

സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ലവ് ആന്‍ഡ് വാറി'ലെ ആലിയ ഭട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണങ്ങള്‍. റെഡ് സീക്വിന്‍ വസ്ത്രവും തലയില്‍ ഫെതര്‍ അക്സസറിയും അണിഞ്ഞ് റെട്രോ ലുക്കിലാണ് ആലിയ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്.
എന്നാല്‍ ഈ ലുക്ക് കണ്ട ആരാധകരില്‍ ചിലര്‍ ഇതിനെ 'ടോക്‌സിക്' എന്ന ചിത്രത്തിലെ കിയാര അദ്വാനിയുടെ ലുക്കുമായും രൺബീർ കപുറും അനുഷ്ക ശർമയും ഒന്നിച്ച 'ബോംബെ വെല്‍വെറ്റ്' എന്ന സിനിമയുടെ പോസ്റ്ററുമായും ഉപമിക്കുന്നുണ്ട്. 'ലവ് ആന്റ് വാർ' പോസ്റ്റര്‍ 'ടോക്‌സിക്', 'ബോംബെ വെല്‍വെറ്റ്' എന്നീ ചിത്രങ്ങളുടെ വൈബ് നല്‍കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.
അതേസമയം ആലിയയുടെ പുതിയ ലുക്കിനെ പുകഴ്ത്തിയും നിരവധി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ ലുക്ക് വളരെ ആകര്‍ഷകമാണെന്നും ചിത്രത്തിലെ കഥാപാത്രത്തിനായി കാത്തിരിക്കുന്നുവെന്നും ആരാധകര്‍ കുറിച്ചു.
രണ്‍ബീര്‍ കപുര്‍, ആലിയ ഭട്ട്, വിക്കി കൗശല്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന 'ലവ് ആന്‍ഡ് വാറി'ന്റെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായിരുന്നു. ചിത്രം 2027 ജനുവരിയില്‍ തിയേറ്ററുകളില്‍ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.