

ആദിത്യ ധറിന്റെ സ്പൈ ത്രില്ലർ 'ധുരന്ധർ: ദി റിവഞ്ച്' 1500 കോടിയും കടന്ന് ബോക്സ് ഓഫീസിൽ പടയോട്ടം തുടരുമ്പോൾ, ചിത്രത്തിന്റെ കാസ്റ്റിങ്ങിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രശസ്ത കാസ്റ്റിങ് ഡയറക്ടർ മുകേഷ് ഛബ്ര. ചിത്രത്തിൽ അക്ഷയ് ഖന്ന തകർപ്പൻ പ്രകടനം കാഴ്ചവെച്ച റഹ്മാൻ ഡക്കെയ്റ്റ് എന്ന വില്ലൻ വേഷം ബോളിവുഡിലെയും തെന്നിന്ത്യയിലെയും പ്രമുഖ താരങ്ങൾ നിരസിച്ചിരുന്നു എന്ന അണിയറവാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
ചിത്രത്തിലെ വില്ലൻ വേഷത്തിനായി ആദ്യം സമീപിച്ച മൂന്ന് നടന്മാരും വിചിത്രമായ കാരണങ്ങൾ പറഞ്ഞാണ് പിന്മാറിയതെന്ന് മുകേഷ് ഛബ്ര പറയുന്നു. 'രണ്ടു ബോളിവുഡ് താരങ്ങളും ഒരു സൗത്ത് ഇന്ത്യൻ താരവുമാണ് റോൾ നിരസിച്ചത്. ഇതൊരു രൺവീർ സിങ് പടമാണെന്നും, ഒരുപാട് താരങ്ങൾ ഉള്ളതുകൊണ്ട് തങ്ങളുടെ വേഷം ശ്രദ്ധിക്കപ്പെടില്ല എന്നുമായിരുന്നു അവരുടെ പേടി. ഇന്നു സിനിമയുടെ വിജയം കാണുമ്പോൾ അവർ തീർച്ചയായും ഖേദിക്കുന്നുണ്ടാകും.'-മുകേഷ് വ്യക്തമാക്കി.
ചിത്രത്തിലെ നായകനായ 'ഹംസ'യെ അവതരിപ്പിക്കാൻ രൺവീർ അല്ലാതെ മറ്റൊരു നടനെക്കുറിച്ച് ആദിത്യ ധർ ചിന്തിച്ചിട്ടുപോലുമില്ല. സിനിമയുടെ സ്ക്രിപ്റ്റ് കേട്ട നിമിഷം തന്നെ രൺവീർ സമ്മതം മൂളുകയായിരുന്നു. ഒരു മികച്ച തിരിച്ചുവരവിനായി കാത്തിരുന്ന രൺവീറിന് ഹംസ എന്ന കഥാപാത്രം വലിയൊരു കരിയർ ബ്രേക്കാണ് സമ്മാനിച്ചത്.
രണ്ടു വർഷത്തോളം നീണ്ട കാസ്റ്റിങ് പ്രക്രിയയിലൂടെ 400 ഓളം അഭിനേതാക്കളെയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിനായി കണ്ടെത്തിയത്. സഞ്ജയ് ദത്ത്, ആർ മാധവൻ, അർജുൻ രാംപാൽ തുടങ്ങിയ വൻ താരനിര അണിനിരന്ന ധുരന്ധർ, ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.