

ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ സാമ്രാട്ട് പൃഥ്വിരാജ് എന്ന ചിത്രത്തിലെ അക്ഷയ് കുമാറിന്റെ പ്രകടനത്തെ രൂക്ഷമായി വിമർശിച്ച് നടൻ മുകേഷ് ഖന്ന രംഗത്ത്. ചരിത്രപുരുഷനായ പൃഥ്വിരാജ് ചൗഹാനെ അവതരിപ്പിക്കാൻ വെറുമൊരു വിഗ്ഗ് മാത്രം വച്ചാൽ പോരെന്നും ആ കഥാപാത്രത്തിന് ആവശ്യമായ ഗാംഭീര്യം അക്ഷയ് കുമാറിനു നൽകാൻ കഴിഞ്ഞില്ലെന്നും ഖന്ന പറഞ്ഞു.
ഒരു കഥാപാത്രമായി മാറുമ്പോൾ അതിന്റേതായ ശാരീരിക മാറ്റങ്ങളും രൂപവും അനിവാര്യമാണെന്ന് മുകേഷ് ഖന്ന ചൂണ്ടിക്കാട്ടി. താൻ അഭിനയിക്കുമ്പോൾ വേഷവിധാനത്തിനു മാത്രമായി ഒന്നര മണിക്കൂർ ചിലവഴിക്കാറുണ്ടായിരുന്നുവെന്നും ഏഴ് ഇഞ്ച് ഉയരമുള്ള കിരീടമാണ് അന്നു ധരിച്ചിരുന്നതെന്നും ഖന്ന പറഞ്ഞു. ഒരു ചരിത്ര സിനിമ ചെയ്യുമ്പോൾ അർപ്പണബോധം ആവശ്യമാണെന്നും വെറുമൊരു വേഷം കെട്ടലല്ല അതെന്നും സും ചാനലിനു നൽകിയ അഭിമുഖത്തിൽ ഖന്ന വ്യക്തമാക്കി.
അക്ഷയ് കുമാറിനെ മാത്രമല്ല, രൺവീർ സിങ് ശക്തിമാൻ ആയി എത്തുന്നതിനോടുള്ള തന്റെ വിയോജിപ്പും മുകേഷ് ഖന്ന വീണ്ടും ആവർത്തിച്ചു. രൺവീർ ഊർജസ്വലനായ നടനാണെന്ന കാര്യത്തിൽ തർക്കമില്ല. ഖിൽജിയെപ്പോലെയുള്ള വേഷങ്ങൾ അദ്ദേഹം മനോഹരമായി ചെയ്തു. എന്നാൽ ശക്തിമാൻ എന്ന കഥാപാത്രത്തിന് ആവശ്യമായ പക്വതയും ഗൗരവവും അദ്ദേഹത്തിന്റെ മുഖത്തിനില്ലെന്നാണ് ഖന്നയുടെ അഭിപ്രായം. രൺവീറിന് വേണമെങ്കിൽ വില്ലൻ കഥാപാത്രമായ തമരാജ് കിൽവിഷിനെ അവതരിപ്പിക്കാമെന്നും ഖന്ന പരിഹസിച്ചു.
നേരത്തെ സിനിമയുടെ റിലീസ് സമയത്ത് ദേശീയ മാധ്യമങ്ങളും അക്ഷയ് കുമാറിന്റെ പ്രകടനത്തെ വിമർശിച്ചിരുന്നു. അക്ഷയ് കുമാറിന്റെ സ്ഥിരം രീതികളിലൊതുങ്ങിയ പ്രകടനം ഒരു ചരിത്ര കഥാപാത്രത്തിന് അനുയോജ്യമായില്ലെന്നായിരുന്നു പ്രധാന വിമർശനം. സഞ്ജയ് ദത്ത്, സോനു സൂദ്, മാനുഷി ഛില്ലർ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
മുകേഷ് ഖന്ന നായകനായി ദൂരദർശനിൽ സംപ്രേഷണം ചെയ്ത 'ശക്തിമാൻ' ഇന്നും പ്രേക്ഷകർക്കിടയിൽ വലിയ തരംഗമാണ്. അതുകൊണ്ടുതന്നെ പുതിയ 'ശക്തിമാൻ' സിനിമയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ നിലപാടുകൾക്ക് വലിയ പ്രാധാന്യമാണു ചലച്ചിത്രലോകം നൽകുന്നത്.