ്രദർശനത്തിൽ പങ്കെടുത്തു.
ഇന്ത്യൻ ചലച്ചിത്രചരിത്രത്തിലെ ഏറ്റവും ചിലവേറിയ പ്രോജക്ട് ആണ് 'രാമായണം'. ഏകദേശം 4,000 കോടി രൂപയുടെ ബജറ്റിലാണ് രണ്ടു ഭാഗമുള്ള ചിത്രം നിർമിക്കുന്നത്. രൺബീർ കപുർ ശ്രീരാമനായും, സായ് പല്ലവി സീതയായും എത്തുമ്പോൾ രാവണനായി കന്നഡ സൂപ്പർതാരം യാഷ് വേഷമിടുന്നു. കൂടാതെ ഹനുമാനായി സണ്ണി ഡിയോളും ലക്ഷ്മണനായി രവി ദുബെയും സ്ക്രീനിലെത്തും. വൻ താരനിരയും സിനിമയുടെ പശ്ചാത്തലവും ബോക്സ് ഓഫീസിൽ വലിയ വിപ്ലവം സൃഷ്ടിക്കുമെന്നാണ് അണിയറക്കാരുടെ ആത്മവിശ്വാസം.
രണ്ടു ഭാഗങ്ങളായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒന്നാം ഭാഗം ഈ വർഷം ദീപാവലിക്ക് തിയറ്ററുകളിലെത്തും. ഇതിന്റെ മുന്നോടിയായി മാർച്ച് 26-ന് രാമനവമി ദിനത്തിൽ സിനിമയുടെ ആദ്യ ടീസർ പുറത്തുവിടാൻ തയാറെടുക്കുകയാണ് അണിയറക്കാർ. രണ്ടാം ഭാഗം 2027 ദീപാവലിക്ക് റിലീസ് ചെയ്യാനാണ് നിലവിലെ തീരുമാനം.