

ലോകമെമ്പാടും ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഗായകന്‍ നിക്ക് ജോനാസുമായുള്ള വിവാഹശേഷം താരം ഇപ്പോള്‍ അമേരിക്കയിലാണ് താമസം. താരദമ്പതികള്‍ ദീപാവലി ആഘോഷിച്ചത് ലണ്ടനിലാണ്. ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ബ്രിട്ടീഷ് വോഗുമായുള്ള അഭിമുഖത്തില്‍ തന്റെ നാടിന്റെ പാരമ്പര്യത്തെക്കുറിച്ചും ദീപാവലിയുടെ പ്രാധാന്യത്തെക്കുറിച്ചും പ്രിയങ്ക സംസാരിച്ചു. സംഭാഷണത്തിനിടെ ഭര്‍ത്താവിന് ഇഷ്ടപ്പെട്ട തന്റെ ചിത്രത്തെക്കുറിച്ചും താരം പറഞ്ഞു.
പ്രിയങ്ക അഭിനയിച്ച സിനിമകളെക്കുറിച്ച് പരിചയമില്ലാത്ത ഒരാള്‍ക്ക് ഏത് സിനിമയാണ് നിര്‍ദേശിക്കുക എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു: 'ദില്‍ ധഡക്നേ ദോ' ആണ് ഞാന്‍ കാണാന്‍ ആവശ്യപ്പെടുന്നത്. എന്റെ ഭര്‍ത്താവിനും ഈ ചിത്രം ഇഷ്ടമാണ്. അദ്ദേഹവും ഈ ചിത്രമായിരിക്കും ശുപാര്‍ശ ചെയ്യുന്നത്. നിക്ക് അധികം ബോളിവുഡ് ചിത്രങ്ങള്‍ കണ്ടിട്ടില്ല...' ഒരു പുഞ്ചിരിയോടെ പ്രിയങ്ക പറഞ്ഞു.
'ദീപാവലി ഐക്യത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമാണ്. സുഹൃത്തുക്കളുടെയും കുടുംബങ്ങളുടെയും ഒത്തുചേരല്‍ കൂടിയാണ് ദീപങ്ങളുടെ മഹോത്സവം. ഈ ഉത്സവം തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെയാണ് പ്രതിനിധീകരിക്കുന്നത്. വിചിത്രമായ ഒരു ലോകത്ത്, ഇത് എനിക്ക് വളരെയധികം ആശ്വാസം നല്‍കുന്നു...' പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
'എന്റെ വീട്ടില്‍ വളരെ മനോഹരമായ ഒരു ക്ഷേത്രം ഉണ്ട്, ഞങ്ങള്‍ പൂജകള്‍ നടത്താറുണ്ട്, പ്രത്യേകിച്ച് ദീപാവലിക്ക്. എന്റെ ധാരാളം സുഹൃത്തുക്കള്‍ പൂജകള്‍ക്കായി എന്നോടൊപ്പം ചേരാറുണ്ട്. എന്റെ സുഹൃത്തുക്കള്‍ക്ക് ഇന്ത്യന്‍ വസ്ത്രങ്ങള്‍ സമ്മാനമായി നല്‍കുന്നത് പതിവാണ്...' താരം പറഞ്ഞു. ഹോളിവുഡ് ചിത്രങ്ങളായ ദി ബ്ലഫ്, ജഡ്ജ്‌മെന്റ് ഡേ എന്നിവയാണ് പ്രിയങ്കയുടെ പുതിയ പ്രോജക്ടുകള്‍.