

ഇന്ത്യൻ ചലച്ചിത്രലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണം'. രൺബീർ കപുർ, സായ് പല്ലവി, യാഷ് തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തിന്‍റെ ലൊക്കേഷൻ ദൃശ്യങ്ങൾ ചോർന്നതോടെ വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
റെഡിറ്റ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നത് രൺബീർ കപുർ ശ്രീരാമന്‍റെ വേഷത്തിലുള്ള ചിത്രമാണ്. ചിത്രം ലൊക്കേഷനിൽനിന്നു ചോർന്നതാണെന്നാണ് റിപ്പോർട്ട്. ഏതാണ്ട് ഒരു വർഷം മുമ്പേ റെഡിറ്റിൽ ലൊക്കേഷനിൽ നിന്നുള്ളവ എന്നുള്ള അടിക്കുറിപ്പോടെ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. പക്ഷേ കഴിഞ്ഞ ദിവസമാണ് ഇത് വീണ്ടും ചർച്ചയായത്. രൺബീറിന്റെ വിഗ്ഗ് ആണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടത്.
ധോത്തിയും പൂണൂലും ധരിച്ച താരത്തിന്‍റെ ശരീരം കറുത്ത വസ്ത്രം കൊണ്ട് മറച്ചിരിക്കുകയാണ്. എന്നാൽ ആരാധകരെ ചൊടിപ്പിച്ചത് രൺബീർ ഉപയോഗിച്ചിരിക്കുന്ന വിഗ് ആണ്.
'4000 കോടി രൂപയുടെ ബജറ്റ് ഉണ്ടായിട്ടും രൺബീർ കപുറിനു മാന്യമായ വിഗ് പോലും വാങ്ങാൻ അണിയറക്കാർക്കു കഴിഞ്ഞില്ലേ..? എന്നാണ് സോഷ്യൽ മീഡിയയിൽ പരിഹാസം കലർന്ന ചോദ്യവുമായി ആരാധകർ എത്തിയിരിക്കുന്നത്. തലമുടി, താടി-മീശ വിഭാഗങ്ങളിൽ ബോളിവുഡ് എന്നും പരാജയമാണെന്നും, ഈ ചിത്രം പ്രഭാസിന്‍റെ 'ആദിപുരുഷ്' വരുത്തിവെച്ച വൻ ദുരന്തത്തിൽനിന്ന് ഒന്നും പഠിച്ചിട്ടില്ലെന്നും സിനിമാപ്രേമികൾ കുറ്റപ്പെടുത്തുന്നു.
'ആദിപുരുഷ്' ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു. 2023-ലെ ഏറ്റവും ചിലവേറിയ ചിത്രമായിരുന്നിട്ടും കേവലം 350 കോടി മാത്രമാണ് ബോക്സ്ഓഫീസിൽനിന്നു നേടാനായത്. 'രാമായണ'വും പൂർണമായും സിജിഐ ആശ്രയിച്ചുള്ള ചിത്രമായിരിക്കുമോ എന്ന ആശങ്ക പലരും പങ്കുവയ്ക്കുന്നുണ്ട്. ബോളിവുഡിന്‍റെ ഈ പരീക്ഷണങ്ങൾ ഇതിഹാസങ്ങളെ അപമാനിക്കുന്ന രീതിയിലാകരുത് എന്നാണ് ആരാധകരുടെ പക്ഷം. ഒക്‌ടോബറിൽ, ദീപാവലിക്ക് മുന്നോടിയായി 'രാമായണം: പാർട്ട് വൺ' ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.