

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ വിസ്മയങ്ങളിലൊന്നായ 'ലഗാൻ' റിലീസ് ചെയ്തിട്ട് 25 വർഷം തികയുന്ന വേളയിൽ, ആരാധകരെ ഒന്നടങ്കം നോസ്റ്റാൾജിയയിലാഴ്ത്തി നായകൻ അമീർ ഖാനും നായിക റേച്ചൽ ഷെല്ലിയും വീണ്ടും ഒന്നിച്ചു. ലണ്ടൻ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ലഗാന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഇരുവരും കണ്ടുമുട്ടിയത്.
ചിത്രത്തിൽ ഭുവൻ എന്ന നായക കഥാപാത്രത്തെ സഹായിക്കുന്ന ബ്രിട്ടീഷ് യുവതി എലിസബത്ത് റസ്സലായി വേഷമിട്ട റേച്ചൽ ഷെല്ലി, അമീർ ഖാനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതോടെയാണ് ഈ അപൂർവനിമിഷം പുറംലോകമറിഞ്ഞത്. കാഷ്വൽ ലുക്കിൽ നീല ടി-ഷർട്ടും ജീൻസും ധരിച്ച് അമീർ ഖാൻ എത്തിയപ്പോൾ, അതീവ സുന്ദരിയായി വെള്ള വസ്ത്രത്തിലായിരുന്നു റേച്ചൽ എത്തിയത്.
ഇരുവരും പരസ്പരം ആലിംഗനം ചെയ്തു നിൽക്കുന്ന ചിത്രങ്ങൾ നിമിഷങ്ങൾക്കകമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. 'ലഗാന്റെ 25 വർഷങ്ങൾ. ഞായറാഴ്ച രാവിലെ നടന്ന മനോഹരമായ ഈ ആഘോഷത്തിന് അമീർ ഖാനു നന്ദി...' ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് റേച്ചൽ കുറിച്ചു.
25 വർഷം പിന്നിടുമ്പോഴും ഇന്ത്യൻ പ്രേക്ഷകരുടെ മനസിൽ ലഗാനും അതിലെ കഥാപാത്രങ്ങളും ഇന്നും പച്ചപിടിച്ചു നിൽക്കുന്നുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ചിത്രങ്ങൾക്ക് താഴെ വന്ന ആരാധകരുടെ കമന്റുകൾ. നേരത്തെ, സിനിമയുടെ 25-ാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിൽ ചിത്രം വീണ്ടും റിലീസ് ചെയ്തപ്പോൾ റേച്ചൽ ഒരു വൈകാരികമായ വീഡിയോ സന്ദേശം പങ്കുവെച്ചിരുന്നു. ചിലപ്പോഴൊക്കെ ഈ സിനിമ ഇന്നലെ കഴിഞ്ഞത് പോലെ തോന്നാറുണ്ടെന്നും, തങ്ങൾ സിനിമ നിർമിച്ചെങ്കിലും പ്രേക്ഷകരാണ് അതിന് പൂർണത നൽകിയതെന്നും താരം അന്നു പറഞ്ഞിരുന്നു.
2001-ൽ അശുതോഷ് ഗോവാരിക്കർ സംവിധാനം ചെയ്ത ലഗാൻ ഓസ്കാർ നാമനിർദേശം വരെ ലഭിച്ച അപൂർവം ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ്. ബ്രിട്ടീഷ് ഭരണകാലത്ത് നികുതി ഒഴിവാക്കാനായി ഗ്രാമീണർ ഒത്തുചേർന്ന് ബ്രിട്ടീഷുകാർക്കെതിരേ ക്രിക്കറ്റ് കളിക്കുന്നതായിരുന്നു ചിത്രത്തിന്റെ പ്രമേയം.