

ബോളിവുഡ് താരം രൺബീർ കപുറിനെ നായകനാക്കി നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ പാർട്ട് 1' തീരുമാനിച്ചതിലും ഒരു ദിവസം മുമ്പേ തിയേറ്ററുകളിലെത്തിയേക്കുമെന്ന് റിപ്പോർട്ട്. നവംബർ ആറിനു റിലീസ് ചെയ്യാനിരുന്ന ചിത്രം നവംബർ അഞ്ചിനുതന്നെ ആഗോളതലത്തിൽ പ്രദർശനത്തിനെത്തിക്കാൻ അണിയറപ്രവർത്തകർ ആലോചിക്കുന്നതായി ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലും വിദേശ വിപണിയിലും ഒരേ ദിവസം തന്നെ ചിത്രം റിലീസ് ചെയ്യാനാണ് നിർമാതാക്കളുടെ പദ്ധതി. പുതിയ തിയതി അണിയറപ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും. ഇതിഹാസകാവ്യം രാമായണത്തെ ആസ്പദമാക്കി രണ്ടു ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. ഒന്നാം ഭാഗം ഈ വർഷവും, രണ്ടാം ഭാഗം 2027 ദീപാവലിക്കും തിയേറ്ററുകളിലെത്തും.
രാജ്യാന്തര വിപണികളില്‍ വെള്ളിയാഴ്ച അടിസ്ഥാനമാക്കിയാണ് സിനിമകളുടെ പ്രദര്‍ശനം ആരംഭിക്കുന്നത്. അതിനാലാണ് നവംബര്‍ ആറ് വെള്ളിയാഴ്ച വിദേശ രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചത്. എന്നാല്‍ ഇന്ത്യയില്‍ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നവംബര്‍ എട്ടിനാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രേക്ഷകര്‍ക്ക് ദീപാവലി റിലീസായി ചിത്രം എത്തിക്കാനായിരുന്നു ലക്ഷ്യം. ഇതിനുപുറമെ, നവംബര്‍ അഞ്ചിന് വിദേശത്ത് പ്രത്യേക പെയ്ഡ് പ്രിവ്യൂകളും സംഘടിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു.
രൺബീർ കപുർ ശ്രീരാമനായി എത്തുമ്പോൾ സീതയായി സായ് പല്ലവിയും ലക്ഷ്മണനായി രവി ദുബെയും വേഷമിടുന്നു. രാവണനായി കന്നഡ താരം യാഷും ഹനുമാനായി സണ്ണി ഡിയോളും അഭിനയിക്കുന്നു. കൈകേയിയായി ലാറ ദത്തയും ശൂർപ്പണഖയായി രാകുൽ പ്രീത് സിങ്ങും മണ്ഡോദരിയായി കാജൽ അഗർവാളും വെള്ളിത്തിരയിൽ എത്തും.