

സഞ്ജയ് ലീലാ ബൻസാലി സംവിധാനം ചെയ്യുന്ന 'ലവ് ആൻഡ് വാർ' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ പ്രധാന കഥാപാത്രമാകുന്ന ആലിയ ഭട്ടിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. കഴിഞ്ഞ ദിവസം രൺബീർ കപുറിന്റെ മാസ് ലുക്ക് പോസ്റ്റർ പങ്കുവെച്ചതിനു പിന്നാലെയാണ് അണിയറപ്രവർത്തകർ ആലിയയുടെ ഗ്ലാമറസ് പോസ്റ്റർ പുറത്തുവിട്ടത്.
ചിത്രത്തിൽ ഒരു കാബറെ നർത്തകിയുടെ വേഷത്തിലാണ് ആലിയ എത്തുന്നതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. മെറൂൺ നിറത്തിലുള്ള തിളങ്ങുന്ന വസ്ത്രമണിഞ്ഞ് നിൽക്കുന്ന ആലിയയുടെ ചിത്രത്തോടൊപ്പം 'തീയും ആളുകളുടെ ഹൃദയമിടിപ്പും!' എന്ന അടിക്കുറിപ്പോടെയാണ് കഥാപാത്രത്തെ പരിചയപ്പെടുത്തിയിരിക്കുന്നത്. 2022-ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം 'ഗംഗുഭായ് കത്തിയവാഡി'ക്കുശേഷം ആലിയയും ബൻസാലിയും ഒന്നിക്കുന്ന ചിത്രമാണിത്.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ റൊമാന്റിക് ഡ്രാമയിൽ രൺബീർ കപുർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രധാന ചിത്രീകരണം അടുത്തിടെ പൂർത്തിയായിരുന്നുവെങ്കിലും, പിന്നീടാണ് യുദ്ധരംഗങ്ങളുടെ ബാക്കി ഭാഗങ്ങൾ ചിത്രീകരിച്ചത്.
ഏകദേശം രണ്ടു വർഷത്തോളമായി നിർമാണത്തിലുള്ള ചിത്രം പല ഘട്ടങ്ങളിലായി റിലീസ് തീയതികൾ മാറ്റിയിരുന്നു. 2027 ജനുവരി 21-ന് ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് നിർമാതാക്കൾ തീരുമാനിച്ചിരിക്കുന്നത്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.