

അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളിൽ എത്തിയ പുതിയ ചിത്രം 'ഹൈവാൻ' ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാത്തതിൽ പ്രതികരണവുമായി സംവിധായകൻ പ്രിയദർശൻ. ഈ തിരിച്ചടിയിൽ നിരാശനായി, വ്യത്യസ്തമായ പ്രമേയങ്ങൾ പരീക്ഷിക്കുന്നതിൽനിന്ന് താൻ പിന്മാറില്ലെന്ന് പ്രിയദർശൻ വ്യക്തമാക്കി.
സെപ്റ്റംബർ 11-ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ഏകദേശം 15.08 കോടി രൂപ മാത്രമാണ് ബോക്സ് ഓഫീസിൽ നേടാനായത്. 48 വർഷം നീണ്ട ചലച്ചിത്ര ജീവിതത്തിൽ 98 സിനിമകൾ ചെയ്ത തനിക്ക് വിജയങ്ങളും പരാജയങ്ങളും പുതിയ കാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. സിനിമയിലെ ഇത്തരം തിരിച്ചടികൾ കരിയറിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദി പ്രേക്ഷകർ തന്നെ പ്രധാനമായും കോമഡി ചിത്രങ്ങളുടെ സംവിധായകനായി മാത്രമാണു കാണുന്നത്. 2000-ൽ പുറത്തിറങ്ങിയ 'ഹേരാ ഫേരി'ക്ക് ശേഷമാണ് പ്രേക്ഷകർക്കിടയിൽ ഈയൊരു കാഴ്ചപ്പാട് ശക്തമായത്. എന്നാൽ തന്റെ ബോളിവുഡ് കരിയർ ആരംഭിച്ചത് 'ഗർദിഷ്', 'വിരാസത്' തുടങ്ങിയ ഗൗരവമുള്ള സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'കാലാപാനി', 'കാഞ്ചീവരം', 'മരക്കാർ' തുടങ്ങിയ മികച്ച ചിത്രങ്ങൾ ഉദാഹരണമായി എടുത്തുപറഞ്ഞ അദ്ദേഹം, ദക്ഷിണേന്ത്യയിൽ പൊളിറ്റിക്കൽ,സീരിയസ് സിനിമകളിലൂടെ വൻ വിജയം നേടിയിട്ടുണ്ടെന്നും വ്യക്തമാക്കി.
പ്രേക്ഷകരുടെ ആവശ്യങ്ങൾ പരിഗണിച്ച് ബോളിവുഡിൽ വിനോദത്തിന് പ്രാധാന്യമുള്ള ചിത്രങ്ങൾ ചെയ്യുമെന്നും, എന്നാൽ അർഥവത്തായ പരീക്ഷണ ചിത്രങ്ങൾ ദക്ഷിണേന്ത്യയിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. അക്ഷയ് കുമാറുമായി ചേർന്ന് രണ്ട് ചിത്രങ്ങൾക്കൂടി പ്രിയദർശൻ പ്രഖ്യാപിച്ചിട്ടുണ്ട്. രമേശ് തൗറാനി നിർമിക്കുന്ന ഈ പ്രോജക്ടുകളിൽ ആദ്യത്തേത് ഒരു കോമഡി ചിത്രമാണ്. 2027 ജനുവരിയിൽ ഇതിന്റെ ചിത്രീകരണം ആരംഭിക്കും. കൂടാതെ, അക്ഷയ് കുമാർ നായകനാകുന്ന 'ഭൂത് പോലീസ് 2' എന്ന ചിത്രവും പ്രിയദർശനാണ് സംവിധാനം ചെയ്യുന്നത്.