

ബോളിവുഡ് സിനിമാ ലോകം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന നിതീഷ് തിവാരി ചിത്രം 'രാമായണം പാർട്ട് 1' ലെ തന്റെ കഥാപാത്രത്തെ ആഗോളവേദിയിൽ അവതരിപ്പിച്ച് രൺബീർ കപുർ. ലോസ് ഏഞ്ചൽസിൽ നടന്ന പ്രത്യേക ചടങ്ങിൽ ഭഗവാൻ ശ്രീരാമനെക്കുറിച്ച് രൺബീർ നടത്തിയ പ്രസംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
രൺബീറിന്റെ വാക്കുകൾ: 'നൂറ്റാണ്ടുകളായി കോടിക്കണക്കിന് ആളുകളുടെ മനസാക്ഷിയായി ശ്രീരാമൻ നിലകൊള്ളുന്നു. പ്രതിസന്ധികളെ അതിജീവിക്കാനുള്ള മനുഷ്യവീര്യത്തിന്റെ ഉദാഹരണമാണ് അദ്ദേഹം. കരുണ, ധീരത, നീതിബോധം, ക്ഷമ എന്നിവയുടെ പ്രതീകമായ അദ്ദേഹം ശരിക്കും ഒരു പുരുഷോത്തമൻ തന്നെയാണ്...'
രാമനവമി ദിനത്തിൽ ചിത്രത്തിന്റെ നിർമാതാവ് നമിത് മൽഹോത്രയാണ് രൺബീറിന്റെ ലുക്ക് റിലീസ് ചെയ്യുന്ന തീയതി പ്രഖ്യാപിച്ചത്. ഏപ്രിൽ രണ്ടിന് ഹനുമാൻ ജയന്തി പ്രമാണിച്ച് ചിത്രത്തിലെ 'രാമന്റെ' ആദ്യ രൂപം ആരാധകർക്കു മുന്നിലെത്തും. വർഷങ്ങളുടെ പ്രയത്നമാണ് ഈ ചിത്രത്തിനു പിന്നിലെന്നും അതീവ ഉത്തരവാദിത്തത്തോടെയാണ് സിനിമ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ശ്രീരാമനായി രൺബീർ കപുറും, സീതയായി സായ് പല്ലവിയും രാവണനായി യാഷും വേഷമിടുന്നു. കൂടാതെ ഹനുമാനായി സണ്ണി ഡിയോളും ലക്ഷ്മണനായി രവി ദുബെയും അഭ്രപാളിയിലെത്തുന്നു.
ഹോളിവുഡ് നിലവാരത്തിലുള്ള സാങ്കേതിക വിദ്യയിലാണ് ചിത്രം ഒരുങ്ങുന്നത്. ഓസ്കർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. "മാഡ് മാക്സ്' ഫെയിം ഗൈ നോറിസ് ആക്ഷനും, അവഞ്ചേഴ്സ് സിനിമകളിൽ പ്രവർത്തിച്ച ടെറി നോട്ടറി പെർഫോമൻസ് ക്യാപ്ചറും കൈകാര്യം ചെയ്യുന്നു. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ഇതിഹാസത്തിന്റെ ഒന്നാം ഭാഗം ഈവർഷം ദീപാവലിക്ക് തിറ്ററുകളിലെത്തും. രണ്ടാം ഭാഗം 2027-ൽ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.