

ചരിത്രവിജയമായി മാറിയ 'രാമായണ' സിനിമയുടെ അണിയറപ്രവർത്തകർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ ചിത്രത്തിലെ പ്രധാന താരങ്ങളായ രൺബീർ കപുർ, സായ് പല്ലവി, സംവിധായകൻ നിതേഷ് തിവാരി, നിർമാതാവ് നമിത് മൽഹോത്ര എന്നിവർ പങ്കെടുത്തു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ അമിത് ഷാ പിന്നീട് സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചു. ഇതിന് സായ് പല്ലവി നൽകിയ പ്രതികരണവും ശ്രദ്ധ നേടി.
പ്രൈം ഫോക്കസിന്റെ ബിസിനസ് മേധാവി നിരജ് സാംഗായിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അമിത് ഷാ കുറിച്ചത് ഇങ്ങനെ: 'ന്യൂഡൽഹിയിൽ 'രാമായണം' സിനിമയുടെ അണിയറപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി. ആധുനിക ചലച്ചിത്ര സാങ്കേതികവിദ്യയിലൂടെ കർത്തവ്യം, ത്യാഗം, സത്യസന്ധത എന്നീ മൂല്യങ്ങൾ പുതിയ തലമുറയിലേക്ക് എത്തിക്കാനുള്ള ഈ നൂതന സംരംഭത്തിന് മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. ധർമത്തിന്റെ മൂർത്തീഭാവമായ ഭഗവാൻ ശ്രീരാമൻ തന്റെ ജീവിതത്തിലൂടെ ഈ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു.'
അമിത് ഷായുടെ പോസ്റ്റിന് മറുപടിയുമായി സായ് പല്ലവിയും രംഗത്തെത്തി. 'രാമായണ'ത്തിൽ സീതയായി വേഷമിടുന്ന താരം, 'അമിത് ഷാ ജി, താങ്കളുടെ വിലയേറിയ സമയത്തിനും അഭിനന്ദനങ്ങൾക്കും ഒരുപാട് നന്ദി... ഇത് തീർച്ചയായും വലിയൊരു ബഹുമതിയാണ്' എന്ന് കുറിച്ചു.
നേരത്തെ രൺബീർ കപുർ, നമിത് മൽഹോത്ര, നിതേഷ് തിവാരി എന്നിവർ ഡൽഹിയിലെ ഗുരുദ്വാര ബംഗ്ലാ സാഹിബ് സന്ദർശിച്ച് പ്രാർഥന നടത്തിയിരുന്നു. ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് അംഗമായ ബുപീന്ദർ സിങ് ഭുള്ളറാണ് സന്ദർശനത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. ഗുരുദ്വാരയിലെത്തിയ രൺബീർ കപൂർ ആചാരാനുഷ്ഠാനങ്ങളിൽ പങ്കെടുത്തശേഷം പ്രാർഥന നടത്തി.