

നിതേഷ് തിവാരി സംവിധാനം ചെയ്ത 'രാമായണ' ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 1,000 കോടി രൂപ നെറ്റ് കളക്ഷന്‍ എന്ന ചരിത്ര നാഴികക്കല്ലിലേക്ക്. റിലീസ് ചെയ്ത് 22-ാം ദിനത്തില്‍ ചിത്രം ഇന്ത്യയില്‍ നിന്ന് 9.65 കോടി രൂപ നെറ്റ് കളക്ഷന്‍ നേടിയതോടെ ആകെ ആഭ്യന്തര നെറ്റ് കളക്ഷന്‍ 992.10 കോടി രൂപയായി ഉയര്‍ന്നു. 1,000 കോടി രൂപ എന്ന കടമ്പ മറികടക്കാന്‍ ചിത്രത്തിന് ഇനി വെറും 7.90 കോടി രൂപ മാത്രം മതി.
22 ദിവസത്തെ പ്രകടനത്തിലൂടെ 'രാമായണ'യുടെ ഇന്ത്യയിലെ ഗ്രോസ് കളക്ഷന്‍ 1,185 കോടി രൂപയിലെത്തിയിട്ടുണ്ട്. വിദേശ കളക്ഷനുകള്‍ കൂടി ചേരുമ്പോള്‍ ആഗോളതലത്തില്‍ ചിത്രം ഏകദേശം 1,777 കോടി രൂപയ്ക്കടുത്താണ് നേടിയിരിക്കുന്നത്. നവംബര്‍ അഞ്ചിന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി തിയേറ്ററുകളിലെത്തിയ ചിത്രം, മൂന്നാം ആഴ്ചയിലെ പ്രദര്‍ശനങ്ങളും പൂര്‍ത്തിയാക്കിയാണ് നാലാം ആഴ്ചയിലേക്ക് കടക്കുന്നത്.
22-ാം ദിനത്തിലെ കളക്ഷനില്‍ പ്രധാന പങ്കും ഹിന്ദി പതിപ്പില്‍ നിന്നാണ്; 6.75 കോടി രൂപ ഹിന്ദിയില്‍ നിന്ന് ലഭിച്ചു. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ മലയാളം പതിപ്പ് ഒരു കോടി രൂപ നേടിയപ്പോള്‍, കന്നഡ 85 ലക്ഷവും, തമിഴ് 75 ലക്ഷവും, തെലുങ്ക് 30 ലക്ഷവും കളക്ട് ചെയ്തു. ഇതുവരെയുള്ള ആകെ നെറ്റ് കളക്ഷനില്‍ 752.65 കോടി രൂപ ഹിന്ദി പതിപ്പില്‍ നിന്നാണ്. കന്നഡ 78.65 കോടി, തെലുങ്ക് 57.90 കോടി, മലയാളം 53.30 കോടി, തമിഴ് 49.60 കോടി എന്നിങ്ങനെയാണ് മറ്റ് ഭാഷകളിലെ കളക്ഷന്‍.
ആദ്യ ആഴ്ചകളിലെ വന്‍ കുതിപ്പിനുശേഷം കളക്ഷനില്‍ നേരിയ കുറവ് വന്നിട്ടുണ്ടെങ്കിലും, 20-ാം ദിനത്തില്‍ ടിക്കറ്റ് നിരക്കില്‍ നല്‍കിയ ഇളവുകള്‍ ചിത്രത്തിന് താല്‍ക്കാലിക ഉണര്‍വ് നല്‍കിയിരുന്നു. അതേസമയം, ചിത്രത്തിലെ ചില രംഗങ്ങള്‍ നീക്കം ചെയ്യണമെന്നും പ്രദര്‍ശനം താല്‍ക്കാലികമായി തടയണമെന്നും ആവശ്യപ്പെട്ട് ഉയര്‍ന്ന പരാതികളും നിയമനടപടികളും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്.
രണ്‍ബീര്‍ കപുര്‍, സായ് പല്ലവി, യഷ്, രവി ദുബെ, സണ്ണി ഡിയോള്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഇതിഹാസ ചിത്രത്തിന്റെ അടുത്ത ഭാഗം 2028-ലാണ് പുറത്തിറങ്ങുന്നത്.